ADVERTISEMENT

പാരീസ്∙ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി യുമായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പാരീസില്‍ ചര്‍ച്ച നടത്തി.  കേരളത്തിന്‍റെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി നടത്തിയ ചര്‍ച്ചയിൽ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പഠിക്കാനുള്ള സന്നദ്ധത തോമസ് പിക്കറ്റി അറിയിച്ചു.

cm-in-paris-with-piketty-2

സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താനും കേരളത്തിന്‍റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും താൽപര്യമുണ്ടെന്ന് തോമസ് പിക്കറ്റി പറഞ്ഞു. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പിക്കറ്റിയുമായുള്ള ചര്‍ച്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. പാരീസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ ലൂകാസ് ചാന്‍സലും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഭൂപരിഷ്കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ നടത്തിയ വലിയ മുതല്‍മുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താന്‍ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞു. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിര്‍ദേശിച്ചു. കൂടുതല്‍ സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കണം. സമ്പന്നരുടെ നികുതി കുറയ്ക്കുന്നിന് ആഗോളമായി തന്നെ സമ്മര്‍ദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളും ഇവരുടെ വാദഗതികളാണ് ഉയര്‍ത്തുന്നത്. ഭൂനികുതി, വസ്തുനികുതി, സ്വത്ത്നികുതി എന്നിവയുടെ ഘടന മാറണം. സമ്പത്തുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്ന വിധത്തില്‍ നികുതി നിരക്ക് മാറിക്കൊണ്ടിരിക്കണം.

സാമ്പത്തിക അസമത്വത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിന് സ്ഥിതിവിവരക്കണക്കുകള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് കിട്ടാന്‍ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് പിക്കറ്റി പറഞ്ഞു. സാമൂഹിക രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിയാലേ അസമത്വം കുറയ്ക്കാന്‍ കഴിയൂ. അസമത്വത്തെക്കുറിച്ചുള്ള വിശദമായ അപഗ്രഥനത്തിന് സമഗ്രമായ ഡേറ്റാബേസ് ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പിക്കറ്റി അഭ്യർഥിച്ചു.

കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പിക്കറ്റി സ്വീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com