ഒരു മഴക്കാല നോമ്പ്

Mail This Article
പുറത്ത് മഴ മാത്രമായിരുന്നെങ്കിൽ ഞങ്ങൾ വീട്ടിൽ നിന്ന് ഒരുപക്ഷേ പുറത്തിറങ്ങി ഓടുമായിരുന്നില്ല. എന്നാൽ അതിന്റെ കൂടെ അകമ്പടിയായി വന്ന മനോഹരമായ കാറ്റ് ഞങ്ങളെ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചു. കാരണമുണ്ട്, ആ കാറ്റിൽ അപ്പുറത്തെ കാരിയാട്ട് പറമ്പിലെ വലിയ നാട്ടുമാവിലെ മധുരമൂറുന്ന നാട്ടുമാങ്ങകൾ താഴെ വീണു ചിതറിക്കിടക്കുന്നുണ്ടാവും. അതു ശേഖരിക്കാനാണ് മഴ വകവെക്കാതെ ഇറങ്ങിയോടിയത്. ആദ്യത്തെ നോമ്പിനെപറ്റി പറയുമ്പോൾ തീർച്ചയായും എനിക്ക് മഴയെക്കുറിച്ചും പറയേണ്ടതുണ്ട്.
വീടിന്റെ മുമ്പിലെ നീണ്ട പാടവും തോടും പറയേണ്ടി വരും. കാരണം ഓർമകളിൽ നിറയുന്ന ആദ്യ നോമ്പുകാലങ്ങൾ മഴക്കാലങ്ങൾ നിറഞ്ഞതായിരുന്നു. അല്ലെങ്കിലും മഴ എന്നെ ഒരിക്കലും ഭയപ്പെടുത്തിയിരുന്നില്ല. പിച്ച വച്ചതു മുതൽ ജീവിതത്തിന്റെ എല്ലാ നേരങ്ങളിലും മഴ ഒരു കൂട്ടുകാരനെപ്പോലെ എന്റെ കൂടെയുണ്ടായിരുന്നു.
സ്കൂളിൽ പോകുമ്പോൾ കൂടെ നടന്നു. ഞാൻ ഓടിയപ്പോൾ കൂടെ ഓടി. പനി പിടിച്ചു കിടന്നപ്പോൾ ജനാലക്കരികിൽ വന്നു എത്തിനോക്കി ഒരിളം കാറ്റിനെ അയച്ച് തഴുകി സാന്ത്വനപ്പെടുത്തി. ഓർമകൾ ബാല്യത്തിന്റെ അങ്ങേ അറ്റം വരെ എത്തിച്ചെങ്കിലും അത്രയൊന്നും മങ്ങാത്ത ഒരു നോമ്പിന്റെ ഓർമ്മകൾ നനഞ്ഞു കിടക്കുകയാണ്.
അന്നൊരു മഴക്കാലമായിരുന്നു. അതെന്റെ ആദ്യത്തെ നോമ്പായിരുന്നു. പൊതുവെ കുട്ടികളായ നമ്മളെ നോമ്പ് എടുക്കാൻ പ്രേരിപ്പിക്കുന്നത് അതിന്റെ പുണ്യം ആഗ്രഹിച്ചല്ല...! അന്നത്തെ പലഹാരങ്ങൾ ഓർത്താണ് രാവിലെ നോമ്പും നോറ്റ് അവിടെയും ഇവിടെയുമൊക്കെയായി ചുറ്റിപറ്റി നടക്കുകയാണ്. ഞായറാഴ്ച ആയത് കൊണ്ട് സ്കൂൾ ലീവ് ആണ്. രാവിലെ പെറുക്കി വെച്ച നാട്ടുമാങ്ങകൾ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി. ..!!കൂടതെ തലേന്നത്തെ പലഹരവുമായി ഉമ്മയുടെ പ്രകോപനവും... ധൈര്യമുണ്ടെങ്കിൽ തിന്നോ എന്ന്. മാമ്പഴവും വായിൽ വെള്ളമൂറിയെങ്കിലും എങ്ങനെയോ ഉച്ചവരെ പിടിച്ചു നിന്നു. പക്ഷെ ഉച്ച ആയപ്പോഴേക്കും എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട ഞാൻ ആ മാങ്ങകൾ കൈക്കലാക്കി ഈമ്പി വലിച്ചു തിന്നു.
ആരും കാണാതെ എന്ന ഭാവേന വെള്ളവും എടുത്തു കുടിച്ചു. ഒരു ഏമ്പക്കവും വിട്ട് ആരോടും പറയാതെ വൈകുന്നേരം വരെ കൂളായി നോമ്പ്കാരനെപോലെ ക്ഷീണം അഭിനയിച്ചു നടന്നു. എല്ലാം അറിഞ്ഞിട്ടും ഒന്നും ഒന്നും അറിയാത്ത ഭാവത്തിൽ ഉമ്മ എന്റെ തലയിൽ തലോടി. വീണ്ടും പലഹാരങ്ങളും മറ്റും വച്ചു നീട്ടി... ഒന്നും അറിയാത്ത ഭാവത്തിൽ വളരെ ക്ഷീണത്തോടെ ഞാൻ വീണ്ടും വെണ്ടന്നു വെച്ചു. എന്തായാലും നോമ്പ് മുറിഞ്ഞല്ലോ എന്ന ധൈര്യത്തിൽ ആരും കാണാതെ കയ്യിൽ കിട്ടിയതെല്ലാം തിന്നു കൊണ്ടേയിരുന്നു. വെള്ളവും കുടിക്കും.
അവസാനം ബാങ്ക് കൊടുത്തപ്പോൾ എല്ലാരുടെയും കൂടെ പോയിരുന്നു ആവേശത്തോടെ നോമ്പ് മുറിച്ചു.ഒരുപക്ഷെ അവിടെയും മറ്റാരേക്കാളും കൂടുതൽ തിന്നത് ഞാൻ തന്നെയായിരിക്കും. കഷ്ടപ്പെട്ട് നോമ്പെടുത്തതല്ലേ. പിന്നെയാണ് തറാവീഹ് നിസ്കരിക്കാൻ വേണ്ടിയുള്ള യാത്ര. പക്ഷെ പല നിസ്കാരങ്ങളും പൂർത്തിയാക്കുമായിരുന്നില്ല. പിന്നിൽ നിന്നു ചിരിച്ചു കളിച്ചു ഉസ്താദിന്റെയും മുതിർന്ന ആളുകളുടെയും ചീത്തവിളിയും മേടിച്ചു തിരിച്ചു വരും.
മൊത്തത്തിൽ അത്യാവശ്യം നല്ല കളറായിരുന്നു, മഴ നനഞ്ഞു മുറിഞ്ഞു പോയ എന്റെ ആദ്യനോമ്പ്. ... ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ നനഞ്ഞ ഓർമകളിൽ നിന്ന് തിരിച്ചു കയറിയത്. എന്റെ മനോഹരമായ ഭൂതകാലയാത്രയെ തടസ്സപ്പെടുത്തിയ ഫോണിനോട് എനിക്ക് വല്ലാത്ത ഈർഷ്യ തോന്നി. "ഹലോ ", " ഹലോ, ഡാ ഇന്നാണ് കമ്പനിയുടെ ഇഫ്താർ പാർട്ടി. നമുക്ക് ഉഷാറാക്കണ്ടേ? ", " വേണം, നമുക്ക് ഉഷാറാക്കണം. സമയമുണ്ടല്ലോ ". ശരിയാണ്, ഇന്നാണ് കമ്പനി എല്ലാ വർഷവും നടത്തുന്ന ഇഫ്താർ പാർട്ടി.
ഇപ്പോഴാണ് ഇതൊക്കെ ഇഫ്താർ പാർട്ടികൾ ആയത്. പണ്ടൊക്കെ വെറും നോമ്പുതുറ ആയിരുന്നു. കുറെ ഫാസ്റ്റ് ഫുഡുകളും റെഡിമെയ്ഡ് ഭക്ഷണസാധനങ്ങളും മാത്രമുള്ള ചില കാട്ടിക്കൂട്ടലുകൾ ആണ് പല ഇഫ്താർ പാർട്ടികളും. മനസ്സിൽ ഇപ്പോഴും പഴയ നോമ്പോർമകൾ തിരിച്ചുകയറുന്നു. ഈ പ്രവാസ ജീവിതത്തിൽ, അതിന്റെ കടുത്ത തീക്ഷ്ണതയിൽ എനിക്ക് കൂട്ട് ആ പഴയ നാട്ടിൻ പുറത്തെ ബാല്യകാല ഓർമകളാണ്.
തിരക്കു പിടിച്ച ഈ നഗരജീവിതത്തിൽ ജീവിതം മുന്നോട്ടേക്ക് പോകാതെ പിറകിലോട്ട് തിരിച്ചു പോയെങ്കിൽ. അതെ ആ പഴയ നന്മയുടെ പച്ചപ്പിലേക്ക്. ആ ചെറു തോടിൽ, പുഴയുടെ തീരങ്ങളിൽ, വയലുകളുടെ കൊഞ്ചൽ കേൾക്കാൻ. ജീവിതത്തിന് ഒരു റിവേഴ്‌സ് ഗിയർ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ തിരിച്ചു പോയേനെ. എനിക്കേറ്റവും ഇഷ്ടപെട്ട 'മോഹം' എന്ന കവിതയിലെ അവസാന വരികൾ ഒന്നുകൂടി ഓർമ വരുന്നു. 'ഈ മോഹങ്ങളൊക്കെയും വെറുതെയാണെങ്കിലും വെറുതെ മോഹിക്കുവാൻ മോഹം '...