ADVERTISEMENT

സംവിധായകനായും നിർമാതാവായും ഗാനരചയിതാവായും തിരക്കഥാകൃത്തായും മലയാളത്തെ "സ്വർണഗോപുര നർത്തകീ ശിൽപമാക്കി" ആസ്വാദകരുടെ മനസ്സിൽ "വാൽക്കണ്ണെഴുതി വനപുഷ്പം ചൂടിച്ച്" സുന്ദരിയാക്കി ഒരുക്കിയത് ശ്രീകുമാരൻ തമ്പിയുടെ തൂലികയാണ്, ആവിഷ്കാരങ്ങളാണ്. അങ്ങയുടെ പാട്ടുകൾ പോലെ നിത്യയൗവനമാണ് സാറും, ഇന്ന് എൺപത്തിയഞ്ചിന്റെ ചെറുപ്പത്തിലും. കാവ്യ കൈരളിയുടെ കാല്പനിക പാരമ്പര്യവും പര്യായവുമാണ് ശ്രീകുമാരൻ തമ്പി എന്ന തമ്പി സർ. മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ സർഗ്ഗപ്രതിഭ. ഒരു സാധാരണ മലയാളി എന്ന നിലയിൽ എന്നെ ആകർഷിച്ചത് അങ്ങയുടെ തൂലികയിൽനിന്നും ഒഴുകിയിറങ്ങിയ പാട്ടുകളാണ്.

പാട്ടുകൾ കേൾക്കുന്ന നിമിഷങ്ങളിലെല്ലാം നിർവൃതിയണഞ്ഞ് ഞാൻ ഒരു ആവണി തെന്നലായി മാറി, ആ അനുഭൂതിതൻ സ്വർണദലങ്ങളാൽ "എൻ" മോഹപുഷ്പകം അലങ്കരിച്ചിട്ടുണ്ട്. സുന്ദരവസന്ത മന്ദസമീരനായി "എൻ" ജാലകങ്ങളെ തുറന്നിട്ടിട്ടുണ്ട്; തൂമിഴിത്താമരപൂവിതൾ തുമ്പിലെ തൂമുത്ത് ഒരു ഉമ്മയാൽ ഞാൻ ഒപ്പിയിട്ടുണ്ട്! "എത്ര സുന്ദരി! എത്ര പ്രിയങ്കരി! എന്റെ ഹൃദയേശ്വരി ജന്മാന്തരങ്ങളിലൂടെ ഞാൻ നേടിയ കർമ്മധീരയാം പ്രാണേശ്വരി..." അതെ, എന്റെ പ്രാണവീണയുടെ ലോലതന്ത്രിയിൽ അവൾ ഗാനമായി വിടർന്നു, രാജമല്ലികൾ താലമേന്തിയ ഒരു രാഗഹേമന്ത സന്ധ്യയിൽ.

ഞാൻ  പെണ്ണുകാണാൻ പോകുന്നത് ഒരു സന്ധ്യയിലാണ്, 1998ൽ. തൃശൂരിൽനിന്നും പാലക്കാട്ടെ ഒറ്റപ്പാലത്തേക്ക്, കൃത്യമായി പറഞ്ഞാൽ വാണിയംകുളത്ത്. വാണിയംകുളം ഒരു ഗ്രാമീണ ഭംഗിയുള്ള പ്രദേശമാണ്. ഇടതൂർന്ന തെങ്ങിൻ പനന്തോപ്പുകളും കതിരിട്ട നെൽവയലുകളും ഇടകലർന്ന ഒരു നിഷ്കളങ്ക വള്ളുവനാടൻ ഗ്രാമം. പ്രസിദ്ധമാണ് വാണിയംകുളം ചന്ത, ആ ചന്തക്കരികിലെ വഴിയിലൂടെയാണ് യാത്ര, ഞാൻ ആ ഗ്രാമത്തിന്റെ ബന്ധുവാകുകയായിരുന്നു.

"ഗോപീചന്ദനക്കുറിയണിഞ്ഞ് ഗോമതിയായവൾ മുന്നിൽ വന്നു! ഗോപകുമാരന്റെ തിരുമുന്നിൽ ഗോപിക രാധികയെന്നപോലെ! ചിത്രനഖങ്ങളാലോമന ഭൂമിയിൽ ‘സ്വപ്ന’പുഷ്പങ്ങൾ വരച്ചുനിൽക്കെ ഭാവിതൻ ഗോപുരവാതിൽ തുറക്കുന്ന ഭാഗധേയത്തിൻ മുഖം വിടർന്നു" അവളെ കണ്ടപ്പോൾ ഞാൻ വരച്ചു, ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം, കാമുകനായി ഞാൻ വസന്തമായി മനസ്സിൽ പാടി, "എന്നെ കാവ്യഗന്ധർവനാക്കുന്നു സുന്ദരീ നിൻ ഭാവഗന്ധം". നാളതുവരെയും ഒറ്റയാനായിരുന്ന എന്നെ ആ ഗ്രാമത്തിന്റെ കസ്തൂരി മണമുള്ള നിർമല കാറ്റ് തഴുകി; വാണിയംകുളം എനിക്ക് "സ്വന്തമെന്ന പദമായി" മാറി, അർത്ഥമുള്ള മണ്ണിടമായി.

