ADVERTISEMENT

ക്വലാലംപൂർ ∙ ടിക് ടോകിലെ അമ്മാമയും കൊച്ചുമകനും ഒടുവിൽ പറന്നുചെന്ന് മലേഷ്യയിലും ചിരി പടർത്തി. എറണാകുളം ചിറ്റാറ്റുകര സ്വദേശികളായ മേരി ജോസഫ് എന്ന മുത്തശ്ശിയും ജിൻസൺ എന്ന കൊച്ചു മകനുമാണ് മലേഷ്യയിൽ താരമായത്. പ്രവാസിയായ ജിൻസൺ അവധിക്ക് നാട്ടിലെത്തിയപ്പോൾ ടിക് ടോക്കിലൂടെ ഷെയർ ചെയ്ത വിഡിയോ വൈറലായതോടെയാണ് ഇരുവരും പ്രശസ്തരായത്. അതിന് ശേഷം തുടർച്ചയായി ചെയ്ത സമകാലിക വിഷയങ്ങൾ വിമർശനവിധേയമാക്കുന്ന കൊച്ചു വിഡിയോകളിലൂടെ ഇവർ ജനഹൃദയം കീഴടക്കുകയായിരുന്നു. അമ്മാമ്മ കൊച്ചുമോൻ കൂട്ടുകെട്ടിലൂടെ തുടങ്ങിയ ഇവരുടെ യൂട്യൂബ് ചാനലിന് ഒരു ലക്ഷത്തോളം വരിക്കാരാണുള്ളത്. 

കഴിഞ്ഞ ദിവസം മലേഷ്യയിലേയ്ക്ക് പറന്ന അമ്മാമ്മ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എറണാകുളത്തെ ഒരു ട്രാവൽ കമ്പനിയാണ് അമ്മാമ്മയ്ക്കും കൊച്ചുമകനും സൗജന്യമായി യാത്ര സ്‌പോൺസർ ചെയ്തത്. മലേഷ്യയിലെ ജോഹോർ മലയാളി കൂട്ടായ്മയുടെ സംഘാടക സമിതിയുമായി മുൻപരിചയമുള്ള ജിൻസൺ യാത്രയുടെ കാര്യം അറിയിച്ചപ്പോൾ ഓണപ്പരിപാടിയിലേക്കും ക്ഷണം ലഭിക്കുകയായിരുന്നു. പാസ്പോർട്ട് പോലുമില്ലാത്ത അമ്മാമ്മയെ പെട്ടെന്ന് മലേഷ്യയിലെത്തിക്കുക വലിയ വെല്ലുവിളിയായിരുന്നുവെങ്കിലും പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥരിൽ മിക്കവരും അമ്മാമ്മയുടെ ആരാധകരായതിനാൽ ഒരു ദിവസം കൊണ്ട് തന്നെ പാസ്‌പോർട്ടു കൈയിൽകിട്ടിയതോടെ അമ്മാമ്മ മലേഷ്യ യാത്രയ്ക്ക് പെട്ടി തയാറാക്കി.

രാത്രി എട്ടരയ്ക്ക് നെടുമ്പാശ്ശേരിയിൽ നിന്നു വിമാനം കയറാൻ എത്തിയപ്പോൾ തുടങ്ങിയ സെൽഫി പിടുത്തം മലേഷ്യയിലെത്തുന്നത് വരെ നീണ്ടു. ഉറങ്ങുന്ന അമ്മാമ്മയെ ആകാശത്തു വച്ചും സെൽഫിയെടുത്ത ഒരുപാട് കൊച്ചു മക്കൾ വിമാനത്തിലുണ്ടായിരുന്നെന്ന് സ്നേഹച്ചിരിയോടെ അമ്മാമ്മ പറയുന്നു. മലേഷ്യയിലെത്തിയ അമ്മാമ്മയും കൊച്ചുമകനും ആദ്യ രണ്ടു ദിവസങ്ങളിൽ ജോഹോർ മലയാളി കൂട്ടായ്മയിലെ മലയാളികളുടെ കൂടെയായിരുന്നു. അവരുടെ ഓണപ്പരിപാടിയിൽ സദസിലുള്ളവർക്ക് സർപ്രൈസായി അമ്മാമ്മ വേദിയിലേക്ക് കടന്ന് വന്നതോടെ ആരാധകർ ഞെട്ടി. പിന്നീടങ്ങോട്ട് സെൽഫിയുടെ ആഘോഷമായിരുന്നു.

