ADVERTISEMENT

ക്വാലാലംപൂർ: മലേഷ്യയിൽ 2019 ഓഗസ്റ്റ്‌ ഒന്നാം തീയതി മുതൽ പ്രാബല്യത്തിലുള്ള Back For Good (B4G) അഥവാ പൊതുമാപ്പ് എന്ന സംവിധാനത്തിലൂടെ അനധികൃത കുടിയേറ്റക്കാർക്ക് നിയമ തടസ്സങ്ങളില്ലാതെ രാജ്യം വിടാനുള്ള കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെ കുടിയേറ്റക്കാരെ നാട് കടത്താനായി ഗവൺമെന്റ് ശക്തമായ നടപടി തുടങ്ങി. രാജ്യത്തെ വിദേശ തൊഴിലാളികൾ സംഘടിക്കുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഇമിഗ്രെഷനും പോലിസ് ഡിപ്പാർട്ട്മെന്റും സംയുക്തമായുള്ള ഓപ്പറേഷൻ രാപ്പകലില്ലാതെ പുരോഗമിക്കുകയാണ്. പിടികൂടുന്നവരിൽ നിന്നും വൻ പിഴയും ഈടാക്കുന്നുണ്ട്. 

 

ഇതിനോടകം അനധികൃത താമസക്കാരോട് സ്വമേധയാ കീഴടങ്ങി പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പലതവണ സൂചനകൾ നൽകിയിട്ടും പിടി കൊടുക്കാതെ രാജ്യത്ത് താമസിക്കുന്നവർ നിരവധിയാണ്. ഇത്തരക്കാർ ഡിസംബർ 31ന് ശേഷം പിടിക്കപ്പെട്ടാൽ വൻ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും തദ്ദേശ മാധ്യമങ്ങളിലൂടെ സർക്കാർ ഓർമിപ്പിക്കുന്നുണ്ട്. ഇതുവരെ 46,976 പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടുപോയെന്നും 19,388 വിദേശികൾ കൂടി രാജ്യം വിടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും മലേഷ്യൻ ഡെപ്യൂട്ടി ഹോം മിനിസ്റ്റർ ദാത്തോ മുഹമ്മദ്‌ അസീസ് ജമ്മാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. 2014 ൽ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ 8,40,000 പേരാണ് തിരിച്ചു മടങ്ങിയത്.

 

 

സാധുതയുള്ള പാസ്പോർട്ട്‌ ഉണ്ടെങ്കിലും താമസാനുമതി ഇല്ലാത്തവരും പാസ്സ്പോർട്ടും താമസാനുമതിയും നഷ്ടപ്പെട്ടവരുമായ രണ്ട് വിഭാഗക്കാർക്ക് താഴെ പറയും വിധം പൊതുമാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

 

 

മലേഷ്യയിലുടനീളം പൊതുമാപ്പിനായി തുറന്നിരിക്കുന്ന എൺപതോളം ഇമിഗ്രെഷൻ കൗണ്ടറുകളിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. ഒരാഴ്ചക്കകം നാട്ടിലേക്ക് യാത്ര പുറപ്പെടാനുള്ള യാത്രാ ടിക്കറ്റും, ഒറിജിനൽ പാസ്സ്പോർട്ടിന്റെ കൂടെ മുൻ-പിൻ പേജുകളുടെ ഓരോ കോപ്പിയും കയ്യിൽ കരുതണം. എഴുനൂറ് റിങ്കിട്ടാണ് (ഏകദേശം പന്ത്രണ്ടായിരം ഇന്ത്യൻ രൂപ) ഗവൺമെന്റിലേക്ക് ഒറ്റതവണയായി അടക്കേണ്ടതായ പിഴ. രാവിലെ കൗണ്ടറുകൾ തുറക്കുന്നതിനു മുൻപ് തന്നെ നീണ്ട വരികളാണ് പലയിടങ്ങളിലും കാണുന്നത്. അന്നേ ദിവസം പ്രോസസ്സ് ചെയ്യാനുള്ള അപേക്ഷകർക്ക് മാത്രമേ ടോക്കൺ നൽകുകയുള്ളൂ. പതിനൊന്നു മണിയോടെ ഒട്ടുമിക്ക കൗണ്ടറുകളിലും ടോക്കൺ നൽകുന്നത് നിർത്തിവെക്കുന്നുണ്ട്. വൈകിയെത്തുന്നവർക്ക് യാത്രാക്കൂലിയും സമയനഷ്ടവും ഉണ്ടാവാതിരിക്കാൻ നേരത്തെ തന്നെ കൗണ്ടറുകൾക്ക് മുന്നിൽ സ്ഥാനം പിടിക്കുന്നതാണ് അഭികാമ്യം.ഒട്ടുമിക്ക കൗണ്ടറുകളും അന്നാന്നു തന്നെ അപേക്ഷകൾ തീർപ്പാക്കി  യാത്രാനുമതി നൽകുന്നുണ്ട്. 

