സുകൃതം പകരാൻ റമസാൻ എത്തി

Mail This Article
പുണ്യമാസമായ റമസാൻ സമാഗതമായി. മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് അവന്റെ മനസ്സും, ശരീരവും, പ്രവർത്തനങ്ങളും എല്ലാം ദൈവത്തിന് മുന്നിൽ സമർപ്പിക്കുന്ന മാസമാണിത്. വിശപ്പും ദാഹവും സ്വന്തം ശരീരത്തിന് സ്വയം മനസ്സിലാക്കി കൊടുക്കുന്നതിലൂടെ തന്റെ സഹപാഠിയുടെ വിശപ്പും ദാഹവും എത്ര കഠിനമാണ് എന്ന് മനസ്സിലാക്കുവാനും അതു വഴി നമുക്കുള്ളതിൽ നിന്ന് കുറച്ചെങ്കിലും ദാനം നൽകാനും ഒരു വിശ്വാസിയെ മാനസികമായി തയ്യാറാക്കുന്നതാണ് നോമ്പ്.
സാമൂഹിക ജീവിതത്തിൽ മനുഷ്യൻ സ്വാഭാവികമായും പല തരം തെറ്റുകുറ്റങ്ങളിൽ ഏർപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാൽ ഒരു വിശ്വാസിക്ക് അവന്റെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് അവയെ തെറ്റിലേക്കു നയിക്കാതെ ജാഗ്രതയോടും ഏകാഗ്രതയോടും കൂടി ദൈവ സ്മരണയോടെ സർവ്വവും ദൈവത്തിന് സമർപ്പിക്കുവാനുള്ള ഒരു പരിശീലനം കൂടിയാണ് ഒരു മാസത്തെ നോമ്പ് നൽകുന്നത്. ജീവിത രീതിയിൽ ശാരീരിക, മാനസിക, വിശ്വാസപരമായി സമൂല മാറ്റം ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് റമസാൻ മാസം അനുഗ്രഹത്തിന്റെ മാസമാണ്.
ഈ റമസാൻ മാസം വിശ്വാസിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. പന്ത്രണ്ട് മാസങ്ങളിൽ വച്ചേറ്റവും ശ്രേഷ്ഠമായ ഈ പുണ്യ മാസത്തെ 'സയ്യിദ് ശുഹുർ' അതായത് എല്ലാ മാസങ്ങളുടെയും നേതാവായാണ് കണക്കാക്കുന്നത്. റമസാൻ മാസത്തിലാണ് മുസ്ലീം വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ അവതരിച്ചത്. ആയിരം രാവിനെക്കാൾ ശ്രേഷ്ഠമായ ‘ലൈലത്തൂർ ഖദ്ർ ‘എന്ന പുണ്യ ദിനമാണ് റമസാനിലെ പ്രധാന സവിശേഷത.
ഒരു ഫർള് (നിർബന്ധ പ്രാർഥന)ചെയ്താൽ മറ്റു മാസങ്ങളിൽ എഴുപത് തവണ ആ ഫർള് ചെയ്ത പ്രതിഫലവും ഒരു സുന്നത്ത് (നിർബന്ധമല്ലാത്ത പ്രാർഥന) ചെയ്താൽ ഒരു ഫർള് ചെയ്ത കൂലിയും ലഭിക്കുന്നു. ഈ റമസാൻ മാസത്തിൽ മനുഷ്യന്റെ ശത്രുവായ ഇബിലീസിനെ ചങ്ങലക്കിടുകയും സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്യുന്നു.
