ADVERTISEMENT

1992 - 95 കാലഘട്ടം. പുണർപ്പ യു.പി സ്‌കൂളിലേക്കുള്ള അനിവാര്യമായ പറിച്ചു നടൽ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ 4 കൊല്ലങ്ങൾ നടന്ന വഴികളോട് വിടപറഞ്ഞു പുതിയ വഴികൾ തേടേണ്ടിയിരിക്കുന്നു. മാടത്തൊടി പടിയിൽ നിന്നും പാടം വഴി ഒന്ന് വച്ച് പിടിച്ചാൽ ഇന്നത്തെ കാറ്റാടിപ്പാടത്ത് എത്താൻ അധികസമയം വേണ്ടിയിരുന്നില്ല. അന്നത്തെ വലിയ വരമ്പുകൾ എല്ലാം ഇന്ന് നന്നേ ശോഷിച്ചെന്ന് മനസ്സിലായത് കഴിഞ്ഞ അവധിക്കാലത്ത് റാഫിക്കയുടെയും അർസലിന്റെയും കൂടെ ഒറ്റാലും കത്തിയും എടുത്തു പാതിരാത്രി പാടത്തേക്കു മീൻ വേട്ടക്ക് ഇറങ്ങിയപ്പോളാണ്.

അന്നും ഇന്നും നടുപ്പാടത്ത് എത്തിയാൽ കക്കോൾപടിയിലെ പൂളക്കണ്ടം കഴിഞ്ഞു കിട്ടാൻ കാലിൽ ചെളിയാക്കിയേ പറ്റൂ. മറ്റിടങ്ങളിൽ എല്ലാം കൊല്ലത്തിൽ ഒരിക്കൽ വരമ്പിന്റെ അരികു ചെത്തി പുതിയ വരമ്പിടുമ്പോൾ പൂളക്കണ്ടത്തിൽ അതും നടക്കാറില്ല. കാരണം അത് പണ്ടേ കരിങ്കല്ലുകൊണ്ട് പടുത്തു സിമന്റ് ഇട്ടതാണ്. ഇന്ന് സിമന്റ് എല്ലാം പോയി വെറും കല്ലുകൾ മാത്രമായിട്ടുണ്ട് എന്ന് മാത്രം.വരമ്പിടുന്ന സമയത്ത് പാടത്തു കൂടെയുള്ള കുറുക്കു വഴി പടിഞ്ഞാറേക്കരയിലൂടെയുള്ള മറ്റൊരു പാതയിലേക്ക് മാറുമായിരുന്നു.

അന്നൊക്കെ ഒരുപാട് പേർ സ്കൂളിലേക്കും കോളജിലേക്കും ജോലിക്കും മറ്റുമായി സഞ്ചരിച്ചിരുന്ന പാടത്തു കൂടെയുള്ള നടപ്പാത ഇന്ന് ആരുടേയും പാദസ്പർശം ഏൽക്കാതെ  പുല്ലു പിടിച്ചു കിടക്കുകയാണ്. ആ പച്ചവിരിച്ച നെൽപാടത്തിന് നടുവിലൂടെയുള്ള യാത്രകളെക്കുറിച്ചുള്ള ചിന്തകൾ കുട്ടിക്കാലത്തെ ഓർമകളെ തൊട്ടുണർത്തുന്നു. സ്കൂളിൽ പോകാൻ മടിയുള്ളവർ നടുപ്പാടത്ത് എത്തിയാൽ ചളിയിലേക്കു വഴുതി വീഴുന്ന ഒരു "പ്രതിഭാസം" പലപ്പോഴും ഉണ്ടാകുമായിരുന്നു.

