sections
MORE

ആവേശമായി സിംഗപ്പൂര്‍ പൂരം

singapore-pooram-1
SHARE


സിംഗപ്പൂർ ∙ പൂരം ഒരു ശരാശരി മലയാളിക്ക് മനസിലെ ഇഷ്ടമാണ്. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും പോയിട്ടില്ലെങ്കിലും പൂരം മലയാളിക്ക് സ്വന്തം, എന്നാൽ തൃശ്ശൂർകാർക്ക് അത് വികാരമാണ്. ചുറ്റുമുള്ള ലോകം നിറത്തിലും സ്വരത്തിലും ആവേശം നിറയ്ക്കുന്ന ചടുലമായ സ്വകാര്യ സ്വപ്നം. ചെറു പൂരങ്ങൾ നിറയെ ഉണ്ടെങ്കിലും പൂരങ്ങളുടെ പൂരം തൃശ്ശൂർ പൂരം തന്നെയാണ്. പ്രവാസികൾക്ക് പൂരം ഒരു വിദൂരസ്വപ്നമാണ്. ദൂരെ ദൂരെ പുരുഷാരം വന്നു നിറഞ്ഞു കൊമ്പൻമാരുടെ മുന്നിൽ കൊട്ടി കേറുന്ന താളലോകം. അങ്ങനെ ഒന്ന് സിംഗപ്പൂർ എന്ന രാജ്യത്ത് നടക്കുക എന്നത് മുന്‍പ് ഒരു സങ്കൽപമായിരുന്നു. എന്നാൽ, സെപ്റ്റംബർ ഒന്നിന് പുങ്കോല്‍ സോഷ്യൽ ഇന്നൊവേഷൻ പാർക്കിൽ സിംഗപ്പൂരിന്‍റെ ചരിത്രത്തിലെ ആദ്യ പൂരം ഉപചാരം ചൊല്ലി തീർന്നപ്പോൾ മലയാളികൾ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ആവേശം മഴ പോലെ പെയ്തിറങ്ങുകയായിരുന്നു.

singapore-pooram-2

സെപ്റ്റംബർ ഒന്നിന് രാവിലെ 10ന് ജസ്റ്റിസ് ജൂഡിത് പ്രകാശ്, ഹൈ കമ്മീഷണർ ഓഫ് ഇന്ത്യ ജാവേദ് അഷ്‌റഫ് എന്നിവരുടെ സാന്നിധ്യത്തിൽ സിംഗപ്പുർ എം. പി.വിക്രം നായർ ഉദ്ഘാടനം ചെയ്തപ്പോൾ സിംഗപ്പുരിൽ മലയാള മണ്ണിന്റെ പൂരാവേശം പൂത്തിരികളായി കത്തി തെളിയുകയായിരുന്നു. തുടർന്ന് പൂരത്തിന് എത്തിയ കലാകാരന്മാരെ വേദിയിൽ പുടവ നൽകി ആദരിച്ചു. പൂര താളത്തിന്‍റെ തനതു പഞ്ചവാദ്യം ചോറ്റാനിക്കര വിജയൻ മാരാരും സംഘവും നിറഞ്ഞ പൂരപ്രേമികളുടെ മുന്നിൽ കൊട്ടി തൂടങ്ങിയപ്പോൾ പുങ്കോലിലെ മൈതാനം പൂര പറമ്പായി മാറുകയായിരുന്നു.

singapore-pooram-3

തിമില, മദ്ദളം, കൊമ്പ്, ഇടയ്ക്ക, താളം എന്നിവയിലായി ഇരുപത്തി അഞ്ചോളം കലാകാരന്മാർ താള വിസ്മയം തീർത്തു. ഒന്നരമണിക്കൂറിലേറെ താളങ്ങളുടെ താളത്തിൽ ഇളകിയാടി മലയാളി സമൂഹം മുൻപെങ്ങും കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത സിംഗപ്പുർ പൂരത്തിന് പുതിയ ലോകം തീർത്തു. ഓരോ മുഖവും പൂരം നിറച്ച ചിരിയായി. സംസ്കാരങ്ങളുടെ കൂടിച്ചേരൽ കൂടിയായി സിംഗപ്പൂർ പൂരം. പൂര നഗരിയിൽ നടന്ന വിവിധ കലാപരിപാടിയിൽ നിരവധി സിംഗപ്പൂരുകാരും കലാപ്രകടനങ്ങൾ നടത്തി. കൂടാതെ താലപ്പൊലിയിലും മലയാളി മങ്കമാരായി കസവു മുണ്ടുടുത്ത് അവരെ മലയാളത്തിന്‍റെ ഭാഗമായി.

