ADVERTISEMENT

ക്വലാലംപൂർ∙ മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായ മലയാളി ചൊവ്വാഴ്ച രാത്രി തന്നെ ചെന്നൈ വഴി നാട്ടിലെത്തി. ചൊവ്വാഴ്ച രാവിലെയാണു മലേഷ്യയിലെ പെനാങ് സ്റ്റേറ്റിൽ നിന്നും തൊഴിലുടമ ഇരുമ്പ് ദണ്ഡ് ചൂടാക്കി മർദിച്ച ആലപ്പുഴ ഹരിപ്പാട് സ്വദേശി ഹരിദാസന്റെ പീഡനകഥ സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്. ഉടനെ തന്നെ മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ തൊഴിലുടമയുമായി നടത്തിയ നിരന്തര ചർച്ചക്കൊടുവിൽ പിറ്റേന്ന് രാവിലെ ഹരിദാസനെ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഭയപ്പെട്ട് അസോസിയേഷൻ ഭാരവാഹികൾ അറിയാതെ രഹസ്യമായി നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഹരിദാസന്റെ കുടുംബം നോർക്ക അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഉടനെ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ പരാതി സമർപ്പിക്കും. കൂടെ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശുകാരനും സമാന പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും അയാളെക്കുറിച്ച് കൂടുതലായി വിവരമൊന്നുമില്ല. നോർക്ക അധികൃതരുടെ സഹായത്താൽ ഇന്ത്യൻ എംബസ്സി വഴി കുറ്റവാളിയായ തൊഴിലുടമയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മുടിവെട്ട് ജോലിക്കായി 30000 രൂപ മാസ ശമ്പളം വാഗ്ദാനം ചെയ്താണ് ഹരിദാസനെ മലേഷ്യൻ പൗരനായ തമിഴ് വംശജനായ  കടയുടമ ജോലിക്കെടുത്തത്. എന്നാൽ പല മാസങ്ങളിലും ശമ്പളം നൽകാറില്ല. ശമ്പളം ചോദിച്ചാൽ മർദ്ദനമാണു പതിവ്. നാളിതുവരെ ഏഴു മാസത്തെ ശമ്പളവും ഹരിദാസനു ലഭിക്കാനുണ്ട്.വീട്ടിലേക്ക് ബന്ധപ്പെടാതിരിക്കാൻ കയ്യിലുള്ള ഫോണും തൊഴിലുടമ പിടിച്ചു വാങ്ങിയിട്ടു മാസങ്ങളായി. ഉടമയുടെ കീഴിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക പേരുടെ അവസ്ഥയും ഇതു തന്നെ. 

പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികളെ നേരിൽ കണ്ട് സംസാരിക്കാൻ ഇതുവരെ കടയുടമ തയാറായിട്ടില്ല. അയാൾക്ക് കീഴിൽ ജോലിചെയ്യുന്ന മറ്റുള്ള പ്രവാസികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു. പിൻഭാഗം മുഴുവനായും പൊള്ളലേറ്റ് വ്രണങ്ങൾ അഴുകിയ രീതിയിലാണ് ഹരിദാസൻ നാട്ടിലെത്തിയിരിക്കുന്നത്. പൊള്ളലേറ്റതിനു പുറമെ ഒരു ചെവിയുടെ കേൾവിശക്തി പൂർണ്ണമായും ഒരു കണ്ണിന്റെ കാഴ്ചശക്തി പകുതിയും നഷ്ടപ്പെട്ടിട്ടുണ്ട്. ശക്തിയേറിയ അടിയിൽ ഒരു കൈ മുകളിലേക്ക് ഉയർത്താനാവാത്തവിധം ക്ഷതം സംഭവിച്ചിട്ടുണ്ട്. ഒരു കാൽ ബലത്തിൽ തറയിൽ ഉറപ്പിച്ചു നടക്കാനും സാധിക്കുന്നില്ല. ഹരിദാസനെ തുടർ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com