മഴക്കാലത്ത് ചെറുപുഴ നിറഞ്ഞാൽ പിന്നെ പാടത്തേക്ക് പെട്ടെന്ന് വെള്ളം കയറും. അതോടെ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടം ഒരു കടലായി മാറും. പുഴ നിറഞ്ഞു നിൽക്കുന്ന സമയത്ത് ഉച്ചക്ക് ശേഷം മഴ പെയ്താൽ ഞങ്ങൾ കരിഞ്ചാപ്പാടി ഭാഗത്തുനിന്നും വരുന്നവരെ സ്കൂളിൽ നിന്നും നേരത്തെ വിടും. അല്ലെങ്കിൽ നാറാണത്തെ പുഴ കരകവിഞ്ഞു പാലത്തിനു മുകളിലൂടെ ഒഴുകാൻ തുടങ്ങിയാൽ ഞങ്ങൾക്ക് വീട്ടിലെത്താൻ ബുദ്ധിമുട്ടാകും എന്നതുകൊണ്ടുള്ള ഒരു മുൻകരുതലിന്റെ ഭാഗമായിരുന്നു അത്. ആ ദിവസങ്ങളിൽ പാടത്ത് കൂടെയുള്ള യാത്ര മുടങ്ങും. എങ്കിലും ഒരു വിധം വരമ്പുകൾ എല്ലാം കാണുന്നുണ്ടെങ്കിൽ പാടത്തുകൂടെ തന്നെയായിരുന്നു മടക്കം.

റോഡിലൂടെ സ്കൂൾ വിട്ടു വരേണ്ട ചില സന്ദർഭങ്ങൾ ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്. അത് നാണിയും യൂനുസും അടിയുണ്ടാക്കുന്ന ദിവസങ്ങളിൽ ആയിരുന്നു. മുൻകൂട്ടി പ്രഖ്യാപിച്ചുള്ള അടിയായിരിക്കും ഉണ്ടാകുക എന്നതിനാൽ തന്നെ ഞങ്ങളെല്ലാവരും വളരെ ആകാംക്ഷയോടെ  അത് കാണാനായി അവരെയും ആനയിച്ചുകൊണ്ട് ഒരു നടത്തമാണ്. ചില അവസരങ്ങളിൽ എങ്കിലും പ്രതീക്ഷ അസ്ഥാനത്ത് ആകാറുമുണ്ട്. എങ്കിലും എന്തിന്റെ പേരിലായിരുന്നു ആ അടികൂടിയിരുന്നതെന്ന് ഇന്നും എനിക്ക് അജ്ഞാതമാണ്.

ചൊവ്വാണ എൽപി സ്കൂളിൽ പഠിക്കുന്ന സമയത്ത് നാറാണത്ത് പഠിച്ചിരുന്ന മുതിർന്ന കുട്ടികളുടെ കഥയിൽ എപ്പോഴും കടന്നു വരുന്ന ഒന്നായിരുന്നു എല്ലും വണ്ടി. നാറാണത്തേക്ക് മാറിയപ്പോളാണ് അത് എല്ലു കൊണ്ടുപോകുന്നതല്ല, ഡ്രൈവിങ് സ്കൂളിലെ "L " എന്ന് എഴുതിയ ഡ്രൈവിങ് പഠിപ്പിക്കുന്ന വണ്ടിയാണ് എന്ന് മനസ്സിലായത്.

ഉച്ചയ്ക്കുള്ള ചോറൂണ് കഴിഞ്ഞാൽ സ്കൂളിൽ കിണറുണ്ടെങ്കിലും പാത്രം കഴുകാൻ നാറാണത്ത് പുഴയിൽ വരുന്നത് പല ദിവസങ്ങളിലും ഉണ്ടായിരുന്ന ആനയെ കുളിപ്പിക്കൽ കാണാൻ വേണ്ടി കൂടിയായിരുന്നു. ചില ദിവസങ്ങളിൽ പെട്ടെന്ന് ചോറുണ്ട് മേലേച്ചാലിലെ കുന്നിൻമുകളിലുള്ള ഷാജീ നവാസിന്റെ വീട്ടിലെത്തി താണിക്കയും പെറുക്കി കല്ലുകൊണ്ട് പൊട്ടിച്ചു തിന്നും. പിന്നീട് ബെല്ലടിക്കുന്നതിനു മുന്നേ ക്ലാസ്സിൽ എത്താൻ ആ കുന്നിൻ മുകളിൽ നിന്ന് ചെരുപ്പും കയ്യിൽ പിടിച്ചു ഒരു ഓട്ടമാണ്.ക്ലാസ്സിൽ വന്നിരുന്നതിന് ശേഷമാകും പാന്റിൽ കുത്തിക്കേറിയ എപ്പോംപുല്ലു പറിച്ചു കളയാൽ.