singapore-pooram-4

ഇലഞ്ഞിത്തറ മേളത്തിന്‍റെ വിസ്മയമായി പൂരപ്രേമികളുടെ നെഞ്ചിലെ തുടിപ്പുപോലെ പെരുവനം കുട്ടൻ മാരാരും സംഘവും പാണ്ടിമേളം ഉരുട്ടു ചെണ്ടകളിൽ കൊട്ടി തുടങ്ങുപ്പോൾ തന്നെ ചുറ്റും കൂടിയ മേളപ്രേമികളുടെ കൈകൾ താളച്ചുവടുപിടിച്ചു തുടങ്ങിയിരുന്നു. പിന്നെ പലവട്ടം ആവേശം കൊടുമുടികൾ കയറിയ കാഴ്ചയാണ് അക്ഷരാർഥത്തിൽ മലയാളി സമൂഹം കണ്ടത്. കൊമ്പും കുഴലും ചെണ്ടയ്ക്കൊപ്പം ഇലത്താളങ്ങളും നിറയ്ക്കുന്ന ആവേശത്തുടിപ്പ്, സിരകളിൽ ഒരായിരം ഊർജ്ജ കണങ്ങൾ വാരി നിറയ്ക്കുന്ന താളമായി. ആ താളം, ആദ്യമായ് പൂരം കാണാൻ ഭാഗ്യം കിട്ടിയ മലയാളിയുടെ അഭിമാനം വാരിക്കോരി നൽകുന്ന ത്രിപുട താളം തന്നെയായി. ആദ്യ സിംഗപ്പൂർ പൂരം പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായിഅവിടെ കൂടിയ എല്ലാർവർക്കും.

singapore-pooram-5

ഉച്ചവെയിലിന്റെ കടുത്ത ചൂടിന് മുകളിൽ വൈകിട്ട് പെയ്ത മഴ പൂരം കാണാൻ വന്ന അഥിതിയെപ്പോലെ വന്നു പോയി പൂര നഗരിയെ തണുപ്പിച്ചു. പൂര ചമയങ്ങളുടെ വർണ്ണ ഭംഗി നിരത്തിയ പ്രദർശനം ഒരുക്കിയിരുന്നു. തൃശ്ശൂർ പൂരത്തിന്‍റെ ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും മുത്തുക്കുടകളും നാട്ടിൽ നിന്നും കടൽ കടന്നെയെത്തി. ആനകളെ സിംഗപ്പുർ പൂരത്തിൽ കാണുക എന്നത് സാധ്യമല്ലാത്തിയതിനാൽ ആനയോളം വലുപ്പമുള്ള കൂറ്റൻ കട്ടൗട്ടിൽ അതേ ഭംഗിയും രൂപവും നിലനിർത്തി യഥാർഥ പൂര ചമയങ്ങൾ ഉപഗോയിച്ചു നടന്ന കുടമാറ്റം വിസ്മയം തന്നെയായി.

singapore-pooram-6

കുട്ടി പുലികൾ ഇറങ്ങിയ പുലികളി നടക്കുമ്പോഴും പാണ്ടിമേളത്തിനു ഒപ്പിച്ചു പുരുഷാരം ചുവടു വെച്ച് പൂരം അന്വർഥമാക്കി. സിംഗപ്പുർ പൂരം കമ്മിറ്റിയുടെ അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിന്‍റെ വലിയ വിജയമായി പൂരം മാറി. സിംഗപ്പൂരിലെ എല്ലാ സംഘടനകളും സഹകരിച്ച ഒരു ഉത്സവമായി സിംഗപ്പൂർ പൂരം മാറി. ഇനി അടുത്ത വർഷത്തെ പൂരം കാണാൻ ഉള്ള കാത്തിരിപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA