ADVERTISEMENT

കാവ്യം എന്നതിന് കാലത്തെ ഭേദിക്കാൻ ശേഷിയുള്ള കല എന്നും അർത്ഥം പറയുന്നു. എന്നാൽ കാലത്തെ ഭേദിച്ച മാധുര്യം എന്ത് എന്നതിന് ഏത് ഭാഷയിലും ആദ്യം എന്നത് 'അമ്മ' തന്നെയാണ്. മലയാളഭാഷ തന്നെ നമുക്ക് അമ്മയാണ്. മലയാള സാഹിത്യമണ്ഡലം അമ്മിഞ്ഞപ്പാൽ പോലെ പകർന്ന മാതൃത്വത്തിന്റെ അനുഭൂതിയും നോവും ഉറഞ്ഞുപോയ കണ്ണീരും പകർന്നുതന്ന അമ്മമാർ അനവധിയുണ്ട്. അതിൽ നിന്നും മൂന്ന് അമ്മമാരെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

'അമ്മ' - ഒ.എൻ.വി. കുറുപ്പ്

ലോകത്തിന്റെ മഹാസൗധങ്ങളൊക്കെയും പണിത ഒൻപത് കൽപ്പണിക്കാർ.. അവർ തൊട്ടതൊക്കെയും കലയുടെ വിരുന്നായിരുന്നു. കല്ലുകൾ ചെത്തി കലയുടെ വിരുന്നു ഒരുക്കുമ്പോൾ ഒൻപത് മെയ്യും ഒരു മനസ്സുമായവർ ഒരു കല്ലെടുപ്പിലെ തീയിൽ കഞ്ഞിവെച്ചും ഒരു വിളക്കിന്റെ വെളിച്ചത്തിൽ ഭക്ഷണം കഴിച്ചും പാടിയും നൃത്തമാടുകയും ചെയ്തവർ.. അവർക്ക് ഒന്ന് പോലെ ഒൻപത് പ്രിയനാരിമാർ.

അവർക്ക് എവിടെയാണ് പിഴച്ചത്?

'അതുകാലൻ' കോട്ടയിലെ പിഴവ് ആരുടേതാണ്? എന്താണ് കല്ല് ഉറയ്ക്കാതെ പോയത്
കല്ലുകൾ ചെത്തിയത്...
ചാന്തുകൾ കുഴച്ചത്...
ചാർത്തുകൾ കുറിച്ചത്...
എല്ലാം മാറ്റി നോക്കി... കല്ലുകൾ ഉറയ്ക്കാതെ പോയത് എന്തുകൊണ്ട്?
കല്ലുകൾ ഉറയ്ക്കാൻ... കൽപ്പണിക്കാരുടെ മാനം ഇളകാതെ ഇരിക്കാൻ.. ബലി നൽകണം.
ആരെ?

ലോകം ആരെയെങ്കിലും രക്ഷിക്കാൻ ആരെയെങ്കിലും ഒക്കെ ബലി നൽകിയിട്ടുണ്ടെങ്കിൽ അത് സ്ത്രീകളെ മാത്രമാണ് എന്ന ചരിത്രം വീണ്ടും ആവർത്തിക്കുന്നു. അന്ന് ഉച്ചനേരത്ത് കഞ്ഞിയുമായി വന്നെത്തുന്നവൾ ആര് തന്നെയായാലും അവളെയും ചേർത്ത് മതിൽ കെട്ടാൻ വിധിയുണ്ടാകുന്നു. ഒൻപത് പേരും ഒരുമിച്ച് ഒൻപത് മനസ്സായി തങ്ങളുടെ നല്ല പകുതിമാരെപ്പറ്റി മാത്രം ചിന്തിച്ചുപോകുന്നു.

കഞ്ഞികലവും തലയിലേന്തി...
തന്റെ കുഞ്ഞിനെ മാറിലേന്തി...

പുഞ്ചവരമ്പിലൂടെ തെന്നലിനോടും തേൻകിളികളോടും കുശലം പറഞ്ഞെത്തിയത് ഏറ്റവും മൂത്തയാളിന്റെ ഭാര്യ തന്നെയായിരുന്നു.