ഉച്ച ഭക്ഷണത്തിനു പോയാൽ ചിതാറമ്പിൽ നിന്നും കിട്ടുന്ന വലിയ അടക്കാപഴങ്ങൾ ബഷീർ അവന്റെ വലിയ പാന്റിന്റെ പോക്കറ്റിലാക്കി വരും. അതിലൊന്ന് നേടിയെടുക്കാൻ വലിയ പാടായിരുന്നു. മിക്കവാറും അത് തിന്നാനുള്ള ഭാഗ്യം ഉണ്ടായിരുന്നത് ക്ലാസ്സിലെ പെൺകുട്ടികൾക്കായിരുന്നു. അവർ അത് ചോദിക്കുന്നതും നോക്കി അവൻ കാത്തിരിക്കും. ആരും ചോദിച്ചില്ലെങ്കിൽ മാത്രമാണ് അതിന്റെ ഒരു കഷണമെങ്കിലും എനിക്കൊക്കെ കിട്ടിയിരുന്നത്. അവനൊക്കെ ഇപ്പൊ എവിടെയോ എന്തോ.

പുണർപ്പ സ്കൂളിൽ അന്നും കളിക്കാനായി ചെറിയൊരു നടുമുറ്റം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്റർവെൽ സമയങ്ങളിൽ അതെപ്പോഴും കുട്ടികളെക്കൊണ്ട് നിറഞ്ഞു കവിയും... അതുകൊണ്ട് തന്നെ മിക്കവാറും കുട്ടികൾ മതിലിനു അപ്പുറത്തുള്ള പറമ്പിൽ പോകുമായിരുന്നു. അവിടെ വീടുപണിക്കായി ഇറക്കിയ മണൽകൂനയിൽ കയറി ഉയരം കുറഞ്ഞ തെങ്ങിൻപട്ടയിൽ ഊഞ്ഞാലാടുന്നതും പണി പൂർത്തിയാകാത്ത വീടിനുള്ളിൽ സാറ്റ് കളിക്കുന്നതും പല തരത്തിലുള്ള വിനോദങ്ങളിൽ ചിലതായിരുന്നു. ആ വീടുപണി എന്തുകൊണ്ടോ നീണ്ടുപോയതിനാൽ അവിടെയുള്ള മണൽ കൂനകൾ വർഷങ്ങളോളം കുട്ടികളുടെ കളിസ്ഥലമായി മാറിയിരുന്നു. ഷാനും ബഷീറും സിദ്ധീക്കും അടങ്ങുന്ന ഞങ്ങളുടെ ഒഴിവു സമയം ഒരുപടി കൂടെ കടന്നു കൽബക്കുന്നിലെ ചുള്ളിക്ക ചെടികളുടെ ചുവട്ടിൽ വരെ എത്തുമായിരുന്നു.

വസന്ത ടീച്ചർ ആയിരുന്നു കണക്ക് പഠിപ്പിച്ചിരുന്നത്. ഉയർന്ന നെറ്റിയും വലിയ ചെവിയും ഉള്ളവർക്ക് ജീവിതത്തിൽ ഭാഗ്യമുണ്ടാകും എന്ന് പറയുമായിരുന്നു ടീച്ചർ. പിന്നീട് നെറ്റി ഉയരുന്നുണ്ടോ, ചെവി വലുതാകുന്നുണ്ടോ എന്ന്  കണ്ണാടിയിൽ ഇടയ്ക്കിടെ നോക്കുമായിരുന്നു. ടീച്ചർ ഈ ലോകത്തോട് വിടപറഞ്ഞിട്ടു കുറച്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ ദാരുണമായ സംഭവം ഉണ്ടായത്. ഇന്റർവെൽ സമയത്ത് ഞാനും സിദ്ധീക്കും റോഡ് സൈഡിലൂടെ തോളിലും കയ്യിട്ടു നടക്കുകയാണ്. സൈക്കിളിൽ വലിയ പെട്ടിയുമായി ഐസ് കച്ചവടക്കാരൻ ആ പ്രത്യേക ശബ്ദം മുഴക്കുന്നുണ്ട്. മുന്തിരിയും സേമിയനും ഉള്ള ഒരു ഐസ് മുഴുവൻ കിട്ടാൻ 50 പൈസ  കൊടുക്കണം. കട്ടിയുള്ള കണ്ണട വെച്ച ഐസ് കച്ചവടക്കാരനെ ഒന്ന് സോപ്പിട്ടാൽ 20 പൈസക്ക് തെല്ലും മുനയും പൊട്ടിയ ഐസ് കിട്ടുമായിരുന്നു.

അങ്ങനെ പൊട്ട ഐസും നുണഞ്ഞു നടക്കുന്നതിനിടയിൽ പെട്ടെന്ന് മലപ്പുറം ഭാഗത്തേക്ക് പോയ നാഷനൽ പെർമിറ്റ് ലോറി കണ്ടു ഞാൻ സിദ്ധീക്കിനോട് പറഞ്ഞു. ആ ലോറിയുടെ പോക്ക് അത്ര ശരിയല്ലല്ലോ ഡാ എന്ന്. പിന്നീട് നിമിഷങ്ങൾക്കുള്ളിൽ ഒരു കൂട്ടനിലവിളിയാണുയർന്നത്. റോഡിന് അപ്പുറത്തുള്ള മൊയ്തുട്ടിക്കയുടെ കടയിൽ നിന്നും മിട്ടായി വാങ്ങി വരുകയായിരുന്ന കുട്ടികളെയും ഇടിച്ചു തെറിപ്പിച്ചാണ് ആ ലോറി അടുത്തുള്ള തോട്ടിലേക്ക് മറിഞ്ഞത്. അന്ന് രാമപുരത്തു നിന്നും വന്നിരുന്ന സുനിൽ എന്ന ഉണ്ണിക്ക് നഷ്ടമായത് അവന്റെ ഒരു കാൽ ആണ് എങ്കിൽ കാച്ചിനിക്കാട്ടുകാരൻ ഗഫൂറിന് നഷ്ടമായത് അവന്റെ ജീവൻ തന്നെയാണ്. അപകടത്തിൽ വേറിട്ട് പോയ അവന്റെ ഒരു കൈ രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അപകട സ്ഥലത്ത് നിന്നും കണ്ടെടുത്തതെന്ന് ഇന്നും വേദനയോടെ ഓർത്തു പോകുന്നു.

സ്കൂളിന് അടുത്ത് തന്നെ ഒരു മദ്രസയുണ്ട് അതിനടുത്തായി ഒരു വാടക ക്വാർട്ടേഴ്സും. ഒരു ദിവസം ഉച്ചസമയത്ത് ക്വാർട്ടേഴ്സിൽ  നിന്നും ഒരു നിലവിളി ശബ്ദവും ആളുകൾ ഓടിക്കൂടുന്നതും കണ്ടു. പിന്നീട് അറിഞ്ഞു ഞങ്ങളെ പഠിപ്പിച്ചിരുന്ന മിനി ടീച്ചറുടെ  വീട്ടിൽ പട്ടാപ്പകൽ കള്ളൻ കയറിയതാണ് എന്നും അഞ്ച് പവന്റെ സ്വർണമാല മോഷണം പോയി എന്നും. പിന്നീട് ആ കള്ളനെ പിടികൂടിയോ എന്തോ.