നോമ്പ് ഏതൊരാൾക്കും നരകത്തെ തൊട്ടു കാക്കുന്ന പരിചയാണ്. ഒരു ദിവസം നോമ്പ് നോക്കുന്നവന് അവന്റെ ഖിതാബിൽ പത്തു നന്മകൾ എഴുതപ്പെടും.‘നോമ്പ് എനിക്കുള്ളതാണ് അതിന്റെ പ്രതിഫലം നൽകുന്നതും നാമാണ് (അല്ലാഹു) ’ഈ വാക്കിൽ തന്നെ നോമ്പിന്റെ മഹത്വം എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു. കാരണം മറ്റെല്ലാ ആരാധനാ കർമ്മങ്ങളും ആരെയെങ്കിലുമൊക്കെ ബോധ്യപ്പെടുത്താനായി നമുക്ക് ചെയ്യാം എന്നാൽ നോമ്പ് നോക്കുന്ന ഒരാൾക്ക് അത് ദൈവത്തിനെ തന്നെ നേരിട്ട് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ഇതെല്ലാം വിശ്വാസപരമായ കാര്യങ്ങൾ. ഇനി ഈ നോമ്പ് കൊണ്ട് നമ്മുടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നറിയാം. നമ്മുടെ ശരീരം ഒരു വാഹനത്തിന്റെ എൻജിനോട് ഉപമിക്കാം. നിരന്തരം ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടക്കൊക്കെ ഒന്ന് വർക്ക് ഷോപ്പിൽ കയറ്റി നമ്മൾ അതിന്റെ ബ്രേക്കും ക്ലച്ചും ഓയിലും തേയ്മാനവും ഒക്കെ പരിശോധിച്ച് ശരിയാക്കാറുണ്ട്. എന്നാൽ നമ്മുടെ ശരീരത്തിന്റെ എൻജിൻ ആയ ആമാശയവും, കരളും, വൃക്കയും തുടർച്ചയായി കരിച്ചതും, പൊരിച്ചതും, എരിവും, പുളിയും, ഉപ്പും മധുരവും, ഓയിലും നെയ്യും എല്ലാം മിതമായും അമിതമായും കഴിക്കുമ്പോൾ ഇടക്കൊക്കെ നമ്മുടെ എൻജിൻ ആയ ആമാശയത്തിനും, കരളിനും, വൃക്കക്കും ഒരു വിശ്രമം വേണ്ടേ? ആ വിശ്രമമാണ് നോമ്പ് നോക്കുന്നതിലൂടെ ഒരു നോമ്പുകാരന് കിട്ടുന്നത്. മിതമായ ഭക്ഷണം കഴിച്ചു കൊണ്ട് ആവശ്യത്തിന് വിശ്രമം നൽകുമ്പോൾ നമ്മുടെ ആന്തരിക അവയവങ്ങൾക്ക് മതിയായ പ്രവർത്തന ക്ഷമത കൈ വരുകയും കുറേ കാലം കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ഊർജം കിട്ടുകയും ചെയ്യും.
നമ്മൾ ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ശേഖരിച്ചു വെച്ചിട്ടുള്ള കൊഴുപ്പിൽ നിന്ന് ഊർജം കണ്ടെത്തുകയും ഇതുപയോഗിച്ച് നമ്മുടെ ഹൃദയം, തലച്ചോറ്, മസിൽ തുടങ്ങിയവ പ്രവർത്തനക്ഷമമാകുകയും ഇതുമൂലം ബ്ലഡ് പ്രഷർ കുറയുകയും രക്ത കുഴലിൽ അടിഞ്ഞു കൂടുന്ന പ്ലെയ്റ്റിനെ തടയാനും കഴിയുന്നു. കീറ്റോ മെറ്റബോളിക് കൊണ്ട് നമ്മുടെ തലച്ചോറ് പ്രവർത്തിക്കുമ്പോൾ നമ്മുടെ മാനസികാരോഗ്യം വർധിക്കുകയും മനസ്സ് കൂടുതൽ പോസിറ്റീവ് ആകുകയും ചെയ്യുന്നു. ഉപവാസം മൂലം കരളിൽ കൊഴുപ്പ് കുമിഞ്ഞു കൂടുന്നത് തടയാനും ഫാറ്റി ലിവർ കുറയ്ക്കാനും കഴിയും.
