ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയിലെ പെനാങ് സ്റ്റേറ്റിൽ മലയാളി ക്രൂര പീഡനത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് തൊഴിലുടമയിൽ നിന്നു ക്രൂര പീഡനത്തിനിരയായി ദേഹമാസകലം പൊള്ളലേറ്റ് മലേഷ്യയിൽ കുടുങ്ങിയിരിക്കുന്നത്. ഇരുമ്പ് ദണ്ഡ് ചൂടാക്കി ദേഹത്തു പൊള്ളലേൽപ്പിച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞു. ഇയാളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ആലപ്പുഴ എസ്പിക്കും നോർക്കയിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.

നാലു വർഷം മുൻപാണ് ബാർബർ ജോലിക്കായി ഹരിദാസൻ മലേഷ്യയിലെത്തിയത്. ആലപ്പുഴ ചിങ്ങോലിയിലുള്ള ഏജന്‍റാണ്, ജോലി തരപ്പെടുത്തിയത്. ആറു മാസം കൂടുമ്പോൾ മാത്രമാണ് നാട്ടിലേക്ക് പണം അയച്ചിരുന്നത്. ഹരിദാസനെ വല്ലപ്പോഴും മാത്രമേ കുടുംബവുമായി സംസാരിക്കാൻ പോലും തൊഴിൽ ഉടമ അനുവദിച്ചിരുന്നുള്ളു. ശമ്പളം കിട്ടുന്നില്ലെന്നും തൊഴിൽ ഉടമ ക്രൂരപീഢനത്തിന് ഇരയാക്കുന്നതായും ഈയിടെ ഹരിദാസൻ ഭാര്യയെ അറിയിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാൻ എട്ടുമാസത്തെ ശമ്പള കുടിശ്ശികക്കായി കാത്തിരിക്കുകയായിരുന്നു.

മലേഷ്യയിൽ ഹരിദാസൻ ജോലി ചെയ്യുന്ന സ്ഥാപത്തിനു സമീപത്തുള്ള ഒരു തമിഴ്നാട് സ്വദേശിയുടെ ഫോണിൽ നിന്നും ഞായറാഴ്ച ഭാര്യയെ വിളിച്ചു രക്ഷപ്പെടുത്തണം എന്ന് മാത്രം പറഞ്ഞു കോൾ കട്ട് ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായ പീഡനത്തിനിരയായ ഫോട്ടോയും അയാൾ നാട്ടിലേക്ക് അയച്ചു കൊടുത്തു. പിന്നീട് ആ നമ്പറിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ തൊഴിലുടമ മറ്റൊരു സ്ഥലത്തേക്ക് ഹരിദാസനെ കൊണ്ട് പോയി എന്നുള്ള വിവരമാണ് ലഭച്ചിരിക്കുന്നത്. ഫോൺ വിളിക്കാനോ പുറത്തിറങ്ങാനോ തൊഴിലുടമ അനുവദിക്കാറില്ലെന്നും ഭാര്യ പറയുന്നു. 

പാസ്പോർട്ട് അടക്കം രേഖകളും തൊഴിലുടമയുടെ പക്കലാണ്. ഹരിദാസന്റെ കൂടെ ഉത്തർപ്രദേശ് കാരനായ മറ്റൊരാൾക്കും സമാന പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ അയാളെ കുറിച്ച് കൂടുതൽ വിവരമൊന്നുമില്ല. മലേഷ്യയിലെ വിവിധ സംഘടനകൾ ചേർന്ന് ഇന്ത്യൻ എംബസ്സിക്ക് പരാതി നൽകിയിട്ടുണ്ട്. വൈകാതെ ഇയാളെ നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com