അന്ന് സ്കൂളിന് എതിർവശത്ത് പുതിയൊരു വീടിന്റെ പണി തുടങ്ങി. അതിലെ ആധുനിക സൗകര്യങ്ങളെക്കുറിച്ചു  ഒരുപാട് കഥകൾ പ്രചരിക്കുന്നുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വീടിന്റെ മുന്നിലെ ഗേറ്റ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തുറക്കാൻ കഴിയുമെന്നത്. ടെക്നോളജി അന്നത്ര വികസിച്ചിട്ടില്ലാതിരുന്നതിനാൽ തുടക്കത്തിൽ കുട്ടികൾ ആരും അത് വിശ്വസിച്ചില്ല  എങ്കിലും പിന്നീട് സ്വിച്ച് ഇട്ടാൽ ആ ഗേറ്റ് ഒരു സൈഡിലേക്ക് നീങ്ങിപ്പോകുന്നത് കൗതുകത്തോടെ ഞങ്ങൾ നോക്കി നിൽക്കുമായിരുന്നു... അതൊക്കെ ഇന്നും നീങ്ങുന്നുണ്ടോ എന്തോ.

ആറാം ക്ലാസ്സിൽ ഹിന്ദി പഠിപ്പിച്ചിരുന്ന മുസ്തഫ മാഷിന് കുട്ടികൾ പഠിച്ചില്ലെങ്കിൽ റെയ്‌നോൾഡ്‌സ് പേനയുടെ കട്ടിയുള്ള ടോപ് കയ്യിന്റെ മസിലിനു താഴെയുള്ള മാംസള ഭാഗവുമായി ഒരു കൂട്ടിപ്പിടുത്തമുണ്ടായിരുന്നു.നക്ഷത്രമെണ്ണിപ്പോകും. പിന്നെ  ചുരുങ്ങിയത് ഒരാഴ്ചയോളം ആ ഭാഗം നീലച്ചു കിടക്കും ചെയ്യും. അതുകൊണ്ടു തന്നെ മാഷോടുള്ള ദേഷ്യം പിന്നീട് ഹിന്ദി ഭാഷയോടുള്ള ദേഷ്യമായി പരിണമിച്ചു. ഇപ്പോൾ ഈ പ്രവാസ ജീവിതത്തിനിടയിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ ആരെങ്കിലും ഹിന്ദിയിൽ സംസാരിക്കാൻ വന്നാൽ നല്ല വെടിപ്പായി പറയും "മുജേ ഹിന്ദി മാലൂം നഹി" എന്ന്.

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഉച്ചഭക്ഷണം കഴിച്ചു ചോറ്റുപാത്രം കഴുകി ക്ലാസ്സിന്റെ ഒരു മൂലയിൽ ഉണങ്ങാൻ വെക്കുമായിരുന്നു. ഒരു ദിവസം നോക്കുമ്പോൾ പാത്രത്തിന്റെ ഷേപ്പ് എല്ലാം ആകെ മാറിയിട്ടുണ്ട്. അത് അടയ്ക്കാൻ പറ്റുന്ന കോലത്തിൽ ആയിരുന്നില്ല. കുറച്ചു നേരത്തെ അന്വേഷണത്തിന് ഒടുവിൽ ആളെ പിടികിട്ടി. ക്ലാസ്സിലൂടെ ഓടിക്കളിക്കുന്നതിനിടയിൽ സഹപാഠി ഫസീന ചോറ്റുപാത്രത്തിൽ ചവിട്ടിയതാണ്‌. അപ്പോഴത്തെ ദേഷ്യവും വീട്ടിൽ ചെന്നാൽ കിട്ടുന്ന വഴക്കുമെല്ലാം മനസ്സിൽ ഉരുണ്ടുകൂടിയപ്പോൾ ഫസീനയെ ഞാൻ തല്ലി. അവളതു ക്ലാസ് ടീച്ചറായിരുന്ന ഫ്രാൻസിസ് സാറിനോട് പരാതി പറഞ്ഞപ്പോൾ മാഷിന്റെ അടുക്കൽ നിന്നും ചൂരൽ കൊണ്ട് കിട്ടിയ അടിയുടെ വേദന ഇപ്പോളും മറന്നിട്ടില്ല.പെൺകുട്ടികളോട് അന്ന് തുടങ്ങിയ വിരോധം മാറാൻ പിന്നെയും എടുത്തു അഞ്ചാറ് വർഷങ്ങൾ.

