ജീവിതം വീണ്ടെടുത്തവൾ: കൊൽക്കത്തയുടെ തെരുവുകളിലെ സാരംഗി

Mail This Article
കൊൽക്കത്തയിലെ ഓരോ തെരുവുകൾക്കും ഒരു സംഗീതമുണ്ട്, പഴമയുടെ പ്രൗഢിയിൽ ചുമച്ചു തുപ്പി ഓടുന്ന ട്രാമുകളാൽ ശബ്ദമുഖരിതമായ ഈണം നിറഞ്ഞ തെരുവുകൾ. പതിവായുള്ള അഞ്ചരയുടെ ട്രാമിലാണ് സാരംഗി വീട്ടിലേക്കെത്തുക. ചാന്ദ്നി ചൗക്കിലെ ലീല ബസാറിൽ നിന്ന് വീട്ടിലേക്കെത്തുമ്പോഴേക്കും തെരുവുകളിൽ ഇരുട്ട് വീണിട്ടുണ്ടാകും. ട്രാം ഇറങ്ങി ഗരിയഗുഞ്ചിയിലേക്കുള്ള വീട്ടിലേക്ക് നടന്നെത്തുമ്പോഴേക്കും കിതച്ച് പോയിട്ടുണ്ടാവും അവൾ. എങ്കിലും തോൽക്കാൻ മനസ്സില്ലാത്തവളെ പോലെ തല ഉയർത്തിപ്പിടിച്ചു തന്നെ ഗുഞ്ചിയിലേക്കു കയറും.
ഒറ്റ മുറിയും അടുക്കളയും ചെറിയ കുളിമുറിയും ചേർന്ന ഗുഞ്ചിയിലെ ഒറ്റ മുറി ഇരുട്ടിലേക്ക് അലിഞ്ഞു ചേരാൻ എളുപ്പമാണ്, ആ ഇരുട്ടിൽ ഒഴുകുന്ന കണ്ണുനീർ അവൾക്കു സ്വന്തമാണല്ലോ. നന്നു മോളെ എടുത്തു കൊണ്ട് അപ്പോഴേക്കും ശർമിഷ്ഠ ദീദി മുറ്റത്തെത്തിയിട്ടുണ്ടാവും ചിലപ്പോൾ. ശർമിഷ്ഠ ദീദി ഉള്ളത് കൊണ്ടാണ് നന്നു മോളെ ഏൽപ്പിച്ചു സാരംഗിക്ക് സമാധാനത്തോടെ ജോലിക്കു പോവാനാവുന്നത്. ദൈവത്തിന്റെ മുഖമുള്ള ചിലർ, മന്ദിറുകളിൽ പോവുമ്പോൾ പലപ്പോഴും ദേവിയുടെ മുഖം ശർമിഷ്ഠ ദീദിയുടെ മുഖം പോലെ തോന്നാറുണ്ട് സാരംഗിക്ക്. അന്നും പതിവ് പോലെ സാരംഗി എത്തുമ്പോഴേക്കും ശർമിഷ്ഠ ദീദിയും മുറ്റത്ത് എത്തിയിരുന്നു. ശർമിഷ്ഠ ദീദിയുടെ കയ്യിൽ നിന്ന് നന്നു മോളെ എടുക്കുമ്പോൾ നന്നു മോൾ ചിണുക്കത്തോടെ ഒന്ന് കൂടി സാരംഗിയുടെ ദേഹത്തേക്കമർന്നു. അമ്മ ചൂട് തട്ടിയിട്ടെന്ന പോലെ ഒന്ന് കുളിർന്ന് ഇരു കൈകൾ കൊണ്ടും സാരംഗിയുടെ കഴുത്തിൽ വട്ടം ചുറ്റിപ്പിടിച്ചു.
ആ സമയം ശർമിഷ്ഠ ദീദി ഗുഞ്ചിയിലെ ജനലരികത്തുള്ള ചെറിയ മേശയിലേക്ക് കയ്യിൽ കരുതിയിരുന്ന സന്ദേശും പടോളി മസാലയും പകർത്തി വയ്ക്കുക ആയിരുന്നു. ചില ദിവസങ്ങളിൽ സാരംഗിക്ക് വേണ്ടി ഇങ്ങനെയെന്തെങ്കിലും കരുതാറുണ്ട് അവർ.