തനിക്കു സംഭവിക്കാൻ പോകുന്നത് എന്തെന്നറിയാതെ ഒൻപത് പേർക്കും കഞ്ഞി പകുത്തുവെച്ച് തന്റെ ഭർത്താവിന്റെ അരികിലിരുന്ന് കഞ്ഞി ഊട്ടിക്കുന്ന ഒരു ചിത്രം കവി വരച്ചുവെയ്ക്കുന്നുണ്ട്. ഇനി തന്റെ ഭർത്താവിനെ കാണാൻ കഴിയില്ല എന്ന വിഷമമോ, തന്റെ മരണമോ ആ അമ്മയെ വേദനിപ്പിക്കുന്നില്ല. ഈ ലോകത്തെ ഇനി ഒരു നോക്ക് കാണാൻ കണ്ണുതുറന്നുവെയ്ക്കണം എന്ന് ആ അമ്മ കരയുന്നില്ല. എന്തിനു തനിക്കുവേണ്ടി ഒന്നും ചോദിക്കാതെ പറയാതെ ആ സ്വരം ആവശ്യപ്പെടുന്നത് ഇത്രമാത്രം.

"കെട്ടിമറയ്ക്കല്ലെൻ പാതി നെഞ്ചം
കെട്ടിമറയ്ക്കല്ലേ എന്റെ കയ്യും
എന്റെ പൊന്നോമന കരയുമ്പോൾ
എന്റെ അടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാൽ കുഞ്ഞിനെ ഏറ്റുവാങ്ങി
ഈ മുലയൂട്ടാൻ അനുവദിക്കൂ"

ആ അമ്മയ്ക്ക് ഈ ലോകം കാണണ്ട... തിരികെപ്പോയി യാത്ര പറയേണ്ട... തന്റെ കുഞ്ഞിന് അവസാനമായി ഒരു മുത്തം നൽകേണ്ട... പകരം... നഗ്നമായ പാതി നെഞ്ചും കൈകളും പുറത്തേക്ക് നിർത്തുക... എന്റെ കുഞ്ഞു കരയുമ്പോൾ അവനെ ഈ കൈകളിൽ തരിക... ഈ മുലയൂട്ടാൻ അനുവദിക്കുക... അതാണ് ഒരമ്മ... പ്രാണൻ പോകുമ്പോഴും ആ മാറിൽ വാത്സല്യമുണ്ടാകും... മാതൃത്വമുണ്ടാകും... അമ്മിഞ്ഞപ്പാലുണ്ടാകും...

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ

മലയാളത്തെ ഏറ്റവും കരയിച്ച ഒരമ്മ... അതാണ് വൈലോപ്പള്ളിയുടെ മാമ്പഴം

"അങ്കണതൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ"

ഈ ചുടുകണ്ണീരിന്റെ നോവലാണ് കവിത തുടങ്ങുന്നത് തന്നെ... കവിത പറയുന്നതും അമ്മ തന്നെ. പൂത്തുനിൽക്കുന്ന ഓരോ മാവിൻകുലയും അറിയാത്ത നമ്മിൽ വേദനയുണർത്തുന്നുവെങ്കിൽ ഒന്നുറപ്പാണ്, മാമ്പഴം എന്ന കവിതയും അതിലെ അമ്മയും എത്രമാത്രം നമുക്കുള്ളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന്.

മാവിൽ കുല പൊട്ടിച്ച കുഞ്ഞിനെ അമ്മ തല്ലിയത് ഒരു സാധാരണ കാര്യം മാത്രമാണ്... പക്ഷേ കുഞ്ഞിന് അതല്ല... അവന്റെ ഉള്ളിലെ സന്തോഷത്തെയാണ് അറിയാതെ പോലും അമ്മ കെടുത്തിയത്. മാവ് പൂവിട്ട സന്തോഷമാണ് അവനിൽ അത് പൊട്ടിക്കാൻ പ്രചോദനമായത്. എന്നാൽ അതുമായി അവൻ ഓടിയെത്തിയത് അമ്മയുടെ അരികിലേക്ക് തന്നെയാണ്...

