ADVERTISEMENT

പ്രായം കൂടുന്തോറും ശാരീരിക അവശതകളും അസ്വസ്ഥതകളും എല്ലാം കൂടുമല്ലോ. രണ്ടു കൊല്ലത്തിനു ശേഷമാണ് ഞാനും സഹധർമ്മിണിയും കേരള സന്ദർശനത്തിന് എത്തിയത്. ഇനി എത്ര കാലം ഇങ്ങനെ കേരള യാത്ര ചെയ്യാൻ പറ്റുമെന്നും അറിയില്ല. ഓരോ വർഷം ചൊല്ലുന്തോറും നാട്ടിലേക്കുള്ള വിമാന യാത്രയും വളരെ ദുസ്സഹമാകുകയാണ്. മേനി പറഞ്ഞിട്ടും വീരവാദം അടിച്ചിട്ടും കാര്യമില്ലല്ലോ. വിമാനത്തിൽ ബിസിനസ് ക്ലാസ്സിൽ കയറാനുള്ള സാമ്പത്തികം എനിക്കില്ല.

എയർലൈനുകളിൽ ചെക്ക് ചെയ്തപ്പോൾ രണ്ടുപേർക്കും കൂടി അങ്ങോട്ടുമിങ്ങോട്ടുമുള്ള ബിസിനസ് ക്ലാസ് യാത്രയ്ക്ക് ഏതാണ്ട് 22,000 ഡോളർ വേണമെന്നാണ് അറിഞ്ഞത്. അത്രയും ഉണ്ടെങ്കിൽ എനിക്ക് ഒരു വീട് മേടിക്കാനുള്ള ഡൗൺ പെയ്മെന്റ് നടത്താം എന്ന് ഞാൻ ചിന്തിച്ചു. കാര്യം അമേരിക്കയിൽ ഞങ്ങൾ കുടിയേറിയിട്ട് 50 വർഷം കഴിഞ്ഞു. ഏതായാലും ഒറ്റരാത്രിക്ക് കാലു നീട്ടി ബിസിനസ് ക്ലാസിൽ കയറി കുത്തിയിരുന്ന് ഉറങ്ങാൻ 22000 ഡോളർ മൂല്യമില്ലെന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ സാധാരണ ക്ലാസ്സിൽ തന്നെ ഇടിച്ചു കയറി.

ഈ സാദാ ക്ലാസിൽ ആകട്ടെ പഴയ സൗകര്യങ്ങൾ ഒന്നുമില്ലതാനും. അവിടെയും സീറ്റുകൾ തമ്മിലുള്ള അകലം വളരെ ശുഷ്കമായി വരികയാണ്. ഒരുപക്ഷേ നാട്ടിലെ പ്രൈവറ്റ് ബസ്സിൽ ഇടിച്ചു കയറി കെട്ടി തൂങ്ങി വരുന്ന മാതിരി ഭാവിയിൽ വിമാനത്തിൽ നമുക്ക് വരേണ്ടി വന്നേക്കാം. അതിന് ഒരു കാരണം, യാത്രക്കാരുടെ എണ്ണം കൂടിവരുന്നതാണ്, നാട്ടിൽ തന്നെ ആൾക്കാർ ഇപ്പോൾ അധികപക്ഷവും താമസിക്കുന്നത് വിദേശങ്ങളിൽ ആണ്.

അധികമായി വരുന്ന ഈ യാത്രക്കാർക്ക് കയറാൻ പാകത്തിൽ വിമാനങ്ങളുടെ  എണ്ണം വർദ്ധിപ്പിക്കാൻ ഫ്ളൈറ്റ് ലോബി സമ്മതിക്കുന്നുമില്ല. അവർ യാത്രക്കാരെ, പ്രവാസികളെ, സൗകര്യം വെട്ടിച്ചുരുക്കി, യാത്രാനിരക്ക് കൂട്ടി, ചൂഷണം ചെയ്യുകയാണ്. ഇതിനൊക്കെ എതിരായി ശബ്ദിക്കാൻ ഇവിടെ ഒരു പ്രവാസി  സംഘടനകൾ പോലുമില്ല. ഞാൻ ഒരു ആദ്യ കാല സംഘടനാ പ്രവർത്തകൻ ആണെങ്കിൽ പോലും നമ്മുടെ ഒക്കെ സംഘടനകളുടെ ബലഹീനതകൾ നന്നായിട്ടു അറിയാം.

നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ഞങ്ങൾ യാത്രാ ക്ഷീണം കൊണ്ട് ഒരു പഴങ്കഞ്ഞി പരുവത്തിൽ ആയിരുന്നു. വന്നിറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോൾ എന്റെ അമ്മയുടെ അനിയത്തി, ഞങ്ങൾ കുഞ്ഞാച്ചി എന്നു വിളിക്കുന്ന  ബ്രിജിത്  വാർധക്യ സഹജമായ അസുഖത്താൽ ഇഹലോകവാസം അവസാനിപ്പിച്ചു എന്നറിഞ്ഞതിനാൽ അവരുടെ ഭവനമായ തൊടുപുഴയ്ക്ക് പോയി. രണ്ടുവർഷം മുമ്പ് ഞങ്ങൾ കേരളത്തിൽ ഇതേ പോലെ വന്നപ്പോഴാണ് എന്റെ അമ്മ, ഏലിക്കുട്ടി നൂറാം വയസ്സിൽ നിര്യാതയായത്.

എ സി ജോർജ്
എ സി ജോർജ്

ഇപ്രാവശ്യം ശവസംസ്കാരം കഴിഞ്ഞ് ഏതാണ്ട് ഒരു മൂന്നുദിവസം ഞാൻ എന്റെ നാടായ പൈങ്ങോട്ടൂരിൽ താമസിച്ചു. അവിടെനിന്ന്, കലൂർ, കലൂർക്കാട്, ആയവന, ആരക്കുഴ, കടവൂർ, കോടിക്കുളം, കരിമണ്ണൂർ, കുളപ്പുറം, വണ്ടമറ്റം,  വണ്ണപ്പുറം, മുള്ളരിങ്ങാട്, കാളിയാർ, ചാത്തമറ്റം, പോത്താനിക്കാട്, മൂവാറ്റുപുഴ, കോതമംഗലം, വാരപ്പെട്ടി, പൂയംകുട്ടി, കുട്ടമ്പുഴ, ഭൂതത്താൻ കെട്ടു, തൊമ്മൻകുത്തു, കലയന്താണി, കോലഞ്ചേരി, പട്ടിമറ്റം, പുത്തൻകുരിശ്, കടമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ പല ആവശ്യങ്ങൾക്കും, പിന്നെ ചില ബന്ധുക്കളെ സന്ദർശിക്കാനും ഞങ്ങൾ പോയി. ഈ സ്ഥലങ്ങളെല്ലാം അടുത്തടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്. എന്നാലും യാത്ര ദുഷ്കരം. കണ്ടൻ ഇടവഴികൾ.

ഇപ്പോഴും എപ്പോഴും  ജന്മനാടായ പൈങ്ങോട്ടൂർ എത്തുമ്പോൾ " ഒരു വട്ടം കു‌ടി ..." എന്നിൽ ഒരു ഗൃഹാതുര ചിന്തകൾ ഓടി എത്താറുണ്ട്. അന്നു ഞാൻ പൈങ്ങോട്ടൂർ സ്കൂളിൽ പഠിക്കുബോൾ റോഡിലൂടെ വല്ലപ്പോഴും വല്ല  കാറോ ബസ്സോ  പോകുമ്പോൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. ഇന്നു വാഹനങ്ങളുടെ അതിബാഹുല്യം കൊണ്ട് റോഡൊന്നു മുറിച്ചു കടക്കാൻ തത്രപ്പെട്ടു. പക്ഷേ റോഡിന്റെ നിലവാരം കാര്യമായി മെച്ചപ്പെട്ടിട്ടില്ല. ഞാൻ പഠിച്ച പൈങ്ങോട്ടൂർ സെന്റ്. ജോസഫ് സ്കൂളിൽ  രണ്ടാഴ്ച കാലം നീളുന്ന, ജൂബിലി ആഘോഷ പരിപാടികൾ ഉണ്ടെന്നറിഞ്ഞു. സാധിച്ചാൽ ഒരുദിവസത്തെ ആഘോഷത്തിൽ എങ്കിലും പങ്കെടുക്കണം എന്ന് വിചാരിക്കുന്നു. യൂവ പ്രതിഭകളായ മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽ നാടനും, ഇടുക്കി എംപിയായ ഡീൻ കുര്യാക്കോസ് എന്നിവരും പൈങ്ങോട്ടൂരിൽ നിന്നുള്ളവരാണ്.

ഞാൻ മുള്ളരിങ്ങാട്ട് നിന്ന് പൈങ്ങോട്ടൂരിലേക്ക് മടങ്ങി വരുമ്പോഴാണ് ദുഃഖകരമായ ആ വാർത്ത കേട്ടത്.–മുള്ളരിങ്ങാട് മലയോര പ്രദേശത്ത് പശുവിനെ പുല്ലു തീറ്റി മടങ്ങവേ യുവാവിനെ കാട്ടാന നെഞ്ചിൽ ചവിട്ടി അതി ദാരുണമായി കൊലപ്പെടുത്തിയെന്ന വാർത്ത. മരണപ്പെട്ട വ്യക്തിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതു  ജനങ്ങളുടെയും എല്ലാ പാർട്ടിക്കാരുടെയും ജാഥയും,  വണ്ണപ്പുറം പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ ഹർത്താലും ആചരിച്ചു.