സാരംഗി നന്നു മോളെ കിടക്കയിലേക്ക് കിടത്തി, ശർമിഷ്ഠ ദീദി അപ്പോഴേക്കും പുറത്തേക്ക് പോയിരുന്നു. ഒരിക്കൽ നന്നു മോളെയും കൈയിലെടുത്തു ചോരയൊലിച്ച ദേഹവും ചിന്നി ചിതറിയ ഹൃദയവും ആയി ജമീന്ദാർപൂർ റെയിൽവേ സ്റ്റേഷനിൽ പകച്ചു നിന്ന സാരംഗിയെ അവിചാരിതമായി ആണ് സ്റ്റേഷനിൽ പൂരിയും പടോളിയും വിൽക്കുന്ന ശർമിഷ്ഠ ദീദി കാണുന്നത്. ജമീന്ദാർപൂരിൽ എല്ലാവരും, 90 വയസ്സുള്ള കേശവ് കാക്കു മുതൽ 3 വയസ്സുള്ള അപൂർബ വരെ ശർമിഷ്ഠ ദീദി എന്നാണ് അവരെ വിളിക്കുക. അന്ന് ആദ്യമായി ആയിരുന്നു സാരംഗിയെ അവർ കാണുന്നത്, എവിടേക്കോ പോകാനുള്ള യാത്രയിൽ രക്ഷപ്പെടാനുള്ള അവസാന കച്ചിതുരുമ്പെന്ന പോലെ കൂടെയുള്ളവരുടെ കണ്ണ് വെട്ടിച്ചു ജമീന്ദാർപൂരിൽ ഇറങ്ങിയതായിരുന്നു സാരംഗി, മണ്ണോളമെത്തുന്ന മജന്ത സാരി തുമ്പു കണ്ടാണ് ശർമിഷ്ഠ ദീദി തിരിഞ്ഞു നോക്കിയത്, വാടിയ ചേമ്പില പോലെ ഒരു സാരംഗി, ദേഹമാകെ കടിച്ചു ചോരയൊലിച്ച മുറിവുകൾ, കഴുത്തിനിരു വശത്തും നഖം കൊണ്ട പോറലുകൾ, വീങ്ങിയ ചുണ്ടുകൾ, നടക്കുവാനാവാതെ കുഴഞ്ഞു നിന്ന സാരംഗി .... ആ നിമിഷം സാരംഗി ശർമിഷ്ഠ ദീദിയുടെ സ്വന്തം ആവുകയായിരുന്നു, തിരിച്ചും. ആദ്യം തല ചായ്ക്കാനുള്ള ഒരു ഇടവും ആരെയും പേടിക്കാതെ ജീവിക്കാനുള്ള ജോലിയും, അതായിരുന്നു അവൾക്കു വേണ്ടി അവർ ആദ്യം ചെയ്തത്.

ഒരിക്കൽ മരിച്ച സാരംഗിയിൽ നിന്നവൾ പുനർജനിച്ചു. നന്നു മോൾക്ക് വേണ്ടി, അവൾക്കു വേണ്ടി .. നന്നായി തയ്‌ക്കുമായിരുന്ന സാരംഗിക്ക് ശർമിഷ്ഠ ദീദി വഴി കുറച്ചധികം ഓർഡറുകൾ ലഭിച്ചു തുടങ്ങി.കൂടുതൽ ഓർഡറുകൾ ലഭിച്ചു തുടങ്ങിയ സാരംഗി ചാന്ദ്നി ചൗക്കിലെ കടയിലേക്ക് ബിസിനസ്സ് പറിച്ചു നട്ടു. പതിയെ ആ ജീവിതത്തിനൊരു താളം കൈ വരുകയായിരുന്നു, ആ ദിവസം സഞ്ജുവിനെ കാണുന്നത് വരെ. ശാന്തമായി ഒഴുകി കൊണ്ടിരുന്ന നദിയിൽ കുഞ്ഞോളങ്ങൾ നിറഞ്ഞു.