അമ്മയുടെ മനസ്സിൽ ആട്ടുനോറ്റുണ്ടായ മാമ്പൂക്കൾ ഓടിച്ചുകളഞ്ഞതിലെ ദേഷ്യം മാത്രമായിരുന്നു. അമ്മ മനസ്സിലാക്കാതെ പോയത് അവന്റെ കണ്ണിലെ സന്തോഷം മാത്രമായിരുന്നു. അല്ലെങ്കിൽ തന്നെ ആരാണ് കുസൃതി കാട്ടുന്ന കുട്ടികളെ വഴക്കുപറയുകയും തല്ലുകയും ചെയ്യാതെ ഇരിക്കുന്നത്?

എന്നാൽ കുഞ്ഞിന്റെ മനസ്സിൽ എന്തായിരിക്കും?
അവന്റെ സന്തോഷമാണ് അമ്മ കെടുത്തിയത്. അതാകും മാങ്ങ പെറുക്കുവാൻ ഞാൻ ഇല്ലെന്ന് പറഞ്ഞ് അവൻ മറഞ്ഞുകളഞ്ഞത്. പക്ഷേ മാമ്പഴം വീണുതുടങ്ങിയപ്പോൾ അവൻ ഓടിവന്ന് എടുക്കാൻ കഴിയാത്ത ദൂരത്തേക്ക് മറഞ്ഞുകളഞ്ഞു.

ഈ മാമ്പഴവും ഒരു ദുഃഖകഥാപാത്രമാണ്. അത് വരുന്നത് തന്നെ ഉണ്ണികൈകൊണ്ട് എടുക്കപ്പെടാനും ഉണ്ണിവായിൽ കൊണ്ട് ഉണ്ണപ്പെടാനും വേണ്ടിയാണ്. ഇതുരണ്ടും ഉണ്ടാകുന്നില്ല. അനാഥമായ ഒരു മാമ്പഴം അമ്മയെപ്പോലെ കവിത വായിക്കുന്ന എല്ലാവരിലും വിഷാദം നിറയ്ക്കുന്ന കനിയായിത്തീരുന്നു.

അമ്മ നെഞ്ചുപൊട്ടുന്ന ദുഃഖത്തോടെ ആ മാമ്പഴം കുഞ്ഞിനെ അടക്കം ചെയ്തിടത്ത് ഓരോ കണ്ണും തുളുമ്പിപ്പോകുന്നു. ഇവിടെയാണ് ഒരു കുഞ്ഞുതെന്നലായി കുഞ്ഞിന്റെ ആത്മാവ് അമ്മയെ പുണരുന്നത്. അമ്മയുടെ സ്നേഹം ആ കുഞ്ഞുതെന്നലിന് മനസ്സിലാകുന്നത്. ആ അമ്മയാണ് മലയാളത്തിലെ ഈറനണിയിച്ച മറ്റൊരമ്മ. ആ അമ്മ നമുക്ക് ചുറ്റിലുമുണ്ട്. അല്ലെങ്കിൽ നമ്മളോരോരുത്തരും ആ ഉണ്ണിയായിട്ടോ അമ്മയായിട്ടോ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റേത് കാവ്യത്തിനേക്കാളും മാമ്പഴത്തിലെ അമ്മ ഹൃദയത്തിനോട് ചേർന്നുനിൽക്കുന്നു.

പൂതപ്പാട്ട് - ഇടശ്ശേരി

മലയാളത്തിലെ ഏറ്റവും മികച്ച സാർവത്രികവും സാർവകാലികവുമായ മൂല്യമുള്ള കലാസൃഷ്ടി ഏതെന്നതിന് ഒരുത്തരമാണ് പൂതപ്പാട്ട്. ഇവിടെയുള്ള ഒരമ്മ മാത്രമല്ല, ഉള്ളിൽ സ്ത്രൈണതയുള്ള ഒരു പൂതം പോലും അമ്മയാണ്. പൂതം... പൂതത്തിന് ദുഷ്പേരുകൾ ഏറെയാണ്. വഴിതെറ്റുന്നവൻ, ആളെപ്പിടിച്ചുതിന്നുന്നവൻ അങ്ങനെ ഏറെ.