ശരിയായ രീതിയിൽ നോമ്പ് നിർവഹിക്കുന്നവന് പല ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. എന്നാൽ പല ആളുകൾക്കും നോമ്പ് നോക്കൽ നിർബന്ധമില്ല- കുഞ്ഞുങ്ങൾ, വൃദ്ധർ, രോഗികൾ. എന്നാൽ പല രോഗത്തിനും നോമ്പ് നല്ല ഫലം ചെയ്യുന്നുണ്ട്. മനുഷ്യൻ മാത്രമല്ല ഈ ഉപവാസം അനുഷ്ഠിക്കുന്നത്. ചില വന്യ ജീവികളും ഒരു മൃഗത്തെ ഭക്ഷിച്ചാൽ ദിവസങ്ങളോളം പിന്നെ ഒരു ഭക്ഷണവും കഴിക്കാതെ ഉപവസിക്കാറുണ്ട്. അമിതമായ വണ്ണം, കൊളസ്ട്രോൾ, തുടങ്ങിയ രോഗങ്ങൾക്ക് നോമ്പ് നല്ല ഫലം ചെയ്യുന്നുണ്ട്.
വിശ്വാസപരമായ ഗുണങ്ങൾക്ക് പുറമെ ശാരീരികമായ നേട്ടങ്ങളും നോമ്പ് നൽകുന്നുണ്ട്. ആദ്യമായി ഒരു കാര്യം ഓർമിപ്പിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് മരുന്ന് സ്ഥിരമായി കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശ പ്രകാരമേ നോമ്പ് നോക്കാവൂ.
∙പ്രമേഹം :12/14 മണിക്കൂർ ഉപവാസം എടുക്കുന്ന ആൾക്ക് ബ്ലഡ് ഷുഗർ കുറഞ്ഞു നിൽക്കുന്നതിനാൽ പാൻക്രിയാസിന് അധികം ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ടി വരുന്നില്ല .അതു കൊണ്ട് പാൻക്രിയാസിന് നല്ല വിശ്രമം കിട്ടും. ഷുഗർ ലെവൽ വർധിക്കാതെ നിലനിർത്താനും കഴിയുന്നു.
∙രക്തസമ്മർദം :12/14 മണിക്കൂർ ഭക്ഷണം കഴിക്കാത്തത് മൂലം നമ്മുടെ മെറ്റോ ബോളിസ റൈറ്റ് കുറയുകയും അഡ്രീനൽ ഹോർമോണിന്റെ നിലയിലും വ്യത്യാസം വരുകയും ചെയ്യും. ഇത് കിഡ്‌നിയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ധാതു ലവണങ്ങളും വെള്ളവും അമിതമായി പുറം തള്ളാനും രക്ത സമ്മർദ്ദം ഗണ്യമായി കുറക്കാനും സഹായിക്കും.
ഉപവാസം എടുത്തു തുടങ്ങുന്നതോടെ വിശ്രമമില്ലാതെ പ്രവർത്തിച്ചിരുന്ന നമ്മുടെ കിഡ്നി, ലിവർ, ആമാശയം തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് വിശ്രമം ലഭിക്കും. 12. മണിക്കൂർ ഉപവാസം എടുക്കുന്നതോടെ നമ്മുടെ ശരീരത്തിലെ വിഷാശം പുറം തള്ളുന്നു. അതിന് ശേഷം കൂടുതൽ വെള്ളം കുടിച്ചാൽ നമ്മുടെ ശരീരം സ്വാഭാവികമായും പ്രോസസ് ചെയ്യപ്പെടുകയും വിയർപ്പ്, മൂത്രം എന്നിവയിലൂടെ കോശങ്ങളിലെ വിഷാംശം പുറം തള്ളപ്പെടുന്നതിനാൽ രക്ത സമ്മർദ്ദം ഗണ്യമായി കുറക്കുകയും ചെയ്യും.
∙ഡിപ്രഷൻ : ഉപവാസ സമയത്ത് തലച്ചോർ കൂടുതൽ പ്രവർത്തന ക്ഷമത കൈ വരിക്കുന്നതിനാൽ അൾഷിമെഴ്‌സ്, ഓർമക്കുറവ് എന്നിവയ്ക്ക് മാറ്റം വരുന്നു. തലച്ചോറിൽ Brain derived neorotropic factor (BDNF) എന്ന ഹോർമോൺ കൂടുതൽ ഉണ്ടാകുകയും പുതിയ നാഡീ കോശങ്ങൾ ഉണ്ടാകാൻ സഹായിക്കുകയും ചെയ്യും. നമ്മുടെ ഞരമ്പുകൾ എല്ലാം ഉണരുന്നതിനനുസരിച്ചു ഓർമ ശക്തി കൂടുകയും അൽഷിമെഴ്സ്, പാർക്കിസൺ എന്നീ രോഗങ്ങൾ കുറയുകയും ചെയ്യുന്നു.
