ADVERTISEMENT

ക്വാലാലംപൂർ∙ പന്ത്രണ്ട് വർഷമായി മലേഷ്യയിലേക്ക് ജോലിക്കു പോയ മകനെയും കാത്തിരിക്കുന്ന അച്ഛനും അമ്മയും പ്രവാസി മലയാളികളുടെ നോവായി. മകന്റെ ഫോട്ടോ പിടിച്ചു മാതാപിതാക്കൾ നിൽക്കുന്ന രംഗം സമൂഹ മാധ്യമ ഗ്രൂപ്പിലുള്ള പ്രവാസി മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.  പല അംഗങ്ങളും മകനെ കണ്ടെത്താൻ നമ്മൾക്കെന്തു ചെയ്യാം എന്ന ചോദ്യവുമായി മുന്നോട്ട് വന്നു. 

വളയൻ ചിറങ്ങര പൂനൂർ തോട്ടത്തിക്കാട്ടിൽ കെ.എൻ.പത്മാനാഭൻ നായർ–ലളിത ദമ്പതികളുടെ മകൻ പി.ശിവകുമാറിനെയാണ് മലേഷ്യയിൽ കാണാതായത്. ഇൗ വാർത്ത മലയാള മനോരമ പെരുമ്പാവൂർ ഡേറ്റ് ലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. പെരുമ്പാവൂരിലുള്ള  സുഹൃത്തുക്കളുടെ സഹായത്തോടെ വെങ്ങോല പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകൻ കെ.വി.രതീഷ് കുമാർ ശിവകുമാറിന്റെ വീട് സന്ദർശിച്ച ശേഷം വിവരങ്ങൾ അയച്ചു നൽകി.

ഒൻപതു വർഷക്കാലം വീട്ടുകാരുമായി ബന്ധം പുലർത്താത്ത പ്രവാസി മലയാളിയെ മലേഷ്യൻ പ്രവാസി മലയാളികളുടെ അന്വേഷണത്തിലൂടെ അടുത്ത കാലത്ത് കണ്ടുമുട്ടി നാട്ടിലേക്ക് അയച്ചിരുന്നു. ഇൗ അനുഭവത്തിന്റെ വെളിച്ചത്തിൽ പ്രതീക്ഷ കൈവിടാതെ കിട്ടിയ വിവരങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഇരുനൂറോളം മലയാളികളുൾപ്പെടുന്ന ഗ്രൂപ്പിലൂടെ മലേഷ്യയുടെ ഓരോ മുക്കിലും മൂലയിലും വാർത്തയെത്തിച്ച് ശിവകുമാറിനെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി.

12 വർഷം പഴക്കമുള്ള കേസായതിനാൽ ആഴത്തിലുള്ള അന്വേഷണം പല രീതിയിലും വഴിമുടക്കി. ശിവകുമാർ ജോലി ചെയ്ത കമ്പനിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും അത്തരം ഒരു കമ്പനി നിലവിൽ പ്രവർത്തിക്കുന്നതായി ആർക്കും അറിയില്ല. അന്ന് ആ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന മലയാളികളൊക്കെ നീണ്ട കാലത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തി. പാത്ത് ടെക്‌നോളജി എന്ന കമ്പനിയിൽ ആയിരുന്നു ശിവകുമാർ ജോലി തേടിയിരുന്നത്. നിലവിൽ അതേ മേൽവിലാസത്തിൽ പ്രവർത്തിക്കുന്നത് മറ്റൊരു കമ്പനിയാണ്. അതിനാൽ ജോലി ചെയ്ത കമ്പനിയിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതയും നഷ്ടപ്പെട്ടു. 

പിന്നീട് അന്വേഷിച്ചത് വർഷങ്ങളായി ആ പ്രദേശത്ത് താമസമാക്കിയ മലയാളികളോടായിരുന്നു. കാലപ്പഴക്കമുള്ള അവരുടെ ഓർമകൾ കൂട്ടി വായിക്കുമ്പോൾ ശിവകുമാർ മലയാളി സുഹൃത്തുക്കളെക്കാൾ കൂടുതലായി സ്വദേശികളുമായി സമ്പർക്കത്തിൽ ഏർപ്പെടാറുള്ള വ്യക്തിയായിരുന്നു എന്ന് മനസിലായി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പിടിച്ച് പറിയും കടന്നാക്രമണവും പൊതുവെ മലേഷ്യയിൽ വളരെ കൂടുതലാണ്. 

പണത്തിനു വേണ്ടി വിദേശികളെ ഓടിച്ചിട്ട് പിടിക്കുന്നത് നേരിട്ട് കാണാറുള്ള അനുഭവങ്ങൾ പ്രതീക്ഷകളും താളം തെറ്റിക്കാൻ തുടങ്ങി. സ്വദേശികളുമായുള്ള കൂട്ടുകെട്ട് ആപത്തിലേക്ക് നീങ്ങുമെന്ന് പലതവണ അന്നവിടെയുണ്ടായിരുന്ന മലയാളി സുഹൃത്തുക്കൾ ശിവകുമാറിനെ ധരിപ്പിച്ചതായും ചില സുഹൃത്തുക്കൾ ഓർത്തെടുത്തു. സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ശിവകുമാർ വഴങ്ങിയില്ല എന്നാണറിയുന്നത്. രാത്രിയിൽ സ്വദേശികളുടെ കൂടെ മത്സ്യ ബന്ധനത്തിനെന്നും പറഞ്ഞ് ബോട്ടിൽ പോവാറുള്ളതായി ശിവകുമാറിന്റെ സുഹൃത്തുക്കളെ പോലെ തന്നെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്വദേശികളുമായുള്ള അമിതമായ അടുപ്പം അപകടത്തിലേക്ക് നയിക്കുമെന്ന്  സ്വയം തിരിച്ചറിയാൻ ശിവകുമാർ ശ്രമിക്കാത്തതായിരിക്കാം അദ്ദേഹത്തിന്റെ തിരോധാനത്തിന്റെ ഒരു മുഖ്യ കാരണമെന്നും അവിടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു. 