പരിപാടിക്കെത്തിയവർക്കായി അമ്മാമ്മ വേദിയിൽ ലൈവായി ടിക് ടോക്ക് സ്കിറ്റ് കൂടി അവതരിപ്പിച്ചപ്പോൾ അമ്മാമ്മയുടെ പേരിൽ ജയ് വിളിയും മുഴങ്ങി. ഉദ്ഘാടനത്തിനെത്തിയ മുഖ്യാഥിതി ദത്തോ അമ്മാമ്മയുടെ സ്കിറ്റ് കണ്ടയുടൻ വേദിയിലെത്തി പാരിതോഷികവും നൽകി. ‌ജോഹോർ മലയാളി കൂട്ടായ്മയുടെ സംഘാടക സമിതിയുടെ കൂടെ അത്താഴം കഴിക്കാൻ പോയപ്പോൾ കഷ്ണങ്ങളാക്കാതെയുള്ള അപ്പാടെ പൊരിച്ചെടുത്ത് തീൻമേശയിൽ കഴിക്കാൻ വച്ച ഭീമൻ മീനിനെ നോക്കുന്ന അമ്മാമയുടെ മുഖം കണ്ടിട്ട് ആയിരത്തോളം പേരാണ് കമന്റ് ചെയ്തത്.

ജോഹോറിലെ പരിപാടിക്ക് ശേഷം ക്വാലാലംപൂരിലെത്തിയ അമ്മാമ്മയെയും കൊച്ചു മകനെയും സ്വീകരിക്കാൻ അവിടെയുമെത്തി മലയാളികൾ. പ്രവാസികളുടെ വിരുന്നുകളിൽ പങ്കെടുത്ത് മടങ്ങുമ്പോളൊക്കെ അമ്മാമയുടെ കൈ നിറയെ സമ്മാനങ്ങളും നിറചിരിയും കണ്ട ആരാധകരുടെ ലൈക്കുകൾ നിമിഷ നേരം കൊണ്ട് ആയിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കുയർന്നു. 

അമ്മാമ ആദ്യമായി വിമാനം കയറുന്ന വിഡിയോ 16 ലക്ഷം പേരാണ് യൂടൂബിൽ കണ്ടത്. വാർദ്ധക്യത്തിന്റെ അസ്കിതകളെ കാറ്റിൽ പറത്തിയ ഈ 86–കാരിക്ക് നിലവിലുള്ള ആരാധകർക്കു കണക്കില്ല. നാലു ദിവസത്തെ മലേഷ്യൻ സന്ദർശനത്തിന് ശേഷം നെടുമ്പാശ്ശേരി വിമാനമിറങ്ങിയ അമ്മാമയ്ക്ക് സ്വീകരണം നൽകാൻ അവുടെയുമുണ്ടായിരുന്നു ആരാധകർ. മലേഷ്യയിൽ നിന്നും കിട്ടിയ സമ്മാനങ്ങൾ കൊച്ചു മക്കൾക്ക് വീതം വയ്ക്കുന്ന വിഡിയോ കൂടി കണ്ടപ്പോൾ ആരാധകരുടെ മനസ്സ് നിറഞ്ഞു. ആദ്യത്തെ വിമാനയാത്രയെ കുറിച്ച് ചോദിക്കുമ്പോൾ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലായെന്ന നിസ്സാര മുഖഭാവത്തിലുള്ള അമ്മാമയുടെ മറുപടിയും കൈയ്യടി നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com