ചുരുക്കത്തിൽ ഈ ഉപവാസം കൊണ്ട് ഒരു മനുഷ്യന് മനസ്സിനും ശരീരത്തിനും എന്നു വേണ്ട അവന്റെ സർവ്വ പ്രവർത്തനങ്ങളിലും കാര്യമായ ഒരു മാറ്റം കൊണ്ട് വരാൻ കഴിയുന്നു.ഇന്ന് മുസ്ലിം വിശ്വാസികൾ ആചരിക്കുന്ന ഈ ഉപവാസത്തിനോട് ചേർന്ന് നിൽക്കുന്നതാണ് Intermittent fasting method. 2016 ൽ ഇതിന് നോബേൽ പ്രൈസ് കിട്ടി. റമസാൻ വ്രതത്തിന്റെ സമയം ഏകദേശം 14-15.മണിക്കൂറാണ് എന്നാൽ ഇന്ന് നിലവിൽ Intermittent fasting കൊണ്ട് വിശ്വാസപരമായ നേട്ടവും ആരോഗ്യപരമായ നേട്ടവും ഉണ്ടാക്കാം കാരണം 16 മണിക്കൂർ ഉപവാസം കൊണ്ട് പല വിധ രോഗങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്നുണ്ട്. അതിനാൽ നോമ്പ് തുറക്കുമ്പോൾ വെള്ളം കൊണ്ടോ ഒരു കാരക്ക കൊണ്ടോ നോമ്പ് തുറന്ന് 16 മണിക്കൂർ കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഭക്ഷണം കഴിച്ചാൽ ശരീരത്തിന് വലിയ ഗുണങ്ങൾ ഉണ്ടാക്കാൻ കഴിയും.
എന്നാൽ ഇന്ന് നാം കാണുന്ന ചില തരത്തിലുള്ള ഉപവാസവും നോമ്പ് തുറക്കലും മത വിശ്വാസപ്രകാരമോ, ശാസ്ത്രീയ പരമായോ ഒരു നേട്ടവും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നുണ്ട് എന്ന് പറയാതെ വയ്യ. എന്ത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.? അതിന് ഉത്തരം തേടി നമ്മൾ അലയേണ്ട ആവശ്യമില്ല. നോമ്പ് തുറ സമയമായാൽ നമ്മുടെ വീടുകളിലും, പള്ളികളിലും, ഹോട്ടലുകളിലും, റോഡ് വശങ്ങളിലും നാം ഒന്ന് ശ്രദ്ധിച്ചാൽ മതി. എണ്ണയിലും, നെയ്യിലും വിവിധ നിറത്തിലും, മണത്തിലും, രുചിയിലും പൊരിച്ചെടുത്ത നൂറ് കണക്കിന് വിഭവങ്ങളാണ് ഈ നോമ്പു തുറ സമയത്ത് നാം അകത്താക്കുന്നത്. പകൽ മുഴുവനും ഉമിനീര് പോലും ഇറക്കാത്ത വെറും വയറ്റിലേക്കാണ് നാം ഇതൊക്കെ കയറ്റി വിടുന്നത്. പണ്ട് നമ്മളൊക്കെ കേൾക്കാറുള്ള ഒരു പഴ മൊഴിയുണ്ട് 'രാവിലെയും ഉച്ചക്കും രാജാവിനെ പോലെ കഴിക്കുക രാത്രി യാചകനെപ്പോലെ കഴിക്കുക.' ഒരു നേരം ഭൂജിക്കുന്നൻ യോഗി രണ്ട് നേരം ഭൂജിക്കുന്നവൻ രോഗി, മൂന്ന് നേരം ഭൂജിക്കുന്നവൻ ദ്രോഹി “ എന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ന് ഈ വാക്കിനെ അന്വർഥമാക്കുന്ന രീതിയിലാണ് ഇന്ന് കാര്യങ്ങളുടെ പോക്ക്.
