'വിയർത്തുഞെട്ടി എഴുന്നേറ്റിരുന്ന ഞാൻ നന്നായി കിതച്ചു': സുഖമായി ഉറങ്ങാൻ അച്ഛൻ പറഞ്ഞു തന്ന 'സൂത്രം'

Mail This Article
ടൈഗർ ബാമിന്റെ മണമാണ് അച്ഛനെ കുറിച്ചുള്ള എന്റെ ഓർമകൾക്കെന്ന് ഞാനീമയക്കത്തിൽ അറിയുന്നുണ്ട്. എന്നും ഓഫിസിൽ നിന്ന് വന്നിട്ട് ഉറങ്ങാൻ നേരം അച്ഛൻ നെറ്റിയുടെ ഇരുവശത്തും ടൈഗർ ബാം പുരട്ടാറുണ്ട്. ഒരു തണുപ്പിന്റെ സുഖത്തിൽ അങ്ങനെ കിടന്ന് മയങ്ങി പോവാൻ ആണത്. പക്ഷേ ഈ ശീലം വർഷങ്ങൾ നീണ്ട് നിന്നു. ബാം പുരട്ടിയ നെറ്റിയുടെ രണ്ടുവശത്തും നന്നായി പൊള്ളിയത് പോലെ പാടുകൾ ആയി.
പല ഡോക്ടർമാരെയും കാണിച്ചു, ഇത്രെയും നാളുകൊണ്ട് വരുത്തിയത് അത്ര എളുപ്പത്തിൽ മാറില്ലെന്ന് അറിയാനും കഴിഞ്ഞു. അച്ഛൻ അതോടെ ആകെ ഉണ്ടായിരുന്ന ടൈഗർ ബാം എന്ന ദുശീലം അവിടെ ഉപേക്ഷിച്ചു. അങ്ങനെ ഒരു ശീലം ഉണ്ടാവുമോ എന്ന ഭയമുള്ളതുകൊണ്ടുതന്നെ ഒരു ബാമും ഉപയോഗിക്കരുത് എന്നായിരുന്നു പണ്ട് മുതലേ ഞങ്ങളോട് പറഞ്ഞിരുന്നത്. വിരലിൽ എണ്ണാവുന്ന തവണ ആയിരിക്കും ഞാൻ അത് ഉപയോഗിച്ചതും. ചെറുപ്പത്തിൽ എനിക്ക് രാത്രി ഉറങ്ങാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു. ഓരോ സ്വപ്നങ്ങൾ കണ്ട് പേടിച്ചും ഞെട്ടിയും എത്രയോ രാവുകൾ കഴിച്ചത് രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്ക് ഇപ്പുറവും ഞാൻ ഓർക്കുന്നു.
അന്ന് ഞങ്ങൾ എല്ലാരുംകൂടെ ആ കൊച്ചു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്. അമ്മേടേം അച്ഛന്റേം ഇടയിൽ ആണ് ഞാനും അനിയനും. അമ്മേടെ അടുത്ത് കിടക്കാൻ ആണ് എനിക്കിഷ്ട്ടം. അച്ഛൻ ഒരുവിധം വല്യ മനുഷ്യൻ ആയതുകൊണ്ടുതന്നെ കയ്യൊക്കെ നല്ല വലുപ്പമാണ്. ദേഹത്ത് വച്ചാൽ ഭാരം ഉള്ളോണ്ടോ, കെട്ടിപ്പിടിച്ചാൽ ശ്വാസം മുട്ടുമെന്ന് തോന്നുന്നൊണ്ടോ ഞാൻ അച്ഛന്റെ അടുത്ത് അധികം കിടന്നിരുന്നില്ല.
അമ്മ അനിയനേം കൊണ്ട് കുറച്ച് ദിവസം പുത്തൻവേലിക്കരയിലെ അമ്മേടെ വീട്ടിൽ പോയി നിന്നപ്പൊ ഞാനും അച്ഛനും ആ കട്ടിലിന്റെ ഇരുവശങ്ങളിലുമായി. പതിവുപോലെ ദുസ്വപ്നങ്ങൾ എന്റെ ഉറക്കം കാർന്നുതിന്നു. വിയർത്തുഞെട്ടി എണീറ്റിരുന്ന ഞാൻ നന്നായി കിതച്ചു. താഴ്ന്നസ്വരത്തിൽ, 'മോൻ എന്തേലും സ്വപ്നം കണ്ടോ?' എന്നച്ഛൻ ചോദിച്ചു. 'സുഖമായി ഉറങ്ങാൻ ഒരു സൂത്രം ഉണ്ട്, കമിഴ്ന്നു കിടന്നാമതി' എന്ന് അച്ഛൻ പറഞ്ഞത് പിന്നീടുള്ള ഒരുപാട് വർഷങ്ങൾ ഞാൻ സുഖമായി ഉറങ്ങിയതിന്റെ കാരണം ആയി.
അച്ഛനെ ഇന്ന് വൈകുന്നേരംകൂടെ ഫോണിൽ വിളിച്ചിരുന്നു. കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോഴും എന്നും കൂടെ തന്നെ ഉണ്ടായിരുന്നു. ഉറങ്ങാൻ അച്ഛനോളം എളുപ്പത്തിൽ സാധിക്കുന്ന വേറൊരാളെ ഇന്നുവരെ ഞാൻ കണ്ടിട്ടുമില്ല. വർഷങ്ങൾക്കിപ്പുറം, ടൈഗർ ബാം ഇപ്പൊ എല്ലാ പ്രവാസിയുടെയും സ്ഥിരം സമ്മാനം അല്ലാതെ ആയിരിക്കുന്നു. അതുകൊണ്ട് തന്നെ നാട്ടിലെ പലവീടുകളിലും ഇപ്പൊ അതത്ര കാണുന്നില്ല. ഖത്തറിലെ നീണ്ടകാല സേവനം നിറുത്തി നാട്ടിലേക്ക് മടങ്ങിയ അഞ്ജുവിന്റെ അച്ഛൻകൊണ്ടുവന്ന സാധനങ്ങളിൽ ഒരു ടൈഗർ ബാമും ഉണ്ടായിരുന്നു.
അതെന്റെ തലക്കലുള്ള ടേബിളിലാണ് ഇപ്പോയിരിപ്പ്. രാത്രി ഉറങ്ങാൻ കിടന്ന് കുറച്ചുനേരം ആയപ്പൊ വല്ലാതെ കൈമുട്ടിന് ഒരു വേദന. ടെന്നിസ് എൽബോ ആയിട്ടാണ് എനിക്കനുഭവപ്പെട്ടത്. കമിഴ്ന്ന് കിടന്നാലും ഉറങ്ങാൻ പറ്റില്ലെന്ന് തോന്നിയപ്പൊ ഞാനാ ബാമെടുത്തു മുട്ടിനു ചുറ്റും പുരട്ടി, കൈ അധികം അനക്കാതെ മലർന്ന് പുതച്ചുകിടന്നു. അന്നത്തെ പോലെ, ഭാരമുള്ള, ടൈഗർ ബാമിന്റെ മണമുള്ള കൈ എന്റെ നെഞ്ചത്ത് വച്ചതും, എത്രയോ രാത്രികളിൽ എന്നെ ഉറക്കിയ അച്ഛനെ, ഞാൻ അറിഞ്ഞു.