നോമ്പ് ഓർമകൾ - ഫാരിസ് മെഹർ

Mail This Article
പണ്ടൊക്കെ വീട്ടിലെ നോമ്പ് തുറക്കുള്ള നാരങ്ങ വെള്ളത്തിലേക്ക് വേണ്ട ഐസ് കുറച്ചപ്പുറത്തുള്ള വീട്ടിൽ പോയി വേണം വാങ്ങാൻ. ഇക്കയുടേതാണ് ആ പണി. കൂട്ടിനു വേണേൽ അഞ്ചോ ആറോ വയസുള്ള എന്നെയും കൂട്ടാം. അന്നൊക്കെ ഫ്രിഡ്ജ് അതികം വീടുകളിലൊന്നുമില്ല. അങ്ങനെയാണ് സാംസന്റെ വീട്ടിലേക്ക് ഞങ്ങൾ ഐസ് വാങ്ങാൻ പോകുന്നത്.
സാംസൺ എന്റെ ഇക്കയുടെ സുഹൃത്താണ്. ആൾ റിച്ചുമാണ്. സാംസന്റെ വീട്ടിൽ ടിവിയൊക്കെ ഉണ്ടായിരുന്നു. ആ വീട്ടിലേക്ക് ഇക്കയുടെ കയ്യും പിടിച്ചു നടക്കുമ്പോഴാണ് ആ കഥയുടെ ചുരുളഴിയുക. സംസാന്റെയും കുടുംബത്തിന്റെയും ഉദ്വേഗജനകമായ ഒരു സർവൈവൽ ത്രില്ലർ !
സംഭവം നടക്കുന്നത് അങ്ങ് മലേഷ്യയിലാണ്. സാംസണും കുടുംബവും സഞ്ചരിക്കുന്ന കാർ ഒരു കൊക്കയുടെ താഴവാരത്ത് എത്തുമ്പോൾ ബ്രേക്ക് നഷ്ടമാവുന്നു. അലമുറയിട്ട് കരയുന്ന സാംസന്റെ മാതാപിതാക്കൾ. എന്ത് ചെയ്യണമെന്ന് എന്നറിയാത്ത സാംസൺ. കാർ ആണേൽ ഏതു നേരത്തും കൊക്കയിലേക്ക് പതിക്കാം. ആത്മബലത്തിന്റെ ആൾരൂപം സാംസൻ സർവ ശക്തിയുമെടുത്തു പൊട്ടിപ്പോയ ബ്രേക്കിന്റെ പെടലിന്റെ ഇടയിലൂടെ വിരലിട്ടു വലിച്ചു കാർ നിർത്തുന്നു. അവിടെയും ഇവിടെയും ഉരഞ്ഞു നിന്ന കാറിൽ നിന്നും സാംസന്റെ മാതാപിതാക്കൾ കരഞ്ഞു കൊണ്ട് 'ശഹാ ദത്ത് കലിമ'ചൊല്ലുന്നുണ്ട്!
കഥ പറഞ്ഞവസാനിപ്പിച്ചപ്പോഴെക്കും സാംസന്റെ വീടെത്തി. കാളിങ് ബെൽ അടിച്ചപ്പോൾ, ആരോ ഒരാൾ പുറത്തു വന്നു പാത്രത്തിൽ ഐസ് നിറച്ചു. ഒന്നും ഉരിയാടാതെ ഞങ്ങൾ അതും വാങ്ങി വീട്ടിലേക്ക് തിരിച്ചു നടന്നു.
ഈ കഥയും ഐസ് വാങ്ങിക്കാനുള്ള പോക്കും ഒരുപാട് വട്ടം ആവർത്തിക്കപെട്ടു. പക്ഷെ ഇക്കയുടെ സുഹൃത്ത് മിസ്റ്റർ സാംസനെ അവിടെ എവിടെയും കാണാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കിപ്പറം ഈ നോമ്പിനും സാംസന്റെ ഓർമകൾ എന്നെ തേടിയെത്തി. ഇനി ചിലപ്പോൾ സാംസൺ ഇക്കയുടെ വെറും സൃഷ്ടി മാത്രമായിരുക്കുമോ.
ഇല്ല നോമ്പ് പിടിച്ചു ഇക്ക കള്ളം പറയുമോ?