ഇന്ന് കേട്ട് കേൾവിപോലും ഇല്ലാത്ത രോഗങ്ങളും, കൂണ് പോലെ മുളച്ചു പൊന്തുന്ന ആശുപത്രികളും. നമ്മുടെ ഭക്ഷണ, ജീവിത രീതികൾ എത്ര കണ്ട് മാറിയിട്ടുണ്ടോ അത്ര കണ്ട് നമുക്ക് പല വിധ രോഗങ്ങളും വർധിച്ചിട്ടുണ്ട്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ കാലാവസ്ഥക്കനുസരിച്ചോ നമ്മുടെ ശരീര പ്രകൃതിക്കനുസരിച്ചോ ഉള്ളതല്ല. നമ്മുടെ ശീലങ്ങളെ മറന്ന് പശ്ചാത്യ ശീലങ്ങളെ പിന്തുടർന്നതിന്റെ പരിണിത ഫലമല്ലേ ഇന്ന് നാം അനുഭവിക്കുന്ന ഈ മാറാ രോഗങ്ങൾ? ആധുനിക വൈദ്യ ശാസ്ത്ര പിതാവായ ഹിപ്പോക്രാറ്റസിന്റെ വാക്ക് കടമെടുത്താൽ 'ആഹാരം മരുന്നാണ്, മരുന്നാണ് ആഹാരം'. എന്നാൽ ഇന്ന് ആളുകൾ ആഹാരം കഴിക്കുന്നതിലും കൂടുതലാണ് മരുന്നുകൾ കഴിക്കുന്നത്.
നമ്മുടെ മാർക്കറ്റിൽ നിന്നും കിട്ടുന്ന ഭക്ഷ്യ ധാന്യങ്ങൾ ഇന്ന് വിശ്വാസ യോഗ്യതയോടെ കഴിക്കാൻ പറ്റുന്നുണ്ടോ.? മായം കലരാത്ത, വിഷം ചേർക്കാത്ത എന്ത് ഭക്ഷണ സാധനങ്ങളാണ് ഇന്ന് മാർക്കറ്റിൽ നിന്ന് കിട്ടുന്നത്. കച്ചവട കണ്ണോടെ ഉണ്ടാക്കുന്നവന്ന് അവന്റെ മുന്നിൽ ലാഭം മാത്രമേ കാണുകയുള്ളൂ. അത് കൊണ്ട് മാനവ രാശിക്കു ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കാണാൻ ഇവർ ശ്രമിക്കുന്നില്ല. ഇന്ന് വീട്ടിൽ വച്ച് വിളമ്പി ഭക്ഷണം കഴിക്കുന്നവർ കുറഞ്ഞു വരുകയാണ്. വിവിധ നിറത്തിലും, രുചിയിലും, മണത്തിലും, ഹോട്ടലുകളിൽ പോയി കഴിക്കാനാണ് ഇന്ന് എല്ലാവർക്കും താല്പര്യം. ഇത് എപ്പോഴെങ്കിലും ഒന്ന് പുറത്ത് പോയി കഴിക്കുന്നവരെ ഉദ്ദേശിച്ചു പറയുന്നതല്ല. സ്ഥിരം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവർ വളരെ ശ്രദ്ധിക്കുക. അനുവദനീയം അല്ലാത്തതിനാലും കൂടുതൽ കൃത്രിമ വസ്തുക്കൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കലർത്തുന്നുണ്ട്. അത് മിക്കവരിലും പെട്ടെന്ന് ഫലിക്കില്ലെങ്കിലും ഒരു ചെറിയ വിഷം എന്ന നിലയിൽ അത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുണമല്ല.