ഒരിക്കൽ ചെയ്യാത്ത കുറ്റത്തിന് ഞാനും ഒന്നു രണ്ടു മറ്റു സുഹൃത്തുക്കളും പിടിക്കപ്പെട്ടു. അന്ന് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി ക്ലാസ് ടീച്ചർ ഞങ്ങളെ ക്രോസ് വിസ്താരം നടത്തുന്നതിനിടയിൽ ഞാൻ ടീച്ചറോട് പറഞ്ഞു "ഞങ്ങൾ പാവങ്ങളാണ്.. ഞങ്ങൾ അത് ചെയ്തിട്ടില്ല" എന്ന്. അന്നത്തെ ആ ദയനീയാവസ്ഥ പറഞ്ഞു ഇന്നും കൂടെ ഉണ്ടായിരുന്ന അജ്മലും, കുഞ്ഞി മുഹമ്മദും, ഷൗക്കത്തലിയും എന്നെക്കാണുമ്പോൾ പറഞ്ഞു കളിയാക്കി ചിരിക്കും.

അന്ന് ക്ലാസ്സിൽ പഠിക്കാൻ മുന്നിലായിരുന്ന നഷീബ ഇന്ന് ഡോക്ടർ ആണെങ്കിൽ റഹ്‌നുമ്മ ബഹ്‌റൈനിൽ അധ്യാപികയും, ബുഷ്‌റ പിഎസ്​സി ജീവനക്കാരിയുമാണ്. അന്നത്തെ സഹപാഠികളിൽ മിക്കവരെയും പലയിടത്തു വച്ചും കണ്ടുമുട്ടാറും പഴയ പരിചയം പുതുക്കാൻ ശ്രമിക്കാറുമുണ്ട്. അന്നത്തെ പല അധ്യാപകരും ഇന്ന് ജീവിതത്തിന്റെ തിരക്കുകൾ ഒഴിഞ്ഞു റിട്ടയേർഡ് ലൈഫ് ആസ്വദിക്കുന്നുണ്ടാകും.പലരുടെയും മുഖം ഇന്നും മനസ്സിലൂടെ മിന്നി മറയുന്നുണ്ട്. 

ഇന്ന് ആ പഴയ കാലത്തിലേക്ക് ഒന്നെത്തിനോക്കാൻ ശ്രമിക്കുമ്പോൾ തെല്ലൊരു നഷ്ടബോധത്തോടെ മാത്രമേ എല്ലാം ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ. അമിത പ്രതീക്ഷകളോ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളോ ഒന്നും ഇല്ലാതെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്ന ആ കുട്ടിക്കാലം. ഇനിയൊരിക്കലും ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ആ കാലഘട്ടത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ?

അടുത്ത അവധിക്കാലത്ത് എന്റെ ബാല്യകാല ഓർമകൾ ഉറങ്ങിക്കിടക്കുന്ന ആ മതിൽകെട്ടിനകത്തേക്ക് ഒന്ന് എത്തിനോക്കണം. ആ നിഷ്കളങ്ക ബാല്യത്തിന്റെ സ്മരണകളുടെ ഒരു തരിയെങ്കിലും അവിടെ അവശേഷിക്കാതിരിക്കില്ല.....

English Summary:

Abdul Rahim Karinchapadi recalls childhood memories from his school days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com