ADVERTISEMENT

പതിവുള്ള വിന്‍റർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും, പ്രിയ സുഹൃത്ത് ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തിരഞ്ഞെടുത്തത് അമേരിക്കയിലെ പ്രശസ്തമായ സ്‌മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാഡോ എയർഫോഴ്‌സ് അക്കാദിമിയിലെ വിദ്യാർഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡയിലെ റ്റാംപയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്കെത്തിയ ശേഷം, ഞാനും അനിതയും ഇമ്മാനുവലും സാമുവലും ഗ്രഹാമും ബബിതയും റിയയും ജോഷും അടങ്ങുന്ന സംഘം ഡിസംബർ 21ന് രാവിലെ എട്ടുമണിയോടെ യാത്ര പുറപ്പെട്ടു.

ഹൈവേ 75 നോർത്തിലൂടെയുള്ള യാത്ര ആനന്ദകരമായിരുന്നു. നാലു മണിക്കൂർ ഡ്രൈവിന് ശേഷം ഹൈവേയിലെ ഒരു റസ്റ്റ് ഏരിയയിൽ വിശ്രമിച്ചു. വീട്ടിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന ഉച്ചഭക്ഷണം കഴിച്ചു. ഏതാണ്ട് ഒരു മണിക്കൂർ റസ്റ്റ് ഏരിയയിൽ ചെലവഴിച്ച ശേഷം യാത്ര തുടർന്നു. ഗ്രഹാമിന് വിശ്രമം നൽകിക്കൊണ്ട് ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് മാറി. അന്ന് ഞങ്ങൾ താമസിക്കാൻ തീരുമാനിച്ചിരുന്നത് അറ്റ്ലാന്‍റയ്ക്കടുത്തുള്ള സ്റ്റോൺ മൗണ്ടനിലെ ഒരു വീട്ടിലായിരുന്നു. വൈകുന്നേരം 5.30 ഓടെ ഞങ്ങൾ താമസസ്ഥലത്തെത്തി.

ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

എയർബിൻബി വഴി ബുക്ക് ചെയ്ത വീടായതിനാൽ പാചക സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് കൊണ്ടുവന്ന കപ്പ പുഴുങ്ങി. രണ്ടാം ദിവസം ഞങ്ങൾ ആദ്യം പോയത് ജോർജിയയിലെ പ്രശസ്തമായ സ്റ്റോൺ മൗണ്ടൻ കാണാനാണ്. വലിയ ഉയരത്തിലുള്ള ഈ സ്ഥലം ബബിതയ്ക്കും അനിതയ്ക്കും അത്ര പിടിച്ചില്ലെങ്കിലും എനിക്കും ഗ്രഹാമിനും ഇഷ്ടപ്പെട്ടു.

തുടർന്ന് അറ്റ്ലാന്‍റ ഡൗൺടൗണിൽ കറങ്ങി. ലോക പ്രശസ്തമായ കൊക്കോ കോള സന്ദർശിച്ച ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് നാലു മണിക്കൂർ ഡ്രൈവുള്ള ഞങ്ങളുടെ അടുത്ത താമസസ്ഥലമായ വെയ്ൻസ്‌വില്ലയിലേക്ക് യാത്ര തിരിച്ചു. മൂന്നു ദിവസത്തെ താമസസ്ഥലമായ വെയ്ൻസ്‌വില്ലയിലെ കാബിനിൽ എത്തിയപ്പോൾ കടുത്ത തണുപ്പായിരുന്നു. ബബിതയും അനിതയും ചേർന്ന് കഞ്ഞിയും ചമ്മന്തിയും പപ്പടവും പയറുലർത്തിയതും ഉണ്ടാക്കി.

മൂന്നാം ദിവസം ഞങ്ങൾ സ്‌മോക്കി മൗണ്ടൻ കാണാൻ പോകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം റോഡുകൾ അടച്ചിരുന്നു. പകരം ചിറോക്കിയുടെ പരിസര പ്രദേശങ്ങളും ജുനെലെസ്കാ തടാകവും കണ്ടു. തിരികെ കാബിനിലെത്തി ക്രിസ്മസ് ആഘോഷിച്ചു.നാലാം ദിവസം രാവിലെ ന്യൂ ഫൗണ്ട് ഗ്യാപ് റോഡ് തുറന്നിട്ടുണ്ടെന്നറിഞ്ഞതിനാൽ ടെന്നസിയിലേക്ക് യാത്ര തിരിച്ചു. ചിറോക്കിയിൽ നിന്ന് 100 മൈൽ ദൂരം സ്‌മോക്കിയുടെ താഴ്‌വാരത്തിലൂടെ രണ്ടര മണിക്കൂർ യാത്ര ചെയ്ത് കേഡ്‌സ് കോവിൽ എത്തി.

11 മൈൽ മാത്രം ദൂരമുള്ള കേഡ്‌സ് കോവ് ചുറ്റിക്കാണാൻ ഞങ്ങൾക്ക് രണ്ടര മണിക്കൂർ വേണ്ടിവന്നു. വലിയ മൃഗങ്ങളെ കാണാൻ കഴിഞ്ഞില്ലെങ്കിലും മാനുകളെയും മ്ലാവുകളെയും കണ്ട് കുട്ടികൾ ആഹ്ലാദഭരിതരായി. തുടർന്ന് ഗാറ്റ്ലിൻബർഗ് എന്ന മനോഹരമായ നഗരത്തിലെത്തി. തിരികെ ന്യൂ ഫൗണ്ട് ഗ്യാപ് റോഡിലൂടെ ചിറോക്കിയിലേക്ക് യാത്ര തിരിച്ചു. ഐസ് നിറഞ്ഞ റോഡിലൂടെയുള്ള യാത്ര സാഹസികമായിരുന്നു.

25-ാം തീയതി രാവിലെ കാബിൻ ഒഴിഞ്ഞ് റ്റാംപയിലേക്കുള്ള യാത്ര ആരംഭിച്ചു. പത്തു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ വൈകുന്നേരം എട്ടുമണിയോടെ വീട്ടിലെത്തി. "സ്‌മോക്കി മൗണ്ടൻ ഇങ്ങെടുത്തു" എന്ന ജോഷിന്‍റെ വാക്കുകൾ ഞങ്ങളെ ചിരിപ്പിച്ചു.

English Summary:

A Christmas drive through the snowy mountains

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com