ADVERTISEMENT

മനസ്സാക്ഷിയെ പരുക്കേൽപ്പിച്ചുകൊണ്ടിരിക്കുന്ന സമീപകാല കേരളത്തിന്റെ ആക്രമണോത്സുക വാർത്തകളുടെ പശ്ചാത്തലത്തിൽ ഉണർന്നെണീറ്റ ജനതയ്ക്ക് അഭിവാദ്യങ്ങൾ. സവിശേഷമായ ശാസ്ത്ര-പഠന-നിരീക്ഷണങ്ങൾ ഇപ്പോഴെങ്കിലും സമൂഹമധ്യേ ഉയർന്നുവരുന്നത് അഭിനന്ദനാർഹമാണ്.

ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അകലം പാലിച്ചുനിൽക്കാൻ പറ്റാത്തവിധം അനുദിനമെന്നോണം അസ്വാസ്ഥ്യപ്പെടുത്തുന്ന ദുരന്ത വർത്തമാനങ്ങളിലൂടെയാണല്ലോ കേരളസമൂഹം കടന്നുപോകുന്നത്. ആലുവയിലും കൂടത്തായിയിലും അവസാനിക്കുന്നതല്ല ചേന്ദമംഗലം, നെന്മാറയും വെഞ്ഞാറമ്മൂടും ഏറ്റവുമൊടുവിൽ താമരശ്ശേരി വരെയെത്തിനിൽക്കുന്ന കൂട്ടക്കൊലകളും കുട്ടിക്കൊലകളും എന്നത് ഇനിയും കാരുണ്യം വറ്റാത്തവരെ സംബന്ധിച്ച് വേദനയേറിയതാണ്. ചെന്താമരയിലോ അഫാനിലോ ഷഹബാസിന്റെ കുട്ടിക്കൊലയാളികളിലോ കേന്ദ്രീകരിക്കേണ്ട ഒന്നല്ല,കേരളത്തിന്റെ സാമൂഹ്യമനസ്സിനെ ബാധിച്ച ഗുരുതര രോഗത്തെ ശാസ്ത്രീയമായി പഠിക്കേണ്ട ഘട്ടമാണിത്.

മനഃസ്സാക്ഷിയെ അലട്ടുന്ന ഇത്തരം പല ദുരന്തങ്ങൾക്കും പിന്നാലെ വരുന്ന മറ്റൊരു ഞെട്ടൽ വാർത്ത വരെയേ ആയുസ്സുണ്ടാവാറുള്ളൂ. താമരശ്ശേരിക്ക് പിന്നാലെ വെഞ്ഞാറമ്മൂടും അതിന് പിന്നാലെ നെന്മാറയും വാർത്തകളിൽ നിന്ന് തിരസ്കരിക്കപ്പെടാൻ കാത്തുനിൽക്കുന്നത് പോലെ തോന്നും. ജനകീയ ജാഗ്രതയും മാധ്യമവിചാരണകളും എല്ലാം തദ്‌വിഷയത്തിൽ നിന്ന് പതിയെ തെന്നിമാറും. അതുതന്നെയാണ് ഇത്തരം സംഭവങ്ങൾക്ക് പ്രചോദനമാവുന്നവർക്ക്, പ്രതികളായവർക്ക് നിയമവ്യവഹാരങ്ങളിൽ നിന്ന് ഊരിപ്പോരാനുള്ള സൗകര്യവും സാവകാശവും അനുവദിച്ചുക്കൊടുക്കുന്നത്. പ്രത്യേകിച്ച് പൊളിറ്റിക്കൽ പ്രിവിലേജുള്ളവർക്ക്, കൊടും കുറ്റവാളികളായാൽ പോലും ലഭിക്കുന്ന അമിത നിയമസഹായങ്ങളും പിൻവഴി നീക്കങ്ങളുമെല്ലാം ഒരുവഴിക്ക് നടക്കുന്നുവെന്നതും മറ്റൊരു വസ്തുതയുമാണ്.

