മണലിൽ വരയ്ക്കുന്ന ചിത്രങ്ങൾ

Mail This Article
ഗൾഫിൽ ഒരു ജോലി തേടിയ ഞാൻ എത്തപ്പെട്ടത് ഓയിൽ ഫീൽഡിലായിരുന്നു. ചുറ്റും മരുഭൂമികൾ മാത്രമുള്ള സൈറ്റുകളിലെ വിശ്രമ സമയം ആകെ ചെയ്യാനുള്ളത് മരുഭൂമി കാഴ്ചകളിലേയ്ക്ക് കണ്ണും കാതും കൂർപ്പിക്കുക മാത്രം. മണലിൽ ഭംഗിയുള്ള ചിത്രവേലകൾ ചെയ്തു നീങ്ങുന്ന ചില ഇഴജന്തുക്കളാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്. തുടക്കമൊക്കെ അവയെ ഞാൻ പിന്തുടരാൻ ഭയപ്പെട്ടിരുന്നു. എന്നാൽ പതിയെപ്പതിയെ ആ ചിത്ര വേലകളുടെ അറ്റം തേടി പോവുന്നതിലെ കൗതുകം എന്നെ കൊണ്ടെത്തിച്ചത് മണലിൽ മറഞ്ഞിരിക്കുന്ന ചെറിയ ചെറിയ കുഴികളിലേക്കാണ്. കത്തുന്ന ചൂടിൽ പൊരിയുന്ന മണലിൽ ഈ ജീവികൾ കുഴിക്കകത്ത് എങ്ങനെ കഴിച്ചുകൂട്ടുന്നോ എന്തോ...
അബുദാബിയിലെ മരുഭൂമികളിൽ കണ്ടു വരുന്ന മാനുകളാണ് 'ദബി'കൾ. ഇവയെ കൂടുതലായി കണ്ടു വരുന്നതിനാലാണ് ഈ പ്രദേശത്തിന് അബുദാബി അഥവാ ദബികളുടെ പിതാവ് എന്ന പേര് വന്നത് എന്നാണ് ചരിത്രം. വെള്ള നിറത്തിൽ നീളൻ കൊമ്പുകളുള്ള ഇവർ ഞങ്ങളുടെ സൈറ്റുകളിൽ ഇടക്കൊക്കെ 'ഇൻസ്‌പെക്ഷന് 'വരും. ശത്രുക്കളെ പോലെ ദൂരെ നിന്നു ഞങ്ങളെ നോക്കി നിൽക്കും. നമ്മുടെ ഒരു കാൽപ്പെരുമാറ്റം മതി ഇവ ചിതറിയോടാൻ. പലപ്പോഴും ചെറിയതും വലുതമായ മാനുകളെയും ആ കൂട്ടത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ മരുഭൂമിയിൽ ഇവർക്കും കാണുമായിരിക്കുമോ കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങൾ? ഒരു മാൻവേഗത്തിലായിരുന്നു ആ സംശയം എന്റെ ഉള്ളിലൂടെ കടന്നു പോയത്.
ഗൾഫിൽ കാക്കകളില്ല എന്നാ എന്റെ സംശയത്തെ കാറ്റിൽ പറത്തികൊണ്ടാണ് ഒരു കൂട്ടം കാക്കകൾ കുറച്ചു നാൾ മുൻപ് എന്റെ മുൻപിൽ പറന്നിറങ്ങിയത്. ഓയിൽ ഫീൽഡിൽ 33 കെ വി ടവറുളകളുടെ സ്വിച്ചിന്റെ അറ്റകുറ്റ പണിയാണ് ഞങ്ങൾക്ക്. പലപ്പോഴും ടവറുകളിലെ കാക്കക്കൂടുകൾ എടുത്തു മാറ്റേണ്ട ജോലിയും ഞങ്ങളുടേതാണ്. ചില കൂടുകൾ എടുത്തു മാറ്റുമ്പോൾ അതിൽ മുട്ടകളും കാണും. അന്നേരം എന്റെ ഉള്ളിൽ ഒരു സങ്കടം കൂടുകൂട്ടും.
ഇനിയിപ്പോൾ, ഇതിന് പ്രായശ്ചിതമായിട്ടാവുമോ ഞങ്ങളുടെ ട്രക്ക് ഡ്രൈവർ ചന്ദൻ ഭായ്, കുബൂസ് ചെറിയ കഷണളാക്കി ടവറുകൾക്ക് താഴെ കാക്കകൾക്കു കഴിക്കാൻ പാകത്തിലാക്കി വിതറി ഇടുന്നത്? അതെ, അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഇവിടെയൊക്കെ നല്ല മഴ പെയ്തത്. പതിവിലും കൂടുതൽ പെയ്ത് മഴയിൽ മരുഭൂമി ഒന്ന് സുന്ദരിയായ പോലെ തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ മരുഭൂമി ഞങ്ങളെ പൂചൂടി കൊണ്ടാണ് വരവേറ്റത്. ആ പൂക്കൾക്ക് ചുറ്റും പരാഗണ പരവശരായി ഒരു കൂട്ടം പൂമ്പാറ്റകൾ നൃത്തം വെക്കുന്നുണ്ടായിരുന്നു.
മരുഭൂമിയിലെ ചെറിയ മസറകളിൽ നിന്നും ഒട്ടകങ്ങൾ കൂട്ടം കൂട്ടമായി മണലിലൂടെ മേയാൻ ഇറങ്ങും. ടവറിനു താഴെ അവർ ഒരുമിച്ചു വിശ്രമിക്കുന്നത് കണ്ടാൽ ഒറ്റനോട്ടത്തിൽ മരുഭൂമിയിലെ വലിയ പാറയാണെന്നെ തോന്നു. ഒരിക്കൽ കൂട്ടം തെറ്റി ഒറ്റയ്ക്ക് കിടന്നിരുന്ന ഒരു ഒട്ടകത്തെ അതികം ശ്രദ്ധിക്കാതെ ഞാൻ കടന്നു പോയി. തിരികെ വരുമ്പോൾ അതേ സ്ഥലത്ത് ആ ഒട്ടകം തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന കാഴ്ച കണ്ടപ്പോൾ ഞാൻ ഉടനെ വണ്ടിയുടെ ബ്രേക്കിൽ കാലമർത്തി.
ദൈവമേ, പേറ്റു നോവിന് ഇവിടെ ഇത്രയൊക്കെ വിലയെയുള്ളു! ആ ഒട്ടക കുഞ്ഞിന് മേൽ ചോരപ്പാടുകളുണ്ട്. എണീറ്റു നിന്ന് പാൽകുടിക്കുന്ന ആ ഒട്ടക കുഞ്ഞിന്റെ ഫ്രെയിം കുറച്ചുനാൾ എന്റെ മനസ്സിന്റെ വാൾപേപ്പറായിരുന്നു. മരുഭൂമിയിലിരുന്നു ഇതെഴുതിയവസാനിപ്പിക്കുമ്പോൾ കുരിവിപോലെയൊരു പക്ഷി അതിന്റെ തൂവലുകൾ എന്റെമേൽ പൊഴിച്ചു പറന്ന് ഉയർന്നു. ഞാൻ മേലോട്ട് നോക്കുമ്പോഴേക്കും അത് അതിന്റെയാകാശം കണ്ടെത്തിയിരുന്നു. എന്തായിരുക്കും ആ തൂവൽ സന്ദേശത്തിനർത്ഥം? മരുഭൂമിയിൽ ചോദ്യങ്ങൾ ഇല്ലല്ലോ, ഉത്തരങ്ങളല്ലേയുള്ളു.