പൂതത്തെപ്പേടിച്ച് ആരും വഴിനടക്കുക പോലുമില്ല. ആ വഴിയിലേക്കാണ് പൂതപ്പാട്ടിലെ ഉണ്ണി കുന്നിറങ്ങിവരുന്നത്. ആ വരവിന് മുൻപ് ഇടശ്ശേരി അമ്മയെ കാട്ടുന്നു. വാത്സല്യത്തിന്റെ രൂപമാർന്ന ഒരമ്മ. അല്ലെങ്കിൽ തന്നെ ഏത് അമ്മയാണ് ആ രൂപമല്ലാത്തത്? എല്ലാ കുഞ്ഞുങ്ങളും വരുന്നത് ഒരു അമ്മയുടെ തീവ്രമായ ഒരു ആഗ്രഹത്തിൽ കൂടിയാണ്. ആരെങ്കിലും ജീവിതത്തിൽ നുറുങ്ങുന്ന വേദനയോടെ സന്തോഷിക്കുന്നുവെങ്കിൽ അത് ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്ന നിമിഷമാണ്.

അമ്മയുടെ ആ ആനന്ദമാണ് ഇടശ്ശേരി അമ്മയെക്കുറിച്ച് പറയുന്ന ആദ്യവരികളിൽ വരച്ചുകാണിക്കുന്നത്. പൂതമോ? പൂതം സ്വയം അമ്മയാകുകയാണ്. എപ്പോൾ? കുഞ്ഞിനെ കാണുന്ന മാത്രയിൽ.

"ആറ്റിലൊലിച്ചെത്തും ആമ്പലപ്പൂപോലെ
ആടിക്കുഴഞ്ഞെത്തും അമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നുവരുന്നോനെക്കണ്ടു പൂതം."

ഒരു പൊന്നോമനത്തമുള്ള കുഞ്ഞിനെ വായിക്കുന്നവന്റെ ഉള്ളിലേക്ക് പ്രതിഷ്ഠിക്കാൻ ഇടശ്ശേരി തിരഞ്ഞെടുത്ത വരികൾ നോക്കുക. അതിലെ ബിംബങ്ങൾ, ഗ്രാമീണതയുടെ സൗന്ദര്യം കൊണ്ട് മൂടപ്പെട്ട വാക്കുകൾ. ഇവിടെയാണ് പൂതം അമ്മയായി മാറുന്നത്.

" പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു."

പൂതത്തിന് മാറ് കോരി തരിച്ചു എന്ന ഒറ്റ വരിയിൽ പൂതത്തിലെ മാതൃത്വത്തിനെ ഉണർത്താൻ കവിക്ക് കഴിഞ്ഞു... അമ്മയോ... കുഞ്ഞിനെ പൂതം പിടിച്ചു കൊണ്ട് പോയത് അറിയാതെ കേഴുന്ന ഒരു അമ്മയുടെ ചിത്രം ഏതു കരളിന്റെയും അലിയിക്കുന്നതാണ്‌.. അതിന്റെ പ്രതിഫലനവും പ്രകൃതിയുടെ എല്ലാ തുറകളിലും അലയടിക്കുന്നത് കാണാം... പൂട്ടി മറിച്ചിട്ട മൺതിട്ടകൾ, ആറ്റിലെ പരൽമീനുകൾ, നത്തുകൾ.... എല്ലാം അമ്മയുടെ ദുഃഖം ഏറ്റുവാങ്ങിയവരാണ്...

