‘മാവേലി തമ്പുരാനെ കാത്തിരിക്കാൻ വീട്ടുമുറ്റത്ത് ആരുമില്ലാത്ത ഓണം’; 87-ാം വയസ്സിലെ ‘കുടിയേറ്റ ഓണം’
Mail This Article
കേരളത്തിൽ ഓണസദ്യ ഉണ്ണുന്നതിന് അഞ്ചര മണിക്കൂർ മുൻപേ ഓണസദ്യ ഉണ്ണാൻ കഴിയുന്ന ഒരാളാണ് ഇത്. ഏകദേശം ഒൻപതിനായിരം കിലോമീറ്റർ അകലെയിരുന്ന്, ആകാശത്തുകൂടെ പോകുന്ന വിമാനങ്ങളിലേക്ക് നോക്കി ഇതിലേതെങ്കിലും ഒന്നെങ്കിലും 10 ഡിഗ്രി അക്ഷാംശത്തിനു താഴെ, കേരളത്തിനു മീതേകൂടി ആയിരിക്കില്ലേ പോകുന്നതെന്തു ചിന്തിച്ച് അതിരുകളില്ലാത്ത ആകാശത്തുകൂടി ദേശാടനപക്ഷിയെപ്പോലെ ഓർമയിൽ ചിറകടിച്ച് അങ്ങനെ... അങ്ങനെ ഒരു ഓണം.
ജനിച്ചനാൾ മുതൽ എല്ലാ വർഷങ്ങളിലും ഞാൻ ഓണക്കാലത്ത് നാട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം മാവേലി തമ്പുരാനെ കാത്തിരിക്കാൻ വീട്ടുമുറ്റത്ത് ആരുമില്ലാത്ത ഓണം. ആറന്മുള, കുട്ടനാട്, വള്ളംകളികളില്ലാത്ത ഓണം. ഉത്രാടപ്പാച്ചിൽ കാണാൻ കഴിയാത്ത ഓണം. ഓർക്കാനേ കഴിയുന്നില്ല. ഓണത്തിന് ഉപ്പേരിയും പപ്പടവും എല്ലാം ഇവിടെയും ലഭിക്കുമെങ്കിലും മധ്യതിരുവിതാംകൂറിലെ ഓണവും വള്ളംകളിയും ഒന്നുവേറെ തന്നെ.
എൺപത്തിയേഴാം വയസ്സിൽ ഓസ്‌ട്രേലിയയിൽ മക്കളുടെ അടുത്തേക്കു കുടിയേറിയിരിക്കുന്ന പ്രവാസിയായ എനിക്ക് ഇത് ഉത്സവങ്ങളില്ലാത്ത നാട്. പെരുന്നാളുകളില്ലാത്ത നാട്. പൂരങ്ങളില്ലാത്ത നാട്.
നാട്ടിലെ ഓണത്തിന്റെ ഓർമ തന്നെ വല്ലാതെ മോഹിപ്പിക്കുന്നു. ശരിക്കും നഷ്ടബോധം എന്താണെന്ന് തിരിച്ചറിഞ്ഞത് ഓണം മനസ്സിന്റെ പടിവാതിലിൽ മുട്ടിവിളിച്ചപ്പോഴാണ്. ഇവിടെ എല്ലാം ഉണ്ടെങ്കിലും ഓണത്തിന്റെ നാട്ടരങ്ങ് ഇല്ലല്ലോ. ജീവിതത്തിൽ പലതും നഷ്ടപ്പെടുന്നു. ഓണവും നഷ്ടപ്പെട്ടു എന്ന് മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കാനേ കഴിയൂ. ഓണപ്പതിപ്പുകൾ എത്തിച്ചുതരാമെന്നു നാട്ടിലെ പ്രിയ സുഹൃത്ത് സമ്മതിച്ചതിന്റെ സന്തോഷത്തിലാണ്. ആ തപാൽ കവറിനായുള്ള കാത്തിരിപ്പിൽ കഴിഞ്ഞ കാലങ്ങളിലെ ഓണപ്പക്കാലത്തിന്റെ അക്ഷര നിറവ് മനസ്സിലൂടെ കടന്നുപോകുന്നു.
പെരുന്തേനരുവികളും കുളങ്ങളും കൈത്തോടുകളും കായലുകളും പുഴകളും കുട്ടനാടൻ നെൽപാടങ്ങളും കിഴക്കുള്ള കുന്നുകളും മലകളും മനോഹരിയാക്കുന്ന കൊച്ചു കേരളം ഇന്നു കണ്ണെത്താ ദൂരത്ത്. ഒപ്പം ഓണവും അകലെയെവിടെയോ മറ്റൊരു സമയ സീമയിൽ എന്റെ ഇന്ത്യ, എന്റെ കേരളം, എന്റെ ജന്മനാട്. ... ഗൃഹാതുരത്വത്തോടെ, ഉഷാ ഉതുപ്പിനോടു ചേർന്ന് പാടട്ടെ. 'എന്റെ കേരളം എത്ര സുന്ദരം'.