sections
MORE

മലേഷ്യയിൽ കുടുങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായില്ല: മലയാളികളടക്കം നിരവധിപേർ ദുരിതത്തിൽ

kuala-lumpur-airport1
ക്വാലലംപുർ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരിൽ ചിലർ.
SHARE

ക്വാലലംപുർ ∙ കൊറോണ വൈറസ് ബാധയെ തുടർന്ന് പെട്ടെന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപനത്തിൽ യാത്ര തുടരാനാവാതെ നൂറുകണക്കിന് മലയാളികളടക്കമുള്ള യാത്രക്കാരാണ് ക്വാലലംപുർ വിമാനത്താവളത്തിൽ അധികൃതരുടെ ഇടപെടലും കാത്തിരിക്കുന്നത്. ക്വാലലംപുർ വഴിയുള്ള ട്രാൻസിറ്റ് യാത്രയിൽ വിമാനത്താവളത്തിലെ ഗേറ്റിൽ അകപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ബുധനാഴ്ച വൈകീട്ട് ഒരു വിമാനം പുറപ്പെട്ടെങ്കിലും ചൊവ്വാഴ്ച വൈകീട്ട് നാട്ടിലേക്ക് യാത്ര തിരിക്കാൻ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസ് എടുത്തവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 

മാർച്ച് 16 തിങ്കളാഴ്ച മലേഷ്യൻ സമയം രാത്രി പത്തുമണിക്കാണ് മലേഷ്യൻ സർക്കാർ മാർച്ച് 17 ചൊവ്വാഴ്ച അർധരാത്രി മുതൽ മാർച്ച് 31 വരെയുള്ള ദിവസങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കുന്നത്. അതിനു ശേഷം മാർച്ച് 31 ന് മുൻപ് കാലാവധി അവസാനിക്കുന്ന സന്ദർശക വീസയിലെത്തിയവരടക്കമുള്ള യാത്രക്കാരാണ് ചൊവ്വാഴ്ച വൈകിട്ട് രാജ്യം വിടാൻ ടിക്കെറ്റെടുത്ത് മലേഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്വാലലംപുർ വിമാനത്താവളത്തിൽ എത്തിയത്. പ്രസ്തുത യാത്രക്കാർക്ക് യാത്ര പുറപ്പെടാൻ വിമാനക്കമ്പനികൾ ബോർഡിങ് പാസ് നൽകിയെങ്കിലും അവസാന നിമിഷം വിമാനം റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പാണ് പലർക്കും ലഭിച്ചത്.

kuala-lumpur-airport

മലേഷ്യയിൽ ജോലി ചെയ്യുന്നവരടക്കം ദീർഘകാല താമസാനുമതിയുള്ള യാത്രക്കാർ തിരിച്ച് താമസ സ്ഥലങ്ങളിലേക്ക് മടങ്ങിയെങ്കിലും സന്ദർശക വീസയിൽ മലേഷ്യയിൽ എത്തിയവരും മലേഷ്യയിലെ യൂണിവേഴ്‌സിറ്റികളിൽ അധ്യയനം നടത്തുന്ന ഇരുനൂറിൽ പരം വിദ്യാർഥികളുമാണ് വെട്ടിലായവരിൽ കൂടുതലും. പലരുടെയും വീസാ കാലാവധിയും ഇന്നത്തോടെ അവസാനിക്കും. തുടർ നടപടികളെ കുറിച്ച് മലേഷ്യൻ സർക്കാർ ഇതുവരെ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും പരാതികളുയരുന്നു. ഇതിനിടെ ഇന്ത്യയിൽ മലേഷ്യയിൽ നിന്നുമുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ പലരും ശ്രീലങ്ക വഴിയും സിംഗപ്പൂർ വഴിയും നാട്ടിലെത്താൻ ശ്രീലങ്കൻ, സ്കൂട്ട് എയർലൈൻസുകളുടെ ടിക്കറ്റുകൾ വാങ്ങി യാത്രാ നടപടികൾ ആരംഭിച്ചെങ്കിലും അവസാന നിമിഷം ഇന്ത്യൻ യാത്രക്കാർക്ക് ഇരു വിമാനക്കമ്പനികളും വിലക്കേർപ്പെടുത്തിയതോടെ അവരെയും പ്രത്യേക ലോഞ്ചിലെക്ക് മാറ്റേണ്ടി വന്നു. വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന യാത്രക്കാർ രണ്ടു ദിവസമായി വിശ്രമ ലോഞ്ചിൽ കഴിയുകയാണ്.

മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷൻ, കെഎംസിസി തുടങ്ങിയ സംഘടനകൾ വിമാനത്താവളത്തിൽ കുടുങ്ങിയവർക്കായി ഹെൽപ് ഡെസ്കുകളും ക്യാംപുകളും തുറന്നിട്ടുണ്ടെങ്കിലും പകർച്ച വ്യാധിയുടെ പരിമിതിയിൽ വേണ്ട വിധം സഹായങ്ങൾ ഒരുക്കാനാവാതെ പ്രവർത്തകരും ബുദ്ധിമുട്ടുകയാണ്. ബുധനാഴ്ച മുതൽ ഹോട്ടലുകൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾക്കാണ് മലേഷ്യൻ സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണങ്ങൾ പാഴ്‌സൽ നൽകാൻ ഉത്തരവുണ്ടെങ്കിലും പല കടകളും പകർച്ച വ്യാധിയുടെ ഭീതിയിൽ താഴിട്ടിരിക്കുകയാണ്.

മലേഷ്യയിലെ വിവിധ സംഘടനാ ഭാരവാഹികൾ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷൻ സഹിതമുള്ള അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും വിദേശകാര്യമന്ത്രാലയം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കേരളാ എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും, കന്യാകുമാരി എം.പി.വസന്ത കുമാറും കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ജനസമ്പർക്കം പരമാവധി ഒഴിവാക്കിക്കൊണ്ട് കൊറോണയുടെ വ്യാപനത്തിൽ നിന്നും സുരക്ഷ നേടേണ്ട സാഹചര്യത്തിലാണ് വിശ്രമലോഞ്ചുകളിലെ ആൾകൂട്ടത്തിൽ പലരും ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്. വൈകാതെ അധികൃതർ തക്കതായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ യാത്രക്കാരനും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA