ADVERTISEMENT

ക്വാലാലംപൂർ∙ മലേഷ്യയിലെ മലയാളി കുടുംബം തലമുറകളുടെ വേരുകള്‍തേടി ഏഴാം തവണയും കണ്ണൂരിലെത്തി.  അറുപത്തേഴുകാരി സുശീല കുഞ്ഞിരാമൻ എന്ന സ്ത്രീയും കുടുംബവുമാണ് വര്‍ഷങ്ങളായി മലേഷ്യയിൽ നിന്നും നാട്ടിലെത്തി ബന്ധുക്കളെ തേടുന്നത്. സുശീലയുടെ അച്ഛൻ കുഞ്ഞിരാമൻ ചെറുപ്പകാലത്ത് മലേഷ്യയിലേക്ക് കുടിയേറിയതാണ്. അതിന് ശേഷം മലേഷ്യൻ പൗരയായ സുശീലയുടെ  അമ്മ ലീലാവതിയെ വിവാഹം ചെയ്യുകയായിരുന്നു.  

സ്വാതന്ത്രാനന്തരം ഏഴുപതിറ്റാണ്ടു മുന്നെയാണ് കുഞ്ഞിരാമന്‍ മലേഷ്യയിലേക്കു കപ്പല്‍ കയറിയതെന്ന് അമ്മ പറഞ്ഞത് സുശീലക്ക് ഓർമ്മയുണ്ട്. അന്ന് മലേഷ്യയിലെ ബ്രിട്ടീഷ് ആര്‍മിയിലായിരുന്നു അച്ഛനു ജോലി. സുശീലക്ക് പതിനേഴുവയസ്സുള്ളപ്പോഴാണ് ഇരുപത് വർഷക്കാലത്തെ ബ്രിട്ടീഷ് പട്ടാളജീവിതം അവസാനിപ്പിച്ച് അദ്ദേഹം കേരളത്തിലേക്കു മടങ്ങുന്നത്. അദ്ദേഹം നാട്ടിലെത്തിയശേഷം മറ്റൊരു  വിവാഹം കഴിച്ചതായും  അതില്‍ പ്രഭാകരന്‍ എന്നു പേരുള്ള ഒരു മകനുള്ളതായും അറിവുണ്ട്. 

സുശീല വിവാഹം കഴിച്ചിരിക്കുന്നത് സുകുമാരന്‍ എന്ന വ്യക്തിയെയാണ്. തലമുറകള്‍ക്കു മുൻപെ അദ്ദേഹത്തിന്റെ കുടുംബവും മലേഷ്യന്‍ പൗരത്വം നേടിയവരാണ്. പക്ഷെ, നാട്ടിലുള്ള ബന്ധുക്കളുമായി അന്നത്തെ സാഹചര്യം വച്ച് സുശീലയ്ക്കോ, ഭര്‍ത്താവ് സുകുമാരനോ  കൂടുതല്‍ ബന്ധം സ്ഥാപിക്കാനായില്ല. അവരെ  കണ്ടെത്താവുന്ന തെളിവുകളും കയ്യിലില്ല. മരിക്കുന്നതിന് മുൻപെങ്കിലും അച്ഛന്റെ ബന്ധുക്കളെ നേരിൽ കാണണമെന്നാണ് സുശീലയുടെ ആഗ്രഹം. അതേത്തുടര്‍ന്നാണ് അവര്‍ കേരളത്തിലെ കുടുംബങ്ങളുടെ വേരുകള്‍ത്തേടി സഞ്ചാരം തുടങ്ങിയത്‌. നാളിതുവരെയായി കാര്യമായ ഒരു സൂചനപോലും അവര്‍ക്കു ലഭിച്ചിട്ടില്ല.

കുഞ്ഞിരാമന്‍, പ്രഭാകരന്‍, തുടങ്ങിയ പേരുകള്‍ ഭൂരിഭാഗവും കണ്ണൂര്‍, കാസര്‍കോടു മേഖലയിലാണ്  നിലനിന്നിരുന്നത് എന്ന തിരിച്ചറിവിലാണ് അവര്‍ തലമുറകളുടെ കണ്ണികള്‍ അന്വേഷിച്ച് ഈ പ്രദേശങ്ങളില്‍ത്തന്നെ നിരന്തരം അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതും. മലേഷ്യയിലേക്ക് കുടിയേറിയ മലബാറുകാരിൽ ഭൂരിഭാഗവും കണ്ണൂരുകാരാണെന്നതും അവർക്ക് പ്രതീക്ഷയേകുന്നു. അച്ഛന്‍ കുഞ്ഞിരാമന് ഏഴുസഹോദരന്മാരാണെന്നും അതില്‍ മൂത്തയാളായിരുന്നു കുഞ്ഞിരാമനെന്നും സുശീലക്കറിയാം. 

മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ  സ്‌കൂടായ്‌ എന്ന സ്ഥലത്താണ് സുശീലയും കുടുംബവും താമസിക്കുന്നത്. സുശീലയ്ക്കു രണ്ടുവയസ്സു പ്രായമായിരുന്നപ്പോള്‍ അകാലത്തില്‍ അമ്മ മരണപ്പെട്ടതിനാല്‍ മുന്‍ തലമുറകളെക്കുറിച്ചുള്ള അറിവുകൾ പകരാൻ ആളില്ലാതെയായി. കൈയിലുണ്ടായിരുന്ന ചില ഫോട്ടോകള്‍ പോലും അച്ഛന്‍ കുഞ്ഞിരാമന്‍  കേരളത്തിലേക്കു മടങ്ങുമ്പോള്‍ കൊണ്ടുപോയതിനാല്‍ ആ വഴിയും അടഞ്ഞിരിക്കുകയാണ്. ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുന്നവര്‍ക്ക് പാരിതോഷികം നൽകാനും സുശീലയും കുടുംബവും തയാറാണ്. സുശീലാ കുഞ്ഞിരാമന്റെ കുടുംബ വേരുകളെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ നല്കാനാവുന്നവര്‍ക്ക് 9495074848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com