ADVERTISEMENT

ക്വാലാലംപൂർ∙ മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാൻ ബന്ധപ്പെട്ടവരെ നിയോഗിച്ചു. വീസാ തട്ടിപ്പിനിരയായി മലേഷ്യയിൽ കുടുങ്ങുന്നവരെ രക്ഷിച്ച് നാട്ടിലേക്കയക്കാൻ സഹായങ്ങൾ ചെയ്ത് കൊടുക്കാറുള്ള നസീർ പൊന്നാനിയെന്ന സാമൂഹ്യ പ്രവർത്തകനെയാണ് കേന്ദ്രമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് നേരിട്ട് വിളിച്ച് കാര്യങ്ങൾ വിലയിരുത്തിയത്. 

മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ നിലവിൽ അനധികൃതമായി രാജ്യത്തു താമസിക്കുന്നവർക്ക് നേരിട്ട് മലേഷ്യൻ എമിഗ്രേഷനിൽ പോയി ഹാജരായി രാജ്യം വിടാനുള്ള സൗകര്യമുള്ളതിനാൽ ഇന്ത്യൻ ഹൈക്കമ്മീഷൻ വഴി ലഭ്യമാക്കിക്കൊണ്ടിരുന്ന റഫറൻസ് ലെറ്റർ താൽക്കാലികമായി നിർത്തി വച്ചിരുന്നു. എന്നാൽ എല്ലാവരും നേരിട്ട് അപേക്ഷയുമായി എമിഗ്രേഷനിൽ നേരിട്ട് എത്താൻ തുടങ്ങിയതോടെ പലയാളുകൾക്കും ഒരു ദിവസം മുഴുവൻ വരി നിന്നാലും ടോക്കൺ പോലും കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിൽ എംബസ്സിയിൽ നിന്നുമുള്ള റഫറൻസ് ലെറ്റർ സംവിധാനം പുനഃസഥാപിക്കാനും അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരോട് എമിഗ്രേഷനിൽ പോയി നേരിട്ടു കാര്യങ്ങൾ വിലയിരുത്താൻ ഏർപ്പാട് ചെയ്യുകയും അവർ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചതായും അറിയുന്നു. 

ലക്ഷങ്ങൾ വാങ്ങി ഇന്ത്യയിൽ നിന്നും മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് തടയാൻ വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് കേന്ദ്രമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഉറപ്പ് നൽകിയതായി നസീർ പൊന്നാനി അറിയിച്ചു. കബളിപ്പിക്കപ്പെട്ടവരുടെ കാര്യവിവരങ്ങൾ ചർച്ച ചെയ്യാൻ സാമൂഹ്യപ്രവർത്തകരും മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും തമ്മിലുള്ള ഒരു കൂടിക്കാഴ്ചക്കായി നസീർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മലയാളികളടക്കം നിരവധിപേർ വീസാ തട്ടിപ്പുമൂലം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് മലേഷ്യയിലെ പ്രവാസികൾ. മൂന്നു വർഷത്തിനിടക്ക് മതിയായ താമസാനുമതി ഇല്ലാതെ മലേഷ്യയിൽ കുടുങ്ങിയ എണ്ണൂറോളം ആളുകളെയാണ് നസീർ പൊന്നാനി നാട്ടിലെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com