ADVERTISEMENT

ക്വാലാലംപൂർ ∙ മലേഷ്യയിലേക്ക് വർധിച്ചു വരുന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പി ക്വാലാലംപൂർ  ഇന്ത്യൻ ഹൈകമ്മീഷനിലെത്തി നേരിട്ട് ചർച്ച നടത്തി. നിരവധി മലയാളികളാണ് സന്ദർശക വീസയുടെ മറവിൽ മലേഷ്യയിലെത്തി കബളിപ്പിക്കപ്പെടുന്നത്. ഇത്തരം തട്ടിപ്പുകളിലൂടെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രയാസങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താനും, തടവുകാരായി കഴിയുന്ന ഇന്ത്യക്കാരുടെ കണക്കെടുക്കുവാനും നിരപരാധികളുടെയും, ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാരുടെയും മോചനം വേഗത്തിലാക്കാനും, മറ്റുള്ളവർക്ക്‌ വേണ്ട നിയമസഹായങ്ങൾ നൽകാനും അദ്ദേഹം ഹൈകമ്മീഷണറോട് ആവശ്യപ്പെട്ടു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈകമ്മീഷന്റെ ഭാഗത്തു നിന്നും ബോധവൽക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യയിൽ ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ഹൈകമ്മീഷന്റെ ഭാഗത്തു നിന്നും ബന്ധപ്പെട്ട രേഖകൾ അനുവദിച്ചു കിട്ടുന്നതിനായി കാലതാമസം നേരിടാതിരിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. 

മലേഷ്യയിലെ മലയാളികൾ ഉൾപ്പടെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട്  മനുഷ്യക്കടത്തിൽ കൂടുതൽ ബലിയാടാവുന്ന കേരളവും, തമിഴ്‌നാടും, ആന്ധ്രയുമുൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ എം.പി. മാർക്ക് കെ.എം.സി.സി ഭാരവാഹികൾ  ഡൽഹിയിലെത്തി നേരിട്ട് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ മലേഷ്യൻ സന്ദർശനം.

ഇ.ടി മുഹമ്മദ് ബഷീർ ഉൾപ്പടെ കന്യാകുമാരി എം.പി വസന്തകുമാർ, ആന്ധ്രാപ്രദേശ് എം.പി വൈ.എസ് ചൗധരി എന്നിവർക്കായിരുന്നു നിവേദനം നൽകിയിരുന്നത്. ഹൈകമ്മീഷന്റെ ശ്രദ്ധയിൽപെടുത്തിയ കാര്യങ്ങളെല്ലാം പരമാവധി വേഗത്തിലും കൃത്യതയോടെയും പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയാതായി അദ്ദേഹം പറഞ്ഞു. ഹൈക്കമ്മീഷണർ മൃദുൽ കുമാറുമായി നടത്തിയ ചർച്ചയിൽ എം.പി യോടൊപ്പം സുലൈമാൻ മേൽപ്പത്തൂർ,സയ്യിദ് റിയാസ് തങ്ങൾ കക്കാട്, കെ .പി ഷിജു വെള്ളിമാട്‌കുന്ന്, മുനീർ കുഞ്ഞിമംഗലം, സുലൈമാൻ അബാദി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com