2024 ഡിസംബറിൽ മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണം വളരെയധികം പൊതുജന ശ്രദ്ധ നേടി. ഷിക്കാഗോയിലെ പൊതുപ്രവർത്തകനും സംഘാടകനുമായ വർഗീസ് പാലമലയിൽ, അതുപോലെ സാഹിത്യകാരനും എഴുത്തുകാരനുമായ ന്യൂയോർക്കിലെ  ജയൻ വർഗീസ് തുടങ്ങിയവർ അതിമനോഹരമായ മുള്ളരിങ്ങാട് മലനിരകൾക്ക്  വളരെ അടുത്തു സ്ഥിതി ചെയ്യുന്ന ചാത്തമറ്റം പ്രദേശത്തു നിന്നുള്ളവരാണ്.

അന്നുതന്നെ കൊച്ചിയിലെ പാലാരിവട്ടത്തുള്ള  ഫ്ലാറ്റിൽ ഞങ്ങൾ മടങ്ങിയെത്തി. താമസിയാതെ മറ്റൊരു ദുഃഖ വാർത്തയും ഞങ്ങളെ തേടിയെത്തി–സ്ഥലം എംഎൽഎ  ഉമാ തോമസ് പാലാരിവട്ടത്തിന് തൊട്ടടുത്തുള്ള കലൂർ ജവഹർലാൽ  സ്റ്റേഡിയത്തിൽ, കാണികളുടെ ഗാലറിയിൽ നിന്ന് കാൽവഴുതി തല നിലത്തടിച്ച് വീണ് അപകടകരമായ നിലയിൽ പാലാരിവട്ടത്തെ റെനേ മെഡിക്കൽ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ ആണെന്ന്. അമേരിക്കയിലെ ഹൂസ്റ്റൺ നിവാസിയായ  മലയാള സിനിമാതാരം ദിവ്യ ഉണ്ണിയുടെ മെഗാ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എംഎൽഎ ഉമാ  തോമസ് കാൽ വഴുതി വീഴുകയാണ് ഉണ്ടായത്. 2024 ഡിസംബർ അവസാന വാരം കേരളത്തെ നടുക്കിയ മറ്റൊരു ദുരന്ത വാർത്തയാണിത്‌.

ഞാൻ സാധാരണയായി  കാൽനടയായി ഉമാ തോമസ് എംഎൽഎയുടെ ഓഫീസ് താണ്ടിയാണ് പാലാരിവട്ടം ജംഗ്ഷനിൽ പച്ചക്കറിയും, ഗ്രോസറിയും വാങ്ങാൻ പോകുന്നത്. ഉമാ തോമസിന്റെ ഭർത്താവായ അന്തരിച്ച പി.ടി. തോമസ് - എംഎൽഎ ഓഫീസും അവിടെയായിരുന്നു. അമേരിക്കയിൽ ഞാൻ താമസിക്കുന്ന ഹൂസ്റ്റണിലെ സിനിമാ നടി ദിവ്യ ഉണ്ണിയുടെ മെഗാ ഗ്രൂപ്പ് നൃത്ത പരിപാടിക്ക് പോയപ്പോൾ ആണല്ലോ ഈ അത്യാഹിതം സംഭവിച്ചത് എന്ന് ഓർത്തപ്പോൾ ഹൂസ്റ്റൺകാരനായ എനിക്ക് വൈകാരികമായ ഒരു ദുഃഖവും ഉണ്ടായി. ഉത്തരവാദിത്തപ്പെട്ട അധികാരികൾ വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമായിരുന്നു.

ഡിസംബർ അവസാനവാരം, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ വേർപാട് ഭാരതത്തെ ദുഃഖത്തിൽ ആഴ്ത്തി.  അതേ പോലെ തന്നെ മലയാളികളുടെ പ്രിയ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായരുടെ വേർപാടും നമ്മെ കണ്ണീരിൽ ആഴ്ത്തി. ഞങ്ങൾ ന്യൂയോർക്കിലെ ജെഎഫ്കെയിൽ കാലുകുത്തുമ്പോൾ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ മരണ വാർത്തയുമെത്തി. നൂറാം വയസ്സിൽ ആണെങ്കിലും ആ വേർപാടും  2024 ഡിസംബറിലെ ഒരു നഷ്ടമായിരുന്നു.

ഞാൻ ഇത്രയും എഴുതിക്കൊണ്ടിരിക്കുമ്പോൾ, ഫ്ലാറ്റിലെ ജനലിൽ നിന്നാൽ പുതുവർഷത്തിന്റെ, 2025 നെ വരവേൽക്കാനുള്ള ആരവങ്ങളും വെടിക്കെട്ടുകളും കാണാം. കേൾക്കാം. എല്ലാവർക്കും ഞങ്ങളുടെ ഹൃദ്യമായ ക്രിസ്മസ്–നവവത്സര ആശംസകൾ.

English Summary:

ac george reminisces about his visit to kerala from us

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com