അന്നൊക്കെ കല്ലെറിഞ്ഞു വീഴ്ത്തിയ കണ്ണി മാങ്ങ മുതൽ ചാമ്പക്ക വരെ ഇഫ്താറിന് മേശയിൽ നിറയുന്ന വിഭവങ്ങളാണ്. പക്ഷേ പൊരിക്കടികൾക്ക് ഇടയിൽ അവ കടുത്ത അവഗണന നേരിടും. പിന്നീട് അത് അവിടെ ഇരുന്നു അങ്ങനെ വാടും. അത്താഴം വരെ അത് അവിടെ ഇരിക്കും.
വീട്ടിൽ ഇടക്കൊക്കെ നോമ്പ് തുറക്കാൻ അയല്പക്കത്തെ കുട്ടികളുമുണ്ടാവാറുണ്ട്. അതിൽ സുട്ടുവാണ് സ്ഥിരം സാന്നിധ്യം. കുളിച്ചു കുറി വരച്ചു വരുന്ന അവനോട് ആരേലും എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചാൽ അവൻ നിഷ്കളങ്കമായി പറയും. 'ഞാൻ ഇക്കേടവിടെ ബോംബർക്കാൻ പോവാന്ന്'. അത് കേട്ടു ഞങ്ങൾ ചിരിക്കും. ഇനിയിപ്പോൾ ചിരിക്കാതെ ചിന്തിക്കുന്നവർക്ക് ഇതിൽ വലിയ ദൃഷ്ടാന്തം ഒന്നുമില്ല കേട്ടോ!
ഒരിക്കൽ ഞാൻ എന്റെ പ്ലസ് ടു സുഹൃത്തുക്കളെ വീട്ടിലേക്ക് നോമ്പ് തുറക്കാൻ ക്ഷണിച്ചു. അതിൽ ഒരാൾ ഒഴിച്ച് ബാക്കി എല്ലാവരും അമുസ്ലിം സുഹൃത്തുക്കളായിരുന്നു. ആകെയുള്ള മുസ്ലിം സുഹൃത്തിനോട് എന്റെ ഉമ്മ കുശലന്വേഷണം എന്നോണം എല്ലാ നോമ്പും പിടിക്കാൻ പറ്റിയില്ലേ എന്ന് ചോദിച്ചു. ആ റമസാനിലെ ഒരൊറ്റ നോമ്പും പിടിക്കാത്ത എന്റെ ചങ്ക് എന്റെ ഉമ്മയോട് അവന്റെ നോമ്പനുവഭങ്ങൾ പറയുന്നത് കേട്ടു എന്റെ നോമ്പ് മുറിഞ്ഞു!
ചെന്നൈയിൽ പഠിക്കുമ്പോഴാണ് കേരളം വിട്ടുള്ള എന്റെ ആദ്യ നോമ്പ്. പല പള്ളികളിലും നോമ്പ് തുറകൾ ഉണ്ടെങ്കിലും ചിലയിടങ്ങളിലെ ഇറച്ചി കഞ്ഞിക്ക് ഭയങ്കര രുചിയാണ്. ഒരു കോപ്പ കുടിച്ചാൽ തന്നെ ക്ഷീണം പമ്പ കടക്കും.
അങ്ങനെ ഇരിക്കെ ഹോസ്റ്റലിലെ സഹ മുറിയാന്മാരോട് പറയാതെ ഞാനും എന്റെ സുഹൃത്തും പുതിയ ഒരു ഇടം കണ്ടെത്തി.
അവിടത്തെ കഞ്ഞിയുടെ രുചി തന്നെയാണ് ഞങ്ങളെ അങ്ങോട്ടേക്ക് എത്തിച്ചത്. മുറിയിലെ മറ്റുള്ളവരോട് പറഞ്ഞാൽ പിന്നെ അവിടെയും ആളുകൾ നിറയും എന്ന പേടികൊണ്ടായിരുന്നു ഞങ്ങൾ മറ്റു സഹമുറിയന്മാരോട് പറയാതിരുന്നത്. പക്ഷെ അവർ എല്ലാവരും ഞങ്ങളെക്കാൾ മുൻപേ അവിടെ സ്ഥാനം പിടിച്ചിരിക്കുന്ന കാഴ്ച ഞങ്ങളെ ഇളിഭ്യരാക്കി.
മുപ്പതു നോമ്പും എടുത്താൽ സമ്മാനങ്ങൾ കിട്ടുന്ന, പെരുന്നാൾക്ക് വാങ്ങിച്ചു വച്ച ഉടുപ്പുകൾ രാത്രികളിൽ ഇടക്ക് ഇടയ്ക്ക് അലമാരയിൽ പോയി നോക്കുന്ന ആ നോമ്പോർമകൾക്ക് ഇപ്പോഴും എന്തൊരു മധുരമാണ്...