ADVERTISEMENT

വിമാനത്താവളങ്ങൾ കേരളത്തിൽ നാലെണ്ണം ഉണ്ടെങ്കിലും വടക്കൻ മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേകിച്ച് കിഴക്കൻ രാജ്യങ്ങളിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും പോകുന്നവർ പ്രധാനമായും ഉപയോഗിക്കുന്നത് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളം ആണ്. യാത്രക്കാർക്ക് സൗകര്യത്തിനായി സംസ്ഥാന സർക്കാർ കെഎസ്ആർടിസിയുടെ എസി ലോ ഫ്ലോർ ബസ്സുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് സർവീസ് നടത്തുന്നുണ്ട്. എന്നാൽ, ഇത് യാത്രക്കാർക്ക് എത്രത്തോളം ഉപകാരപ്പെടുന്നുണ്ട് എന്നകാര്യം അധികൃതർ പരിശോധിക്കുന്നുണ്ടോ എന്നാണ് യാത്രക്കാരിൽ ചിലരുടെ സംശയം. വടകര സ്വദേശിയായ രാജീവ് കുറുപ്പ് ഓസ്ട്രേലിയയിലെ പെർത്തിലാണ് താമസം. 36 വർഷത്തിൽ അധികമായി ഇദ്ദേഹം പ്രവാസ ജീവിതം ആരംഭിച്ചിട്ട്. കെഎസ്ആർടിസിയുടെ വിമാനത്താവളത്തിലേക്കുള്ള സർവീസ് ഉപയോഗിക്കുമ്പോൾ ഉണ്ടായ അനുഭവവും ചില നിർദേശങ്ങളുമാണ് രാജീവ് പങ്കുവയ്ക്കുന്നത്:

നെടുമ്പാശ്ശേരി വിമാനത്താവളത്തെ ബന്ധിപ്പിച്ചുകൊണ്ട് ഇത്തരമൊരു ബസ് സർവീസ് നടത്തുന്നതിന് ആദ്യം തന്നെ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണ്. വളരെ ഗുണകരമായ തീരുമാനമാണ് ഇത്. എന്നാൽ, ഈ ബസ്സിൽ യാത്ര ചെയ്യുന്ന പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളം വലുതാണെന്ന് അധികൃതർ മനസിലാക്കി അതിനുള്ള പരിഹാരം കാണേണ്ടതുണ്ട്. ഒരിക്കൽ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പെട്ടെന്ന് നാട്ടിലേക്ക് വരേണ്ടിവന്നു. കൊച്ചിയിലേക്ക് ആണ് ടിക്കറ്റ് ലഭിച്ചത്. അവിടെ നിന്നും കോഴിക്കോട്ടേക്കുള്ള ലോ ഫ്ലോർ എസി ബസ്സിന് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നെപ്പോലെ നിരവധി പ്രവാസികൾ ആണ് ഇത്തരം ബസ് ഉപയോഗിക്കുന്നത്. ഇരിക്കാനുള്ള സീറ്റിന് പ്രശ്നമില്ലെങ്കിലും പലരും നാട്ടിലേക്ക് വരുന്നത് വർഷങ്ങൾക്ക് ശേഷമായിരിക്കും. അവരുടെ ലഗേജുകൾ കൊണ്ടുപോകാൻ ഈ ബസ്സിൽ സൗകര്യമില്ല എന്നതാണ് വലിയ പ്രശ്നം. 

അന്നത്തെ ആ യാത്രയില്‍ ഞാനത് അനുഭവിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഇതുപോലെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. അന്ന് എന്നെ അൽഭുതപ്പെടുത്തിയത് ബസ്സിലെ സീറ്റുകളുടെ എണ്ണം വർധിക്കുകയും മറ്റു സൗകര്യങ്ങൾ വരികയും ചെയ്തെങ്കിലും ലഗേജ് സൂക്ഷിക്കാൻ സ്ഥലമില്ല എന്നതു തന്നെയാണ്. ബസ്സിന്റെ ഘടനയിൽ തന്നെയാണ് പ്രശ്നമെന്നാണ് തോന്നുന്നത്. വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ ആകുമ്പോൾ സ്വാഭാവികമായും ലഗേജുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത് കൊണ്ടുപോകാനുള്ള കൃത്യമായ സൗകര്യങ്ങൾ കൂടെ യാത്രക്കാർക്ക് ചെയ്തു നൽകേണ്ടത് അത്യാവശ്യമാണ്. ഒരു പദ്ധതി ആരംഭിക്കുമ്പോൾ അത് ഭാവിയെ കൂടെ മുന്നിൽ കണ്ടുകൊണ്ടാകണം. എന്താണ് യാത്രക്കാർക്ക് വേണ്ടത്, അവരുടെ ആവശ്യങ്ങൾ പൂർണമായും തൃപ്തിപ്പെടുത്താൻ സാധിക്കുന്നുണ്ടോ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. 

സഹയാത്രികനായ യാത്രക്കാരനോട് ചോദിച്ചപ്പോഴും അദ്ദേഹത്തിനും സമാനമായ അഭിപ്രായം. എന്റെ കൈവശം വലിയ ലഗേജുകൾ ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല. എന്നാൽ, ബസ്സിലെ മിക്കവാറും എല്ലാവർക്കും നിരവധി ലഗേജുകൾ ഉണ്ടായിരുന്നു. എന്റെ അടുത്തിരുന്ന വ്യക്തി ലഗേജുകൾ കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ വളരെ സങ്കടം തോന്നി. ഗതാഗത വകുപ്പിൽ പരാതി നൽകണമെന്നു പറഞ്ഞപ്പോൾ വന്ന മറുപടി വളരെ നിരാശ നിറഞ്ഞതായിരുന്നു ‘വെറുതേ സമയം നഷ്ടപ്പെടുത്തുന്നത് എന്തിനാ; അവർക്ക് നമ്മുടെ പണം മാത്രം മതി’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചെറിയൊരു മാറ്റം കൊണ്ടുവന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ലഗേജുകൾ കൊണ്ടുപോകാൻ പാകത്തിലുള്ള ബസ്സുകളാണ് നിരത്തിൽ ഇറക്കേണ്ടത്. പ്രത്യേകിച്ച് ഇത്തരം റൂട്ടുകളിൽ സർവീസ് നടത്തുന്നവ. ബസ്സിനടിയിൽ സുരക്ഷിതമായി ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം ഒരുക്കണം. കെഎസ്ആർടിസിയുടെ തന്നെ മറ്റുപല ബസ്സുകളിലും ലഗേജുകൾ ബസ്സിനു കീഴിൽ സൂക്ഷിക്കാൻ സൗകര്യം ഉണ്ട്. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകിയാൽ മാത്രമേ യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കു. അതു വഴി കൂടുതൽ യാത്രക്കാരെ ഈ സർവീസിലേക്ക് ആകർഷിക്കാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com