ADVERTISEMENT

എല്ലാ വർഷവും മാതൃ ദിന ആഘോഷങ്ങൾ നടക്കുമ്പോൾ വിട്ടു മാറാതെ ഒരു ഓർമ മനസ്സിൽ ഓടി എത്താറുണ്ട്. കൊല്ലം പട്ടണത്തിലെ ലോവർ പ്രൈമറി സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസ്സായപ്പോൾ തുടർ പഠനത്തിന് എന്നെ കത്തോലിക്കാ സഭയുടെ ഐറിഷ് ബ്രദേഴ്സ് നടത്തിയിരുന്ന സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തു. സ്കൂളിൽ പുതിയതായി ആരംഭിച്ച ഇംഗ്ലിഷ് മീഡിയം ക്ലാസ്സിലെ ആദ്യ വിദ്യാർഥികളിൽ ഒരാളായി ഞാനും. ഞങ്ങൾ ആറ് പേർ മാത്രമാണ് ആദ്യ വർഷത്തിൽ ഉണ്ടായിരുന്നത്.

ആദ്യ വർഷാവസാനം നടന്ന ആനിവേഴ്സറി ആഘോഷത്തിലേക്ക് എന്റെ അമ്മയാണ് എന്നെ കൂട്ടികൊണ്ടു പോയത്. അമ്മ സ്ത്രീകൾക്കായി ക്രമീകരിച്ചിരുന്ന വലതു വശത്തിരുന്നു. ഞാൻ പുരുഷന്മാർക്കായി ക്രമീകരിച്ചിരുന്ന ഇടതു വശത്തും ഇരുന്ന് പരിപാടികൾ കണ്ടു. രാത്രി ഏതാണ്ട് ഒൻപതു മണി കഴിഞ്ഞപ്പോൾ പരിപാടികൾ അവസാനിച്ചു. ഞാൻ എന്റെ അമ്മ ഇരിക്കുന്ന വശത്തേക്ക് നടന്നു. പെട്ടെന്ന് പിന്നിലൂടെ ഒരു കൈ എന്റെ ഇടതു കയ്യിൽ പിടിത്തമിട്ടു. 'വാ മോനെ പോകാം', എന്നൊരു സ്ത്രീ ശബ്ദവും കേട്ടു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സ്ത്രീ എന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്. ഉടനെ തന്നെ എന്റെ അമ്മ വന്നു, എന്റെ വലതു കയ്യിൽ പിടിച്ചു. 'വാ മോനെ പോകാം' എന്ന് എന്റെ അമ്മയും പറഞ്ഞു. ഞാൻ അദ്ഭുതപ്പെട്ടു നിൽക്കുകയാണ്. കുറെ നേരം എന്റെ അമ്മയും അവരും തമ്മിൽ എനിക്ക് വേണ്ടി പിടിയും വലിയും വാക്ക് തർക്കങ്ങളും നടന്നു. എന്റെ കൈയ്യിൽ നിന്ന് ആ സ്ത്രീയുടെ കൈ വലിച്ചു മാറ്റി അമ്മ എന്നെയും കൊണ്ട് വളരെ വേഗം ഞങ്ങളുടെ വീട്ടിലേക്കു നടന്നു. ഒരു എട്ടു വയസ്സുകാരന്റെ ബുദ്ധിയിൽ ഉയർന്ന ചോദ്യം 'ആ സ്ത്രീ ആയിരുന്നോ എന്റെ അമ്മ' എന്നതായിരുന്നു.

അങ്ങനെയാണെങ്കിൽ ആ സ്ത്രീയോടൊപ്പം എന്നെ വിടേണ്ടതായിരുന്നില്ലേ എന്ന ചോദ്യവും മനസ്സിലുണ്ടായി. ഇതൊക്കെ എന്റെ ചെറിയ മനസ്സിലുണ്ടായ തോന്നലുകളാണ്. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അമ്മ സംഗതികൾ എല്ലാവർക്കും വിവരിച്ചു കൊടുത്തു.

'എടാ, നീ അവരുടെ കൂടെ പോകേണ്ടതായിരുന്നു. എല്ലാ ദിവസവും ഫ്രഷ് ആയി പിടിച്ചു കൊണ്ട് വരുന്ന മീൻ കറി വച്ചും വറുത്തും കരിച്ചും ഒക്കെ നിനക്ക് നിന്റെ ആ 'അമ്മ' തരുമായിരുന്നു.', എന്നെ ചൊടിപ്പിക്കാനായി എന്നേക്കാൾ രണ്ടര വയസു മൂത്ത സഹോദരി പറഞ്ഞു. പിന്നീട് അവൾ ഇത് കൂടെകൂടെ പറയുന്നത് പതിവായി.

സെന്റ് അലോഷ്യസ് സ്കൂളിന്റെ മുൻ വശത്തും പിൻ വശത്തും വളരെ വിശാലമായ മൈതാനം ഉണ്ടായിരുന്നു. പിൻ വശത്തെ മൈതാനം നടന്നു കയറിയാൽ ഒരു ചെറിയ ഗേറ്റ് ഉണ്ടായിരുന്നു. ഗേറ്റ് തുറക്കുന്നത് ഒരു ചെറിയ ഇടവഴിയിലേക്കായിരുന്നു. ഇടവഴിയുടെ രണ്ടു വശത്തും മൽസ്യ ബന്ധനത്തിനു പോകുന്നവർക്കായി സാമാന്യം നല്ല രീതിയിൽ വച്ചു കൊടുത്ത വീടുകൾ ഉണ്ടായിരുന്നു. ഈ വീടുകൾ കഴിഞ്ഞാൽ ചെറ്റ കുടിലുകളാണ്. പിന്നെയും നടന്നാൽ അറബിക്കടൽ തീരവും കടലും. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ എന്ത് പരിപാടി സ്കൂളിൽ നടന്നാലും കാണാനും കേൾക്കാനും ധാരാളം ആളുകൾ എത്തും.

ഇന്നത്തെ കാലത്താണെങ്കിൽ പിള്ളേരെ പിടിച്ചു കൊണ്ട് പോകാൻ വന്നതായിരിക്കണം ആ സ്ത്രീ എന്ന് കരുതും. പക്ഷെ അവരുടെ തിരച്ചിൽ യാഥാർഥ്യമായിരുന്നെങ്കിൽ അവർക്ക് അവരുടെ മകനെ കണ്ടെത്താൻ കഴിഞ്ഞുവോ എന്ന ചോദ്യം മനസ്സിനെ മഥിക്കുന്നു.

English Summary:

Abraham Thomas shares his childhood memory.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com