അവളെ താലി കെട്ടി സിന്ദൂരം ചാർത്തി ഞാൻ, ഞങ്ങളുടെ മണിയറയിലെ നിർമലശയ്യയിൽ നീലനീരാളമായി... "പ്രഥമരാത്രിതൻ പ്രമദശയ്യയിൽ പ്രണയസരോജ പൂവിതളായി മധുമതി വിതുമ്പി വിടർന്നു; മധുരതേനിൻ സുഗന്ധം, പൊന്നും തേനും വിളമ്പി... അന്നനടന ശ്രീ തുളുമ്പി... പുഞ്ചിരിയാൽ ഞാൻ പാൽകാവടിയാടി" ചന്ദനമണമൂറുന്ന ആ മലർവല്ലി ഇന്നുമെന്റെ വിരിമാറിൽ താരണി മധുമഞ്ചം വിരിക്കുന്നു; അവൾ തൂവുമനുരാഗ നവരംഗ ഗംഗയിൽ "എനിക്കോരോ നിമിഷവും ഓരോ നിമിഷവും ഗാനോത്സവം, മദനോത്സവം!"

"ഏഴല്ലെഴുനൂറല്ലേഴായിരമല്ല എത്രയോ ലക്ഷം സ്വരങ്ങൾ എത്രയോ ശ്രുതികൾ എന്തെന്തു താളങ്ങൾ രാഗം താനം പല്ലവികൾ... ജീവിതം ഒരു ഗാനം… ആരോഹണങ്ങൾ അവരോഹണങ്ങൾ, ആയിരമായിരം ഭാവലയങ്ങൾ" തമ്പി സർ ഞങ്ങളെ പഠിപ്പിച്ചത്, അർത്ഥം അനർത്ഥമായി എഴുതരുത്, അക്ഷരത്തെറ്റ് വരുത്തരുത്, അപ്പോൾ ജീവിതം ഒരു മഹാകാവ്യമാകും; "ഹൃദയംകൊണ്ടെഴുതുന്ന കവിത". ജീവിതമെന്നത് നിഴലല്ല, മടയന്മാർ പറഞ്ഞ ഒരു കഥയുമല്ല, ആദിയുമന്തവുമില്ലാതൊഴുകുന്ന ഒരു ആനന്ദലയവാഹിനി, ഭൂമിയിൽ തന്നെ സ്വർഗ്ഗം, ആ സ്വർഗ്ഗം നമുക്ക് സ്വന്തം, എന്നു പഠിപ്പിച്ചതും തമ്പി സർ തന്നെ.

സുഖവും ദുഃഖവും ഓരോ ബിന്ദുവെന്നും, രണ്ടിലേക്കും മാറി മാറി പെൻഡുലമാടുന്നതാണ് ജീവിതമെന്നും പ്രപഞ്ച സർവകലാശാലയിലെ അധ്യാപകനെ കണക്കെ സർ പറഞ്ഞു തന്നു. ജീവിതം ഒരു കൊച്ചു കിലുക്കാംപെട്ടിയാണ്, തത്ക്കാല ദുനിയാവ് കണ്ട് ആരും മയങ്ങരുതെന്ന് മുന്നറിയിപ്പ് തന്നു സർ. അച്ഛനാം മേരുവിൽനിന്നുൽഭവിച്ച്, അമ്മയാം താഴ്‌വരയിൽ വളർന്ന് മധുരസ്നേഹ തരംഗിണിയായി ഒഴുകുന്നതാണ് ജീവിതമെന്നും, അടുത്ത തലമുറ കടലായി ഇരമ്പണമെന്നും, ബന്ധനത്തിൽ തളച്ചിടാതെ നാളെയെ പുണരാൻ സ്വാതന്ത്ര്യം കൊടുക്കണമെന്നും കേട്ട് ഐക്യപ്പെട്ടു.

"പണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ, കൊണ്ടുപോകാരുതേ എൻ മുരളി കൊണ്ടുപോകാരുതേ..." സർ, എനിക്കെല്ലാ വരികളും പ്രിയപ്പെട്ടതാണ്. പക്ഷേ ഏറ്റവും പ്രിയപ്പെട്ടതേതെന്ന ചോദ്യത്തിന് ഞാൻ ഉത്തരമെഴുതും, "സ്വപ്നനക്ഷത്രമേ നിൻ ചിരിയിൽ സ്വർഗ്ഗ ചിത്രങ്ങളെന്നും ഞാൻ കണ്ടുനിൽക്കും". ‘സ്വപ്ന’, അന്ന് ഞാൻ പെണ്ണുകണ്ട് താലി കെട്ടി കൂടെ കൂട്ടിയവളും, 'നക്ഷത്ര' ഞങ്ങളുടെ മകളുമാണ്.

"കളമൊഴി നീ പൊട്ടിച്ചിരിക്കുന്ന നേരത്ത്, കൈക്കൊട്ടിക്കളിതാളം മുഴങ്ങുന്നു, കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിൻ പുളിയിലക്കരമുണ്ടിൽ തെളിയുന്നു... മലയാളഭാഷതൻ മാദകഭംഗി നിൻ മലർമന്ദഹാസമായ് വിരിയുന്നു!” തമ്പി സാറിന് ആയുരാരോഗ്യം നേരുന്നു, നമസ്കരിക്കുന്നു... എന്റെ ദക്ഷിണ!

English Summary:

Machingal Radhakrishnan expresses his deep admiration for Sreekumaran Thampi, highlighting how Thampi's songs have profoundly influenced his life.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com