സ്ഥിരമായി തമ്മിൽ കാണുന്നവർ ആയിരിക്കും ട്രാമിലെ യാത്രക്കാർ. എല്ലാവരും തമ്മിൽ വീട്ടിലെ വിശേഷങ്ങൾ പറയുന്നത് പതിവാണ്. ഒരിക്കൽ ഒരു യാത്രയിലാണ് സഞ്ജു അവൾക്കരികിലേക്ക് കൊൽക്കത്തയിൽ സുലഭമായി ലഭിക്കുന്ന സന്ദേശ് എന്ന മധുര പലഹാരവുമായി എത്തിയത്. ആദ്യം നിരസിച്ചുവെങ്കിലും മറ്റുള്ള യാത്രക്കാരെല്ലാം നിർബന്ധിക്കുക കൂടി ചെയ്തപ്പോൾ അവൾ ഒന്നെടുത്തു. സാവധാനം കയ്യിലിരുന്ന സന്ദേശ് ബാഗിനുള്ളിലെ ചെറിയ അറയിലേക്ക് വയ്ക്കുന്നതിനിടയിലാണ് സഞ്ജു കഴിക്കുന്നില്ലേ എന്ന് ചോദിച്ചത്. കൂടെ സഞ്ജുവിന്റെ മകന്റെ ഒന്നാം പിറന്നാളാണെന്ന് കൂട്ടിച്ചേർത്തു. അതിനു മറുപടിയായി പിറന്നാളാശംസകൾ നേർന്നു കൊണ്ട് സാരംഗി നന്നു മോളെ കുറിച്ച് കൂടി പറഞ്ഞു. നന്നു മോൾക്കായി ഒരു ചെറിയ ബോക്സ് സന്ദേശ് കൂടി നൽകിയാണ് സഞ്ജു ജമീന്ദാർപൂരിന് രണ്ടു കിലോമീറ്റർ മുൻപുള്ള സ്വന്തം സ്ഥലത്തു ഇറങ്ങിയത്.
പിറ്റേന്ന് സാരംഗി സഞ്ജുവിന്റെ കുഞ്ഞു കേശവിനായി ദിവസങ്ങളുടെ പേരുകൾ തുന്നിയ 7 കോട്ടൺ കെട്ടുടുപ്പുകൾ കൂടി കയ്യിൽ കരുതിയിരുന്നു. സഞ്ജുവാകട്ടെ നന്നു മോൾക്കായി സഞ്ജുവിന്റെ അമ്മ ഉണ്ടാക്കിയ മാൽഗോവയും സാരംഗിയെ ഏല്പിച്ചു. പുതിയൊരു സൗഹൃദത്തിന്റെ തുടക്കം ആയിരുന്നു അത്. ചാന്ദ്നി ചൗക്കിലെ മിനാരത്തിനരികിലുള്ള ബാപ്പുവിന്റെ ചായ കടയിൽ നിന്ന് വല്ലപ്പോഴും ഒരുമിച്ചു കുടിക്കുന്ന ചായകൾ, തിരക്ക് അധികമാവുന്ന ദിവസങ്ങളിൽ കടയിൽ നിന്ന് ഇറങ്ങാൻ വൈകുന്ന സാരംഗിയെ കാത്തു സഞ്ജു ഉണ്ടാകും. സാരംഗിയുടെ സങ്കടങ്ങളും വിഷമങ്ങളും ചോർച്ചകളില്ലാതെ പങ്കു വയ്ക്കുന്നിടം. പൊതുവെ അളന്നു മുറിച്ചു സംസാരിക്കുന്ന അന്തർമുഖയായ സാരംഗിക്ക് എന്ത് കൊണ്ടോ സഞ്ജു അത്രമേൽ പ്രിയപ്പെട്ട സുഹൃത്തായി. ദിവസവും സംസാരിക്കുന്ന ദിവസവും കാണുന്ന, അത്രമേൽ അവളെ കരുതുന്ന ഒരുവൻ.