 എന്നാൽ പൂതമോ ? പൂതം അമ്മയുടെ ഈ ദുഃഖങ്ങൾ എല്ലാം കേൾക്കുന്നുണ്ട്... പൂതത്തിനു പക്ഷെ അതിന്റെ വിഷാദം ഒന്നും നിൽക്കുന്നില്ല.. എന്നാലോ , അത് അമ്മയെ വിരട്ടി ഓടിക്കാൻ ആണ് ശ്രമിക്കുന്നത്... നരിയായും പുലിയയായും കാറ്റായും വന്ന പൂതത്തിനെ അതിലും അതിലും ശക്തമായി പ്രതിരോധിക്കുന്ന അമ്മയെ നമുക്ക് കാണാം... എന്നാൽ തീയായി വന്ന പൂതത്തിനെ 'അമ്മ നേരിടുന്നത് കണ്ണീരു കൊണ്ടാണ്... അമ്മയുടെ വേദന എത്രയും തീവ്രമെന്നു മനസിലാക്കാൻ ആ വരികൾ തന്നെ ധാരാളം...

 എന്നിട്ടോ,  പൂതം കുന്നോളം പൊന്നും രത്നങ്ങളും നൽകി കുഞ്ഞിനെ ഞാൻ എടുക്കും എന്ന് പറയുന്നു... പൂതം പറയുന്നത് ഒരു ആജ്ഞയാണ് ... ഇതെല്ലം ഞാൻ നിനക്ക് തരികെയാണ് .. അതിനു പകരം കുഞ്ഞിനെ തരുമോ എന്നല്ല... ഞാൻ എടുക്കുകയാണ് എന്നാണ് പറയുന്നത്... ഇവിടെ പൂതം മേൽകൈ നേടേണ്ടതാണ്... പക്ഷെ അമ്മക്ക് കുന്നോളം പൊന്നോ മണികളോ വേണ്ട... അതിൽ ഒന്ന് പോലും കണ്ടു മനസ്സ് ഇളക്കേണ്ട... അതിനു തന്റെ കണ്ണുകൾ രണ്ടും പറിച്ചു പൂതത്തിന്റെ മുന്നിൽ വെച്ച് ആ 'അമ്മ പൂതത്തിനോട് അപേക്ഷിക്കുകയാണ്...

" ഇതിലും വലിയതാണ് എന്റെ പൊന്നോമന,
അതിനെ തരികെന്റെ പൂതമേ നീ"

 ഈ വരികൾ എത്ര അർത്ഥതലങ്ങൾ ഉണ്ട് എന്ന് നോക്കുക.. 'അമ്മ നേരിട്ട് പറയുകയാണ്... ഈ പൊന്നും മണികളെയും ഒക്കെ എനിക്ക് വലുത് എന്റെ കുഞ്ഞാണ് എന്ന്. അത് ഒരു അപേക്ഷയാണ് .. എന്നെ മോഹിപ്പിക്കുന്ന എല്ലാ കാഴ്ചകളും ഞാൻ നിനക്ക് മുന്നിൽ കാഴ്ചവെയ്ക്കുകയാണ്... എന്റെ കുഞ്ഞിനെ വിട്ടു തരു... അത് വലിയ ഒരു ത്യാഗമാണ് .. ഈ ലോകത്തിന്റെ എല്ലാ കാഴ്ചകളുയും 'അമ്മ ഉപേക്ഷിക്കുകയാണ്... എന്റെ കുഞ്ഞിന് വേണ്ടി...

എന്നിട്ടോ.... അമ്മക്ക് കണ്ണില്ലാതെ ആയില്ലേ പൂതം ഒരു തെറ്റി കോല് പറിച്ചു മറ്റൊരു കുഞ്ഞിനെ നിർമിച്ചു അമ്മക്ക് കൊടുത്തു.... ഇവിടെയും കവി തന്റെ മാസ്മരികത പുറത്തെടുക്കുന്നുണ്ട് ... 'അമ്മ കുഞ്ഞിനെ ആശ്ലേഷിച്ചു മുത്തം കൊടുക്കുന്ന മാത്രയിൽ തെന്റെ കുഞ്ഞല്ല എന്ന് തിരിച്ചറിയുന്നു... അവിടെ ആണ് 'അമ്മയുടെ ശക്തി എന്താണ് എന്ന് പൂതവും നമ്മളും തിരിച്ചു അറിയുന്നത്.. അമ്മക്ക് കണ്ണില്ല .. കുഞ്ഞിനെ തിരിച്ചു കിട്ടി എന്ന സന്തോഷത്തിൽ ആ കുഞ്ഞിനെ 'അമ്മ ചേർത്ത് പുണരുന്നുണ്ട്.. നെറുകയിൽ തലോടുന്നുണ്ട്.. ഉമ്മ നൽകുന്നുണ്ട് .. ആ മാത്രയിൽ തന്നെ തൻറെ കുഞ്ഞല്ല എന്ന് തിരിച്ചറിയുകയും  ചെയ്യുന്നുണ്ട്...