ഒരു ഘട്ടം കഴിഞ്ഞാൽ ഈ കേസുകൾക്ക് വാർത്താമൂല്യം നഷ്ടപ്പെടുകയും അവ പതിയെ ജനങ്ങൾ മറക്കാൻ തുടങ്ങുകയും ചെയ്യും. ഒപ്പം ജീവൻ നഷ്ടപ്പെട്ടവരേക്കാൾ ജീവിക്കാൻ അർഹതയുള്ളവരെന്ന് മട്ടിൽ പ്രതികളായവരുടെ പ്രായമോ മനസികാരോഗ്യമോ മറ്റു സ്വാധീനഘട്ടങ്ങളോ പരിഗണിച്ച് മനുഷ്യാവകാശങ്ങൾ ഉണർന്നുവരും. അങ്ങനെ കൊടുംകുറ്റവാളികൾക്ക് അടക്കം അവർ പോലും പ്രതീക്ഷിക്കാത്ത വിടുതൽ ലഭിക്കും. ഒരിക്കൽ അബദ്ധത്തിലെങ്കിലും ഒരു കൊലക്കുറ്റം ചെയ്‌ത്‌ പിടിക്കപ്പെടുന്നവർക്ക് നമ്മുടെ നിയമസംവിധാനങ്ങളുടെ സുഗമവും സുഖകരവുമായ രീതികളും അതിൽ തന്നെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും ചേർന്ന് കുറ്റകൃത്യത്തിന്റെ ഗൗരവം ചോർത്തിക്കളയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം.പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ തന്നെ വിധിക്കപ്പെടുന്ന തടവും പിഴയും തക്ക ശിക്ഷയാവുന്നുണ്ടോ എന്നും അവ യഥാവിധി അവർ അനുഭവിക്കുന്നുണ്ടോ എന്നും ശാസ്ത്രീയമായി തെളിയിക്കട്ടെ.

ഒരു കാര്യത്തിൽ ഉറപ്പ്, ഒറ്റക്കൊലയിൽ നിന്ന് നിരന്തരമായുള്ള കൂട്ടക്കൊലകളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കേരളീയ സമൂഹമനസ്സിന് ഗുരുതരമായ താളപ്പിഴ സംഭവിച്ചിരിക്കുന്നു. പല ഘടകങ്ങളും അതിനുണ്ടാവാം. അതിൽ ഒന്നാമത് തീർച്ചയായും പറയാതെ വയ്യ വയലൻസ് നിറച്ച സിനിമ തന്നെയാണ്. കഥ പറയാൻ വയലൻസ് വേണ്ടിവരും.എന്നാൽ അത് ചിത്രീകരിക്കുന്ന സീനുകൾ ക്രമപ്പെടുത്താൻ സാധിക്കും.

കൊലയും അക്രമവും മാത്രമല്ല, നിർബാധമായ ലഹരിയുപയോഗവും സീനുകൾക്ക് അലങ്കാരമാണിന്ന്. ഇത്തരം സീനുകൾ വ്യത്യസ്ഥ മാനസികഘടനയിൽ കാണുന്നവരായിരിക്കും കൂടുതൽ, പ്രത്യേകിച്ച് കുട്ടികൾ. മുൻപ്  ഇത്തരം സിനിമകൾ പ്രായപൂർത്തി ആയവർക്ക് പരിമിതപ്പെടുത്തിയിരുന്നത് ഓർക്കുക. സീനുകൾ തീയറ്റർ സ്‌ക്രീനിൽ നിന്ന് മൊബൈൽ സ്‌ക്രീനിലേക്ക് സ്വതന്ത്രമായ സാഹചര്യത്തിൽ അതിലൊക്കെ അധികൃതർ ഇളവ് വരുത്തിയായിരിക്കാം.

മറ്റൊന്ന് സമൂഹം സൗകര്യപൂർവം ലഹരിക്ക് കൽപ്പിച്ചുകൊടുത്ത അംഗീകാരമാണ്. കവി സോമൻ കടലൂർ പറഞ്ഞതുപോലെ, ഒളിച്ചിരുന്ന് ബീഡി കത്തിക്കാൻ ഭയപ്പെട്ടിരുന്ന ഒരു കാലത്തുനിന്ന് ജനങ്ങളുടെ മുന്നിലിട്ട് കൊന്ന് ശരീരം കത്തിക്കാൻ ധൈര്യപ്പെടുന്ന ഒരു കാലത്തേക്ക് കേരളം പാതാളയാത്ര നടത്തിരിയിക്കുന്നു. ഇതിനൊക്കെ കൂട്ടുനിൽക്കുന്നത്, 'ധൈര്യം'പകരുന്നത് ലഹരിതന്നെ. സർക്കാരിന്റെ വരുമാനമാർഗവും സർക്കാരിനെ  താങ്ങിനിർത്തുന്നവരുടെ തെളിഞ്ഞും ഒളിഞ്ഞുമുള്ള കച്ചവടവും സമൂഹം നിശ്ശബ്ദമായി കൽപ്പിച്ചുകൊടുക്കുന്ന അംഗീകാരവും ഒപ്പം ലിബറൽ അരാജകവാദം ഉന്നയിക്കുന്നവരുടെ സ്വതന്ത്രമേൽകൈയും എല്ലാം ചേർന്ന് ലഹരിയും ഉദാരലൈംഗികതയും വേണ്ടുവോളം ആഘോഷിക്കപ്പെടുകയും അന്തിമഫലമെന്നോണം സർവദുരന്തത്തിൽ കലാശിക്കുകയും ചെയ്യുകയാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.