അവളുടെ യാത്രകളിൽ മടുപ്പില്ലാതെ കൂട്ട് ഇരിക്കുന്ന സഞ്ജു, അവളുടെ സങ്കടങ്ങളെ അവൻ സ്വന്തം ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. സഞ്ജുവിനരികിൽ മാത്രമുള്ള ഒരു സാരംഗി ഉണ്ടായിരുന്നു, കലപില സംസാരിക്കുന്ന ബാലദശ വിട്ടു മാറാത്ത സാരംഗി. സഞ്ജുവുള്ളപ്പോൾ മാത്രമുള്ള സാരംഗി. സഞ്ജുവിനേറ്റവും പ്രിയപ്പെട്ട സാരംഗി. സാരംഗി പോലും കാണാത്ത അവളിലെ ആ ഒരുവളെ കണ്ടെത്തിയത് സഞ്ജു ആണ്. വേണ്ടിടത്തു ശാസിച്ചു ആർദ്രമായി ചേർത്തുപിടിച്ചു മുൻപോട്ടു നടത്തുന്നതും സഞ്ജുവാണ്.
ഇടയ്ക്കു സാരംഗി ചോദിക്കുമായിരുന്നു സഞ്ജുവിന്റെ വീട്ടിലുള്ളവർ സാരംഗിയെ ഇത്രയധികം ചേർത്ത് നിർത്തുന്നതിൽ പ്രകടിപ്പിക്കുന്ന അതൃപ്തിയെ കുറിച്ച്. “നീയെന്റെ സുഹൃത്തല്ലേ, ഞാൻ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ, ആരെയെങ്കിലും പേടിക്കേണ്ടതുണ്ടോ. ”
മറുചോദ്യം ചോദിച്ചു സഞ്ജു.
ശരിയാണ്, തിരിച്ചു പറയാൻ ഉത്തരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല സാരംഗിക്കും. അവൾക്കായിരുന്നല്ലോ അവകാശങ്ങളുടെ അടയാളങ്ങൾ ഇല്ലാതിരുന്നത്. പക്ഷെ സഞ്ജുവിന്റെ വാക്കുകളിലെ ഉമിത്തീ അവളെ പൊള്ളിച്ചിരുന്നു. ആ തീയിൽ ഉള്ളം പൊള്ളി സാരംഗി പിന്നെയും മരിച്ചു. ഒരുവൻ കൂടി അവളെ കൊന്നു. അവളുടെ തപസ്സായിരുന്നു അവൻ.. അർഹതയില്ലാത്തത് മോഹിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച ബാലപാഠങ്ങൾ അവൾ പിന്നെയും ഓർത്തു. അവ എന്തെ താൻ ജീവിതത്തിൽ മറന്നതെന്ന് ആലോചിച്ചു. പ്രണയത്തിൽ പ്രണയിക്കപ്പെടുക എന്നത് മാത്രമേ ഉള്ളൂ.. അത്രമേൽ ഗാഢമായി, ആത്മാവിന്റെ ഉള്ളാഴങ്ങളിൽ വീണ് ചിന്നി ചിതറുക. ആ തത്വവും അവൾ മറന്നു. മറവിയുടെ ശിക്ഷ മരണമത്രേ. ഇഞ്ചിഞ്ചായുള്ള മരണം ആയിരുന്നു അവളുടേതും.
“എന്റെ തെറ്റ്, എന്റെ പിഴ”
ശർമിഷ്ഠ ദീദിയുടെ മാറിൽ മുഖം ചേർത്ത് അവൾ പൊട്ടിക്കരഞ്ഞു.
"ആരുടേയും തെറ്റല്ല, സ്നേഹത്തിൽ തെറ്റും ശരിയുമില്ല, സ്നേഹിക്കപ്പെടുക എന്ന് മാത്രമേയുള്ളൂ...."
സ്നേഹത്തിന്റെ തത്വം സാരംഗിയുടെ കാതിൽ ഉപദേശിച്ചു ശർമിഷ്ഠ ദീദി ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. ആ ഇരുട്ടിൽ ശർമിഷ്ഠ ദീദിയുടെ കണ്ണിലെ കണ്ണുനീരും മൂക്കിലെ വജ്ര മൂക്കുത്തിയും ഒരു പോലെ തിളങ്ങുന്നുണ്ടായിരുന്നു, മറ്റാരുമറിയാതെ പെയ്തൊഴിയുന്നുണ്ടായിരുന്നു.