പ്രവാസലോകത്തെ വിഷു: ഗൃഹാതുരതയുടെയും സന്തോഷത്തിന്റെയും ആഘോഷം

Mail This Article
വിഷു, മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. അതിനാൽത്തന്നെ പ്രവാസി മലയാളികൾക്ക് ഗൃഹാതുരതയുടെയും ഓർമ്മപ്പെടുത്തലിന്റെയും ആഘോഷമാണിത്. ഗതകാല സ്മരണകൾ ഉണർത്തുന്ന ഒരുപിടി ഓർമ്മകളിലൂടെ പിന്തിരിഞ്ഞു നോക്കിയാണ് ഓരോ പ്രവാസിയും വിഷു ആഘോഷിക്കുക.
ജാതിക്കും മതത്തിനും രാജ്യത്തിനുമപ്പുറം കൈകോർത്തുനിന്ന് ഏതൊരാഘോഷവും ഉത്സവമാക്കാൻ യുഎഇയിലുള്ള പ്രവാസികൾ എന്നും മുന്നിലാണ്. തിരക്കുള്ള ജീവിത സാഹചര്യങ്ങൾക്കിടയിൽ നമുക്ക് ലഭിക്കുന്ന ജീവശ്വാസമാണ് ഓരോ ആഘോഷങ്ങളും എന്നതാണ് പ്രധാന കാരണം. പ്രവാസ ജീവിതത്തിൽ, നാട്ടിലെ പല ആഘോഷ ദിനങ്ങളും നഷ്ടമാകുന്നു. എങ്കിലും, ഒരു കുറവും വരാതെ പോറ്റമ്മയെപ്പോലെ ഈ നാട് എല്ലാ ആഘോഷങ്ങളും നെഞ്ചോട് ചേർത്തു നിർത്തിയിരിക്കുന്നു എന്നത് പ്രവാസികൾക്ക് വലിയ ആശ്വാസവും സന്തോഷവുമാണ്.
ഓട്ടുരുളിയിൽ കടൽ കടന്നുവന്ന കണിക്കൊന്നയും വെള്ളരിയും ഫലവർഗങ്ങളും ഒരു തരി പൊന്നും ചേർത്ത്, പീതാംബരമണിഞ്ഞ്, കണ്ണന്റെ ചാരത്ത് വെച്ച് ഒറ്റമുറിക്കുള്ളിൽ, പാതിമയക്കത്തിൽ സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തിനൊപ്പമോ കണി കാണുന്നതും വിഷുക്കൈനീട്ടം നൽകുന്നതും സദ്യ കഴിക്കുന്നതുമെല്ലാം എത്ര സന്തോഷപ്രദമാണ്! ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധം നമ്മുടെ ആഘോഷങ്ങളെ കൂടുതൽ നിറം അണിയിക്കുന്നു എന്നത് നാം മറന്നുകൂടാ. ഇത്തരത്തിൽ നാട്ടിലെന്നതുപോലെ നാം ആഘോഷിക്കുമ്പോൾ, മനസ്സുകൊണ്ട് ഓരോ മലയാളിയും സ്വന്തം വീടുകളിലേക്ക് ഒരു ചെറുയാത്ര പോകുക തന്നെയാണ് ഈ ആഘോഷ ദിനങ്ങളിൽ.
പ്രവാസികൾക്ക് മാത്രം കഴിയുന്ന ഒരു കാര്യമെന്തെന്നാൽ, നാട്ടിൽ വിഷു ഒരു ദിവസം ആഘോഷിക്കുമ്പോൾ നമ്മൾ ഇവിടെ അത് ആഴ്ചകളോളം ആഘോഷിക്കുന്നു എന്നതാണ്. യുഎഇയോളം മറുനാട്ടുകാരെ ചേർത്തുപിടിക്കുന്നതിൽ എന്നും മുന്നിലാണ്. ഇവിടെ എത്തുന്ന നാനാജാതി മതസ്ഥർക്ക് സ്നേഹം പകരുകയും കരുതൽ നൽകുകയും ചെയ്യുന്ന ഈ മണ്ണിൽ നിൽക്കുമ്പോൾ, നാട്ടിലെ ഒരാഘോഷങ്ങളും നഷ്ടമാകുന്നില്ല എന്നത് തന്നെയാണ് നമ്മളെപ്പോലെയുള്ള ഓരോ പ്രവാസിയുടെയും സന്തോഷം.
വിഷുവും ഈസ്റ്ററും പെരുന്നാളും ഓണവും ഇനിയും വരും. ആഘോഷ പൊലിമയും വർണ്ണ ഭംഗിയും ഒട്ടും ചോർന്നു പോകാതെ നമ്മൾ തോളോട് ചേർന്നുനിന്ന് അതൊക്കെ ആഘോഷിക്കുകയും ചെയ്യും. അങ്ങനെ, ഹരിത കേരളത്തിന്റെ ചിന്തകൾ നിറയുകയും ഉള്ളിലുറങ്ങുന്ന ഗൃഹാതുരത്വം ഇടയ്ക്കിടെ വിഷുപ്പൂക്കൾ പോലെ മൊട്ടിടുകയും പുഷ്പിക്കുകയും ജീവിതം അലങ്കരിക്കുകയും ചെയ്യും എന്നത് മനോഹരവും സന്തോഷപ്രദവുമാണ്.