ന്നത്തെ ജീവിത തിരക്കിനിടയിൽ നമുക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ അത് സ്ഥിരം കഴിക്കാതെ നോക്കണം .അതും കൃത്രിമ സാധനങ്ങൾ ചേർക്കുന്നില്ല എന്നുറപ്പുള്ള സാധനം കഴിക്കുകയും അതു പോലുള്ള ഹോട്ടലുകളിൽ നിന്ന് കഴിക്കാനും ശ്രദ്ധിക്കുക. മാർക്കറ്റിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ വാങ്ങിക്കാതെ നമുക്ക് ഭക്ഷിക്കാൻ കഴിയില്ല. പച്ചക്കറിയും പഴവർഗ്ഗങ്ങളും വളരെ ശ്രദ്ധിച്ചു കഴിക്കണം ഇരുപത് മിനിറ്റെങ്കിലും ഉപ്പ് വെള്ളത്തിലോ വിനാഗിരി ചേർത്ത വെള്ളത്തിലോ ഇട്ട് വെച്ചതിനു ശേഷം ഉപയോഗിക്കണം.
ഇപ്പോൾ അടുത്ത കാലത്തായി ചെറുപ്പക്കാർ അടക്കം വളരെ പേർ കുഴഞ്ഞു വീണ് മരിക്കുന്നത് വർധിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണ രീതിയിലെ മാറ്റവും വ്യായാമത്തിന്റെ കുറവും നമ്മൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ പരിണിത ഫലവുമാണ് ഇന്ന് കാണുന്ന പെട്ടെന്നുള്ള മരണം നമ്മൾ ആരോഗ്യ രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തി എന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴും. രോഗത്തിന്റെ എണ്ണവും, രൂപവും മാറി മാറി വരുന്നു. അതിനനുസരിച്ചു ആശുപത്രികളുടെ എണ്ണവും വർധിച്ചു കൊണ്ടിരിക്കുന്നു.
ഇന്ന് നമ്മൾ ഈ കാണുന്ന വികസനമല്ല ആരോഗ്യ രംഗത്ത് വേണ്ടത് .രോഗമില്ലാത്ത, ആരോഗ്യവാന്മാരായ ഒരു ജനത, അതിനാണ് ശ്രമിക്കേണ്ടത് അല്ലാതെ കുറേ അസുഖം വന്നാലും കുഴപ്പമില്ല ഞങ്ങൾ കുറേ ആശുപത്രികൾ ഉണ്ടാക്കിയിട്ടുണ്ടല്ലോ എന്ന് പറഞ്ഞത് കൊണ്ടായില്ല. 'രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ്' ഇതിനെയൊക്കെ പുറമെയാണ് നമ്മൾ എന്ത് കഴിക്കണം എപ്പോൾ കഴിക്കണം, എങ്ങനെ കഴിക്കണം എന്നൊന്നും അറിയാതെ വിശപ്പ് മാറാൻ എന്തൊക്കെയോ കഴിക്കുന്നു.
ഉപവാസം അവസാനിപ്പിക്കുമ്പോൾ നമ്മൾ എന്താണ് കഴിക്കേണ്ടത് എന്ന് ശരിയായ ധാരണ ഇല്ലാതിരിന്നിട്ടോ, അതോ അതൊന്നും നമ്മളെ പരോക്ഷമായി ബാധിക്കുന്ന വിഷയമല്ല എന്ന മിഥ്യാ ധാരണ കൊണ്ടോ നമ്മൾ എന്തൊക്കെയോ കുത്തി നിറച്ചു കൊണ്ട് നാല് എമ്പക്കവും വിട്ടു കൊണ്ട് സംതൃപ്തി അടയുന്ന കാഴ്ചയാണ് കാണുന്നത്. നമ്മുടെ വ്രതം കൊണ്ട് ശരീരത്തിന് ഗുണം കിട്ടണമെങ്കിൽ ഗുണം അറിഞ്ഞു തന്നെ കഴിക്കണം. ഈ നോമ്പ് കാലം അതിനൊരു തുടക്കമാവട്ടെ.