12 വർഷം മുൻപ് ഒരു രാത്രി സ്വദേശികളോടൊപ്പം വിജനമായ ഒരു കടപ്പുറത്ത് സൗഹൃദ വിരുന്നിൽ പങ്കെടുക്കാനെന്നും പറഞ്ഞാണ് റൂമിൽ നിന്നു അവസാനമായി പോയതെന്ന് കൂട്ടുകാർക്ക് ഓർമയുണ്ട്. പിറ്റേന്നു വരെ റൂമിലേക്ക് മടങ്ങിയെത്താതിരുന്നപ്പോൾ അന്നവിടെയുണ്ടായിരുന്ന മലയാളികൾ ചേർന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്തു. ചില അപകടകാരികളായ സ്വദേശികളുടെ ആധിപത്യമുള്ള പ്രദേശമായതിനാലും ശിവകുമാർ ഒരു വിദേശിയായിരുന്നതിനാലും പൊലീസിന്റെ ഭാഗത്തു നിന്നു ഗുണകരമായ അന്വേഷണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നു പലരും ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ തിരോധാനത്തിന് ശേഷം സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന ശിവകുമാറിന്റെ ഒരു ബന്ധു സ്ഥലത്തെത്തി മറ്റു മലയാളികളുമായി ചേർന്നു പരാതിയുമായി മുന്നോട്ട് പോവാൻ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല.  അന്നു ശിവകുമാർ മലേഷ്യയിൽ നിന്നും പുറത്തേക്കെങ്ങും പോയിട്ടില്ലെന്ന് എമിഗ്രേഷൻ വഴിയുള്ള അന്വേഷണത്തിൽ വ്യക്തമായതായി അവിടെയുള്ള ചിലയാളുകൾ പറയുന്നുണ്ട്. ഏകമകനെ മാത്രം ആശ്രയിക്കുന്ന വീട്ടുകാർക്ക് അന്നു നേരിട്ട് മലേഷ്യയിൽ അന്വേഷണത്തിനായി ബന്ധപ്പെടാനുള്ള സാഹചര്യമില്ലാതിരുന്നതും ശിവകുമാറിനെ കണ്ടെത്താനുള്ള ശ്രമങ്ങളെ മുരടിപ്പിച്ചു

ശിവകുമാറിന്റെ തിരോധാനത്തിനു ശേഷം അദ്ദേഹത്തിന്റെ റൂംമേറ്റിനെ ആരോ ഭീഷണിപ്പെടുത്തിയെന്നും അയാൾ ഉടനെ ആ പ്രദേശം വിട്ടു പോയെന്നുമാണ് അവിടുത്തുകാരുടെ അറിവ്. സോഷ്യൽ മീഡിയയും വാർത്താവിനിമയ സാഹചര്യങ്ങളും വളർന്നു പന്തലിക്കാത്ത ആ കാലഘട്ടത്തിൽ ശിവകുമാറിന്റെ തിരോധാനം പുറം ലോകവും അറിഞ്ഞില്ല. മാത്രമല്ല സ്വദേശികളുടെ ഭീഷണി ഭയന്നിട്ടാവാം കൂടുതലാരും ഈ ഒരു കേസിന്റെ പിറകെ പോവാതിരുന്നതും. സ്വദേശി കൂട്ടുകെട്ടുകളുമായുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലിസ് കേസ് അവസാനിപ്പിച്ചതായാണ് പലരും പറയുന്നത്. നാളിതുവരെ ആരും തന്നെ അന്നത്തെ രാത്രിക്ക് ശേഷം ശിവകുമാറിനെ കണ്ടിട്ടില്ല. ശിവകുമാറിന്റെ തിരോധാനം ദുരൂഹതയോടെ തുടരുന്നതല്ലാതെ യാതൊന്നും ചെയ്യാനാവാതെ നിസ്സഹായാവസ്‌ഥയിലാണ് ഉത്സാഹത്തോടെ മുന്നിട്ടിറങ്ങിയ കെഎംകെ ഗ്രൂപ്പ് അംഗങ്ങൾ. മലേഷ്യയിലെ മറ്റു പല പ്രവാസി മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും സമാന വിവരങ്ങൾ തന്നെയാണ് ലഭിച്ചത്.

ശിവകുമാർ താമസിച്ചിരുന്ന സ്ഥലം പിനാങ് മലേഷ്യയിലെ പ്രസിദ്ധമായ ദ്വീപ് ആണ്. ദുരൂഹത തുടരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിൽ നിന്നും വ്യതിചലിച്ച് അയൽ രാജ്യമായ ഇന്തൊനീഷ്യൻ സമുദ്രാതിർത്തിയിൽ സൈനിക തടങ്കലിൽ പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. അതിനായി ബന്ധപ്പെട്ട സർക്കാർ സഹായം തേടാൻ കിട്ടിയ വിവരങ്ങളൊക്കെ വീട്ടുകാരെ രതീഷ് കുമാർ വഴി അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ മാതാപിതാക്കൾ അവരുടെ ഏക മകനായുള്ള കാത്തിരിപ്പ് തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com