 പിന്നെ അമ്മയുടെ അതി തീക്ഷണമായ ഒരു രൂപം ആണ് കാണുക .. പെറ്റ വയറ്റിനെ വഞ്ചിക്കാൻ നോക്കിയാ പൊട്ടപ്പൂതം എന്ന് വിളിക്കുന്നുണ്ട് .. പൂതത്തിനേക്കാൾ എത്രയോ ഉയരത്തിലേക്കാണ് 'അമ്മ ഉയരുന്നത് എന്ന് നോക്കുക ... കുഞ്ഞിനെ നഷ്ടപ്പെട്ടതും അതിലുപരി പൂതം കുഞ്ഞിനെ മാറ്റി പറ്റിക്കാൻ ശ്രമിച്ചതും എല്ലാം കൊണ്ടുണ്ടായ കോപത്താൽ തിളച്ചു പൂതത്തിനെ ശപിക്കാൻ

'അമ്മ കൈ ഉയർത്തുന്നു... ഇവിടെ പൂതം ആദ്യമായി തോൽക്കുന്നു... പൂതം അമ്മയുടെ കാൽക്കൽ തന്നെ അഭയമിരുന്നു കുഞ്ഞിനെ വിട്ടു കൊടുക്കുകയും അമ്മയുടെ കണ്ണിന്റെ കാഴ്ച തിരികെ നൽകുകയും ചെയ്യുന്നു... പൂതം കുഞ്ഞിനെ വിടപറയുന്ന ഒരു കാഴ്ചയാണ് അടുത്ത്...

ഇത്രയും ക്രൂരതയൊക്കെ കാട്ടിയ പൂതത്തിനോട് ഒരു സങ്കടം ഒക്കെ തോന്നില്ലേ... അതെ... ആൾക്കാരെ ഇതുവരെ പേടിപ്പിച്ചിട്ടു മാത്രം ഉള്ള... അവൾ കുഞ്ഞിനെ പിരിയാൻ കഴിയാതെ തുരുതുരെ മുത്തം നൽകുകയാണ്... തുറുകണ്ണുകൾ ചോല ഒഴുകും പോലെ കരയുകയാണ്..

ഇവിടെയാണ് പൂതം ഒരമ്മയുടെ വേദനയറിയുന്നത്... സ്ത്രീ എന്നതിന് പലപ്പോഴും പകരം പുരുഷന് പകരമാകാതെ പോകുന്നത് സ്ത്രീക്ക് പ്രസവിക്കാതെയും അമ്മയാകാൻ കഴിയുന്നു എന്നത് കൊണ്ടാണ് .. അത് കൊണ്ടാണ് നമുക്ക് പുഴയും സമുദ്രവും നാടും ഭാഷയും ഒക്കെ അമ്മയാകുന്നത് .. അതെ പൂതവും ഒരമ്മയാകുകയാണ്... ആ അമ്മയുടെ വേദന മനസിലാകുന്ന ഒരു ശക്തി അപ്പുറത്തു നമ്മൾ കാണുന്നു...

 അതാണ് നങ്ങേലി എന്ന 'അമ്മ... 'അമ്മ അനുവാദം നൽകുയാണ്... തന്റെ കുഞ്ഞിനെ വന്നു കാണാൻ .. എല്ലാ വർഷവും മകര കൊയ്തു കഴിഞ്ഞു കതിർമണികൾ ഉതിർന്ന കതിരുകൾ പൊന്നിൽ കുന്നുകൾ തീർക്കുമ്പോൾ എല്ലാ വർഷവും കുഞ്ഞിനെ വന്നു കണ്ടു കൊള്ളാൻ.. എന്നാൽ നങ്ങേലി ഒരു സ്ത്രീ കൂടിയാണ് ... അതിൽ ഒരു കുസൃതി കവി ഒളിപ്പിച്ചു വെയ്ക്കുന്നു ...