∙അത്താഴം : അത്താഴം മുതൽ തന്നെ തുടങ്ങാം .അത്താഴത്തിന് എണീറ്റ ഉടനെ കഴിയുന്നത്ര ശുദ്ധ ജലം കുടിക്കുക, ഗോതമ്പ് കൊണ്ടോ, തവിട് കളയാത്ത അരികൊണ്ടോ, റാഗി കൊണ്ടോ ഉണ്ടാക്കിയ കഞ്ഞോ, ചോറോ മറ്റു വിഭവങ്ങളോ (അധികം ,എരിവും പുളിയും, ഉപ്പും കൂടാതെ) കഴിക്കാം. അതല്ലെങ്കിൽ ഏത്തപ്പഴം പുഴുങ്ങിയതോ, മുട്ടയുടെ വെള്ളയോ, ഓട്സോ, കഴിക്കുക. ചായയും കാപ്പിയും ഒഴിവാക്കുക കാരണം ഇത് ശരീരത്തിന് നിർജ്ജലീകരണം ഉണ്ടാക്കും. ബട്ടർ കോഫി കഴിക്കുന്നത് നല്ലതാണ്.
∙വൃതം അവസാനിപ്പിക്കൽ : മണിക്കൂറുകളോളം ഉമി നീരുപോലും ചെല്ലാത്ത ആമാശയത്തിലേക്ക് ആദ്യം ചെല്ലേണ്ടത് ശുദ്ധ വെള്ളമോ കാരക്കയുടെ നീരോ ആകുന്നതാണ് ഉത്തമം. കുറച്ചു കഴിഞ്ഞു ഫ്രൂട്സ് കഴിക്കുന്നതാണ് ഉത്തമം. മറ്റു കൃത്രിമമായ കളറോ, മണമോ, പഞ്ചസാരയോ, ചേർക്കാത്ത ജ്യൂസ് കഴിക്കാം. പുളിയുള്ള നാരങ്ങയോ, ഓറഞ്ചോ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല. ചിലർക്ക് അത് ഗ്യാസും, നെഞ്ച് എരിച്ചിലും ഉണ്ടാക്കും അത് കൊണ്ട് കുറച്ചു കഴിഞ്ഞു കഴിക്കുന്നതാണ് ഉത്തമം. വറുത്തതും പൊരിച്ചതും കൂടുതൽ കഴിക്കുന്നത് ഉത്തമമല്ല. അതും ഉപയോഗിച്ച എണ്ണയിൽ തന്നെ വീണ്ടും ചൂടാക്കിയും ഫ്രിഡ്ജിൽ വെച്ച് വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്നതൊക്കെ നമ്മുടെ ദഹന പ്രക്രിയ താറുമാറാക്കും.
വിരുദ്ധ ആഹാരങ്ങൾ കഴിക്കുന്നതിനെ പറ്റി നമ്മൾ അറിഞ്ഞിരിക്കണം. പല ഭക്ഷണവും ഒന്നിച്ചു കഴിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥിതിയെ കാര്യമായി ബാധിക്കും (എന്നാൽ പലർക്കും ഇങ്ങനെയൊക്കെ ഇത്ര കാലം കഴിച്ചിട്ടും കാര്യമായി രോഗം ഒന്നും വന്നിട്ടില്ല എന്ന് കരുതി എല്ലാവരും കഴിക്കരുത് .കാരണം അത് ചിലരുടെ രോഗ പ്രതിരോധ ശക്തി പോലെയിരിക്കും ) അതു കൊണ്ട് തന്നെ അവ ഒന്നിച്ചു ഭക്ഷിക്കരുത്. ഭക്ഷണം ചവച്ചരച്ചു ഉമിനീര്കലർത്തി കഴിക്കുക. കാരണം ഭക്ഷണം അരച്ച് കുഴക്കുന്ന ജോലി പല്ലിന്റേതാണ് .ആ പണി ചെയ്യാതെ ഭക്ഷണം ആമാശയത്തിൽ എത്തിയാൽ ആമാശയം അധികം കഠിനാധ്വാനം ചെയ്യേണ്ടി വരികയും അത് ആമാശയത്തിനെയും, കരളിനെയും, വൃക്കയേയും ദുർബലപ്പെടുത്തുകയും ചെയ്യും.
കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കാതിരിക്കുക. കാരണം നമ്മുടെ നാവിൽ ഭക്ഷണം വയ്ക്കുമ്പോൾ ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ ദഹന രസം ഉൽപാദിപ്പിക്കും. അതു പോലെ ഭക്ഷണം ആമാശയത്തിൽ ചെന്നാൽ ആമാശയവും ഒരു ദഹന രസം പുറപ്പെടുവിക്കും .എന്നാൽ വെള്ളം ചെല്ലുന്നതോടെ ഈ രസം നിർവീര്യമാകുകയും ഭക്ഷണം ദഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോൾ സമയമെടുത്തു റിലാക്‌സായി ചവച്ചരച്ചു കഴിക്കുക.
ആയുർവേദ വിധി പ്രകാരം (ഇത് അലോപ്പതിക്കാർ അംഗീകരിക്കണം എന്നില്ല)പരമ്പരാഗതമായി നാം കഴിച്ചു ശീലിച്ചു പോന്ന പല ആഹാര രീതികളിൽ നിന്നും മാറി പുതിയ ചില ശീലങ്ങൾ നമുക്ക് വന്ന് കൊണ്ടിരിക്കുകയാണ്. അതാവട്ടെ വിരുദ്ധാഹാരങ്ങൾ എന്ന നിലയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. എന്താണ് വിരുദ്ധാഹാരം എന്നതിൽ ചിലത് നമുക്ക് നോക്കാം.
∙പാലിന്റെ കൂടെ പഴ വർഗ്ഗങ്ങൾ കഴിക്കരുത്.
∙കോഴിയിറച്ചിയും തൈരും കൂടെ കഴിക്കരുത്.
∙മീനും മോരും കൂടെ കഴിക്കരുത്.
∙ഉഴുന്നും മുട്ടയും കൂടെ കഴിക്കരുത്.
∙പഴുത്തതും പഴുക്കാത്തതും ഒന്നിച്ചു കഴിക്കരുത്.
∙നാരങ്ങയോടൊപ്പം തൈര്, പാൽ, വെള്ളരി എന്നിവ കഴിക്കരുത്.
∙തൈരിനൊപ്പം കോഴിയിറച്ചി, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, പായസം എന്നിവ കഴിക്കരുത്.
∙ഫ്രിഡ്ജിൽ വെച്ച സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്.
∙പുളിയുള്ള ഫ്രൂട്സിനൊപ്പം പാൽ ചേർത്ത് കഴിക്കരുത്.
∙ രാത്രിയിൽ തൈര് കഴിക്കരുത്.
∙തേൻ ചൂടാക്കിയോ, തേൻ ചേർത്ത ചൂട് വെള്ളം കുടിക്കാനോ പാടില്ല.
∙നെയ്യ് കഴിച്ച ഉടനെ തണുത്ത വെള്ളം കു ടിക്കരുത്.
∙ഭക്ഷണം കഴിച്ച ഉടനെ ഐസ് ക്രീമോ, ഫ്രൂട്സോ കഴിക്കരുത്.
∙തൈര് ചൂടാക്കി കഴിക്കരുത്.
∙ചുട്ട ഇറച്ചിക്കൊപ്പം മയോണൈസ് കഴിക്കരുത്.
∙തണുത്തതും, ചൂടുള്ളതും കൂട്ടി കലർത്തി കഴിക്കരുത്.
∙വേവിച്ചതും വേവിക്കാത്തതും ഒന്നിച്ചു കഴിക്കരുത്.
∙ചെമ്മീനും കൂണും ഒന്നിച്ചു കഴിക്കരുത്.
∙നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കരുത്.
∙ഗോതമ്പ് വിഭവങ്ങൾ എള്ളെണ്ണയിൽ കൂട്ടി കഴിക്കരുത്.
∙മഞ്ഞളും കടുക് എണ്ണയും ചേർത്ത് കഴിക്കരുത്.
∙ഒലിവ് ഓയലും നട്സും ഒന്നിച്ചു കഴിക്കരുത്.
∙ഏത്തപ്പഴവും പാലും ഒന്നിച്ചു കഴിക്കരുത്.
∙പാലും മുതിരയും ഒന്നിച്ചു കഴിക്കരുത്
നോമ്പിലൂടെ വിശ്വാസപരമായ നേട്ടത്തിനോടൊപ്പം ആരോഗ്യപരമായ ജീവിത ശൈലി കെട്ടിപ്പടുക്കാൻ ഈ പുണ്യ മാസത്തിൽ നമുക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് തുടക്കം കുറിക്കാം.