ADVERTISEMENT

ക്വാലലംപുർ ∙ പ്രകൃതി മലിനീകരണത്തിനെതിരെയുള്ള സൈക്കിൾ യജ്ഞത്തിലാണ് ഈ വനിതകൾ. പുക മലിനീകരണ സന്ദേശവുമായി തായ്‌ലൻഡിലെ ബാങ്കോങിൽ നിന്നും ആരംഭിച്ച് സിംഗപ്പൂർ വരെയുള്ള ഇവരുടെ സൈക്കിൾ സവാരിയാണ് ഇരുപത്തിനാലു ദിവസം കൊണ്ട് 1980 കിലോമീറ്ററുകൾ പിന്നിട്ട് മലേഷ്യയിലെത്തിയത്. 

മലയാളിയായ അജിത ബാബുരാജ്, ഗുജറാത്ത് സ്വദേശി പിനാൽ പാർലേക്കർ, മഹാരാഷ്ട്ര സ്വദേശി വന്ദന ബാശ്വർ എന്നിവരാണ് ‘മൂന്നു സ്ത്രീകൾ, മൂന്നു സൈക്കിൾ, മൂന്നു രാജ്യങ്ങൾ, മുപ്പത് ദിവസങ്ങൾ, 2020 കിലോമീറ്ററുകൾ’എന്ന മുദ്രവാക്യവുമായി സീറോ കാർബൺ എന്ന സന്ദേശമെഴുതിയ പ്ലക്കാർഡുമായി ജനുവരി 31 ന് ബാങ്കോങിൽ നിന്നും യാത്ര തിരിച്ചത്. മൂന്നു രാജ്യങ്ങളിലെയും ഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ സ്ത്രീകളുമായി സംവദിച്ച് അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം ഈ രാജ്യങ്ങളിലെ മാലിന്യ നിർമ്മാർജ്ജന പക്രിയകളിൽ ഇന്ത്യൻ ജനത മാതൃകയാക്കേണ്ട രീതികളും ഇവർ ശേഖരിക്കുന്നു. 

പുക മലിനീകരണത്തിൽ സൈക്കിൾ സവാരിയുടെ പ്രാധാന്യവും ഈ മൂവർ സംഘം യാത്രയിൽ പ്രചരിപ്പിക്കുന്നുണ്ട്. തൊട്ടടുത്ത കടകളിലേക്ക് പോലും കാർബൺ തുപ്പുന്ന വാഹനങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന നമ്മൾ പ്രകൃതി മലിനീകരണത്തെ ചെറുക്കാൻ ഓരോ ദിവസവും ചെറിയ തോതിലെങ്കിലും സൈക്കിൾ യാത്ര ശീലമാക്കണമെന്നാണ് ഇവർ ഓരോരുത്തരോടും അഭ്യർഥിക്കുന്നത്.

three-women-in-malaysia-by-bicycle

സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘സമിത’ ഫൗണ്ടേഷനാണ് ഇവരുടെ യാത്രയുടെ ചിലവുകൾ ഏറ്റെടുത്തിരിക്കുന്നത്. 18380 അടി ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കുളു-ലേ ഖാർദുംഗ്ല റോഡിലൂടെ സൈക്കിൾ സവാരി നടത്തി ‘ലിംക’ ലോക റെക്കോർഡിൽ ഇടംപിടിച്ച വനിതയാണ് 52 വയസ്സുകാരി അജിത ബാബുരാജ്. ‘വ്യത്യസ്തമായ ലോകത്തെ കാണുക’ എന്ന ആപ്തവാക്യവുമായി 12  ദിവസം കൊണ്ട് ഗോവ മുതൽ കന്യാകുമാരി വരെ സൈക്കിൾയജ്ഞം നടത്തിയ 51 വയസ്സുകാരിയാണ് വന്ദന ബാശ്വർ.

12 ഹിമാലയൻ ട്രെക്കിങ്ങുകളും 5 തവണ കൊടുമുടികൾ കയറുന്ന പര്യവേഷണങ്ങളും നടത്തിയ 29 കാരിയായ പിനാൽ പാർലേക്കർ "ഇന്ത്യൻ അച്ചീവർ ബുക്ക് ഓഫ് റെക്കോർഡിന്റെയും", "വജ്ര വേൾഡ് റെക്കോർഡിന്റെയും" ഉടമ കൂടിയാണ്. ഇന്ത്യയിലെ സപ്ത സഹോദരികൾ എന്നറിയപ്പെടുന്ന വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ സൈക്കിൾ യജ്ഞത്തിലൂടെ കീഴടക്കിയ ആദ്യത്തെ വനിത കൂടിയാണ് പിനാൽ.

രണ്ടു ദിവസം കൂടി യാത്രചെയ്ത് ഇവർ സിംഗപ്പൂരിൽ എത്തിച്ചേരും. സിംഗപ്പൂരിലെ പ്രകൃതി സ്നേഹികൾ ചേർന്ന് ഈ സഹോദരിമാരെ സ്വീകരിക്കും. മലേഷ്യയിൽ ജോഹോർ സ്റ്റേറ്റിലെ മലയാളി കൂട്ടായ്മയായ ജെഎംകെയിലെ പ്രവാസി മലയാളികൾ ചേർന്ന് ജോഹോർ സ്റ്റേറ്റിൽ ഇവർക്ക് സ്വീകരണം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com