 എല്ലാ കൊല്ലവും പൂതം കുഞ്ഞിനെ തിരഞ്ഞു വരികയാണ് .. നല്ല മനോഹരമാർന്ന തെയ്യ തിറയും കാതിലോലയും കൈവളകളും കാൽത്തളകളും ഇട്ടു .. ചെണ്ടയും കൊമ്പും കുഴൽ വിളികളും ഒക്കെയായാണ് പൂത്തമമ്മ ഉണ്ണിയെകാണാൻ വരുന്നത് ... പക്ഷെ .. ഉണ്ണി പിറന്ന വീട് ഏതാണ് എന്ന് ആ പൂത്തമമ്മക്കു അറിയില്ല .. പൂതം ചോദിച്ചതും ഇല്ല, കണ്ടാൽ കുഞ്ഞിനെ വീണ്ടും കൊണ്ട് പോകുമോ എന്ന പേടി കൊണ്ടാവുമോ നങ്ങേലി ഒട്ടു പറഞ്ഞതുമില്ല...

എന്നിട്ടും പൂത്തമമ്മ എല്ലാക്കൊല്ലവും മകരക്കൊയ്ത് കഴിയുമ്പോൾ ആടി ഉറഞ്ഞു വരികയാണ് .. പറയും നെല്ലും വിളക്കും ഒക്കെ വെച്ച് സ്വീകരിക്കുന്ന വീട്ടിൽ പോയി ആടി തുള്ളി അനുഗ്രഹിക്കുമ്പോൾ അങ്ങേ വീട്ടിലാണ് ഉണ്ണി എന്ന് പറഞ്ഞു ആ പാവത്തിനെ ഓരോ വീട്ടിലും അടിക്കുന്നു....  ഇവിടെ കവി മനസ്സിൽ പകർന്നു തരുന്ന ഒരു രൂപമുണ്ട് ... ഉണ്ണിയെ ഒന്നുകാണാൻ കൊതിച്ചോടി വരുന്ന പൂതത്തിന്റെ നെഞ്ചിടിപ്പ് പോലെ തുടി താളവും അതിന്റെ തേങ്ങൽ പോലെ കുഴൽ വിളിയും ...

അങ്ങെനെ ഓരോ കൊല്ലവും ഉണ്ണിയെകാണാൻ വരുന്നു .. ഒരുപാട് ഉണ്ണികളേ കണ്ടു അനുഗ്രഹം നൽകി തന്റെ ഉണ്ണിയെ കാണാൻ ആകാതെ കുഴൽ വിളി നാദത്തിൽ ഉച്ചത്തിൽ തേങ്ങി പോകുന്നു.. അടുത്ത കൊല്ലം വീണ്ടും വരാൻ വേണ്ടി ....

ഞാൻ പറയാൻ തുടങ്ങിയത് മലയാള കാവ്യത്തിനെ ഈറനണിയിച്ച മൂന്നു അമ്മമാരേ കുറിച്ച് പറയാൻ ആണ്.. എന്നാൽ നമ്മൾ നാല് അമ്മമാരേ കുറിച്ച് പറഞ്ഞു കഴിഞ്ഞു ..  'അമ്മ എന്നത് എന്നും നിലനിൽക്കുന്ന സത്യമാണ് .. ആ സത്യമാകാൻ അമ്മക്ക് മാത്രമേ കഴിയു .. മലയാളം തന്നെ നമുക്ക് അമ്മയാണ് .. മലയാളമമ്മ മുലപ്പാല് പകർന്നു നൽകിയ കാവ്യങ്ങൾ ഒരുക്കിയ തൂലികകൾക്കു ഹൃയത്തിൽ നിന്നും പ്രണാമം......!!!

English Summary:

Three poems in Malayalam about mother's love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com