വളരെ ചുരുങ്ങിയത്‌ നാം ഒരു വ്യക്തിക്ക്‌ സ്വാധീനിക്കാനാവുന്ന നമ്മുടെ കുടുംബത്തിൽ നിന്നും ഇത്തരം പ്രതിലോമകരവും സമൂഹവിരുദ്ധവുമായ പ്രവണതകൾ തലപൊക്കുന്നത്‌ തടയാൻ കുടുംബാംഗങ്ങൾക്കിടയിൽ, മക്കൾക്കിടയിൽ സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കുകയും അതുവഴി അവരുടെ ദൈനംദിന കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന സാഹചര്യം വേണം. തന്ത വൈബും എഐ യുവതയും തമ്മിലുള്ള അന്തരങ്ങൾ ഫ്ണ്ട്ര​ലി ഫാമിലികൾക്ക്‌ മായ്ച്ചുകളയാൻ പറ്റും. പാരന്റിങ് എന്നത് ചട്ടമാവരുത്‌, ചിട്ടകളായിരിക്കണം. അടുക്കും ചിട്ടയുമില്ലാത്ത രക്ഷിതാക്കളെ കണ്ടുവളരുന്ന കുട്ടികൾ പുറത്തുപോയി എന്ത് അറിവുസമ്പാദിച്ചാലും മികച്ച വ്യക്തികളാവുന്നത് അപൂർവം.

നമുക്ക്‌ സ്വാധ്വീനമുള്ള നമ്മുടെ കൂട്ടായ്മകളിൽ, കൂടിച്ചേരലുകളിൽ, രാഷ്ട്രീയ-മത സംഘടനകളിൽ ഉദാത്ത നിലപാടെടുക്കാൻ സാധിക്കണം. ആളുകൾക്ക്‌ അപായമുണ്ടാക്കുന്ന സാമൂഹികവിരുദ്ധ കൂട്ടായ്മകളിൽ പെട്ടിട്ടുണ്ടെങ്കിൽ തിരുത്തപ്പെടണം. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ അധ്യാപകനെ കുട്ടികൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ കേരളം അന്ന് ലജ്ജിച്ചുതലതാഴ്ത്തിയത് ഓർക്കുക. തെളിഞ്ഞും ഒളിഞ്ഞും പരോക്ഷമായും അക്രമം പ്രോത്സാഹിപ്പിക്കുന്ന മത-രാഷ്ട്രീയസംഘടനകളോട്‌ ഗുഡ്‌ബൈ പറയുക. അവയിൽ നിന്ന് ആളുകളെ രക്ഷിച്ചെടുക്കുക.

മദ്യം,മയക്കുമരുന്ന് എന്നിവക്ക്‌ എത്ര മാന്യപരിവേഷം നൽകിയാലും അവയിലെ അപകടം തിരിച്ചറിയുക. അത്‌ പ്രോത്സാഹിപ്പിക്കേണ്ടതോ നിരുത്സാഹപ്പെടുത്തേണ്ടതോ എന്ന് പരിശോധിക്കുക. നമ്മുടെ വീട്ടിൽ നമ്മുടെ മക്കൾക്ക്‌ കഴിക്കാൻ പറ്റുന്ന ഭക്ഷണപദാർഥം തന്നെ നമുക്കും പോരെ? എഴുത്തിലും ഇതര കലാസൃഷ്ടികളിലും കൂടുതൽ ജാഗ്രത ആവശ്യമാണ്. ഫിലിം സീനുകളിലെ സ്റ്റാറ്റ്യൂട്ടറി വാണിങ്ങ്‌ എന്ന ആത്മാർഥതയില്ലായ്മക്കപ്പുറം കരുതലോടെ പലതും ചെയ്തേ തീരൂ.

English Summary:

An Article written by Anas Mala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com