 

മുകളിൽ സൂചിപ്പിച്ച രേഖകളും ഫീസുമല്ലാതെ മറ്റൊന്നും പൊതുമാപ്പിനായി ആവശ്യമില്ല. ബന്ധപ്പെട്ട മറ്റുരേഖകൾ ശരിയാക്കാനെന്നും പറഞ്ഞ് അടുപ്പം കാണിക്കുന്ന ഇടനിലക്കാരെ സൂക്ഷിക്കണം. കൗണ്ടറിൽ സമർപ്പിച്ച ടിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സെപ്ഷ്യൽ പാസ്സ് നൽകുന്നത്. അതിനാൽ അനുമതി ലഭിച്ച ശേഷം പൊതുമാപ്പ് അവസാനിക്കുന്ന ഡിസംബർ മുപ്പൊത്തൊന്നു വരെ മലേഷ്യയിൽ തുടരാനാവില്ല. സ്പെഷൽ പാസ്സ് മാക്സിമം ഏഴുദിവസത്തേക്ക് മാത്രമാണ് നൽകുന്നത്.

 

 

സാധുതയുള്ള പാസ്സ്പോർട്ടും താമസാനുമതിയും ഇല്ലാത്ത ഇന്ത്യക്കാർ എംബസ്സി വഴി എമർജൻസി സെർട്ടിഫിക്കറ്റ് അഥവാ  ഔട്ട്പാസ്സിനായി (രാജ്യം വിടാൻ വേണ്ടി മാത്രം നൽകുന്ന പാസ്പോർട്ട്‌) അപേക്ഷ സമർപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഔട്ട് പാസ്സിനായി ഇന്ത്യൻ എംബസ്സിയുടെ അംഗീകൃത ഏജൻസിയായ BLS ഇന്റർനാഷണലിനെയാണ് സമീപിക്കേണ്ടത്. 87.50 റിങ്കിറ്റാണ് ഔട്ട്പാസ്സിനായി അടക്കേണ്ട ഫീസ്. റഫറൻസ് കത്തിനായി 10 റിങ്കിറ്റും പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട മറ്റു അപേക്ഷകൾക്കായി 42 റിങ്കിറ്റും ഫോട്ടോ ഇല്ലാത്തവർക്ക് പുതിയ ഫോട്ടോക്കായി 26 റിങ്കിറ്റും BLS ഈടാക്കുന്നുണ്ട്. വെള്ള പ്രതലത്തിലുള്ള രണ്ട് ഇഞ്ച് നീളവും വീതിയും ഉള്ള ബോർഡർ ഇല്ലാത്ത ഫോട്ടോ മുൻകൂട്ടി കരുതുന്നവർക്ക് 26 റിങ്കിറ്റ് നൽകേണ്ടതില്ല. 14 ദിവസമാണ് ഔട്ട്പാസ്സ് അനുവദിച്ചു കിട്ടാനുള്ള കാലയളവ്. വ്യക്തമായ മേൽവിലാസമില്ലാത്തവർക്ക് അപേക്ഷയോടൊപ്പം നൽകിയ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന സന്ദേശപ്രകാരം നേരിട്ട് വാങ്ങാനുള്ള സൗകര്യവുമുണ്ട്.

 

ഔട്ട്പാസ്സ് ലഭിച്ചു കഴിഞ്ഞാൽ മലേഷ്യൻ ഇമിഗ്രെഷൻ കൗണ്ടർ വഴി പൊതുമാപ്പിനായി അപേക്ഷ നൽകാം.

 

പൊതുമാപ്പിന്റെ മറവിൽ കഷ്ടപ്പെടുന്നവന്റെയും പണം തട്ടാനായി കുറേ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. അവരുടെ വാഗ്ദാനങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക. വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവർക്കും പൊതുമാപ്പിനുവേണ്ടി സ്വന്തമായി അപേക്ഷിക്കാവുന്നതാണ്.

 

പൊതുമാപ്പ് പ്രകാരം അനുവദിച്ചു കിട്ടുന്ന യാത്രാ രേഖയിലും ഏജന്റുമാർ കൃത്രിമം കാണിച്ച് വഞ്ചിക്കുന്നതായറിയുന്നു. എയർപോർട്ടിൽ എത്തുന്നതിനുമുൻപ് രാജ്യം വിടാനുള്ള എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുക.

 

 

BLS ന്റെ മേൽവിലാസം. 

 

*4th Floor, Wisma Tancom, 326-328, Jalan Tuanku Abdul Rahman, Chow Kit, 50100 Kuala Lumpur, Wilayah Persekutuan Kuala Lumpur* 

 

ഔട്ട്പാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള ലിങ്ക് താഴെ ചേർക്കുന്നു.

 

https://www.blsindia-malaysia.com/emergency-certificate-out-pass.php

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com