sections
MORE

വസ്ത്രം മാറിയിട്ട് മൂന്നു ദിവസം, വിമാനത്തിൽനിന്ന് തിരിച്ചിറക്കി: മലേഷ്യയിൽ കുടുങ്ങിയ മലയാളി

anoop-stuck-mal
ക്വാലലംപുർ വിമാനത്താവളത്തിൽ കുടുങ്ങിയ അനൂപ് ഉത്തമനും (വലത്) മറ്റു മലയാളികളും മലേഷ്യൻ ഹൈക്കമ്മീഷനൊപ്പം.
SHARE

ക്വാലലംപുർ ∙ മലേഷ്യയിലെ ക്വാലലംപുർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അനൂപ് ഉത്തമന്റെ യാത്ര ഒരു സിനിമാ കഥപോലെയാണ്. ഈ മാസം 17ന് ആണ് അനൂപ് ക്വാലലംപുർ വിമാനത്താവളത്തിൽ എത്തിയത് അവിടെ നിന്നും കൊളംബോയിൽ പോയി, പക്ഷേ കൊച്ചിയിലേക്ക് പോകാൻ വഴിയില്ലാതായപ്പോൾ തിരികെ ക്വാലലംപൂരിലേക്ക് വന്നു. മൂന്നു–നാലു ദിവസമായി ധരിക്കുന്നത് ഒരു വസ്ത്രം. കിടപ്പ് ക്വാലലംപുർ വിമാനത്താവളത്തിലെ കസേരയിൽ. എന്ന് നാട്ടിലേക്ക് എത്താൻ സാധിക്കുമെന്നോ എത്ര ദിവസം ഇങ്ങനെ തന്നെ കഴിയേണ്ടിവരുമോ എന്നും അറിയില്ലെന്നും അനൂപ് പറയുന്നു. 

യുഎസിൽ നിന്നും ദക്ഷിണ കൊറിയയിലേക്കുള്ള കപ്പലിൽ ആയിരുന്നു അനൂപ് ജോലി ചെയ്തിരുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അനൂപിനെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനായി കമ്പനി അധികൃതർ മലേഷ്യയിൽ ഇറക്കുകയും ഇവിടെ നിന്നും കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുത്തു നൽകുകയും ചെയ്തു. വിമാനം കയറാൻ വേണ്ടി ബോഡിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കഴിഞ്ഞപ്പോഴാണ് കൊച്ചിയിലേക്ക് വിമാനം പോകുന്നില്ലെന്ന് അറിയിപ്പ് വന്നത്. ഇക്കാര്യം കമ്പനി അധികൃതരെ അറിയിച്ചപ്പോൾ ഉടൻതന്നെ കൊളംബോ വഴി കൊച്ചിയിലേക്കുള്ള മറ്റൊരു ടിക്കറ്റ് എടുത്തു നൽകി. കൊളംബോ വരെ മലേഷ്യൻ എയർലൈനിൽസിലും അവിടെ നിന്നും ശ്രീലങ്കൻ എയർവേയ്‍സിലുമായിരുന്നു ടിക്കറ്റ്. പ്രതീക്ഷയോടെ വിമാനത്തിൽ കയറി കൊളംബോയിൽ എത്തി. 

kuala-lumpur-airport-mal1

കൊളംബോയിൽ നിന്നും ഏഴു മണിക്കൂർ കാത്തിരുന്നത് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറി. വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾ മുൻപ് രണ്ട് ഉദ്യോഗസ്ഥർ വന്ന് അനൂപ് ഉൾപ്പെടെയുള്ള രണ്ടു പേരോട് പുറത്തേക്ക് വരാൻ പറഞ്ഞു. മലേഷ്യയിൽ നിന്നും വരുന്നവരെ ഈ വിമാനത്തിൽ വിടാൻ പറ്റില്ലെന്നായിരുന്നു പറഞ്ഞത്. ഇതോടെ അനൂപ് കൊളംബോയിൽ കുടുങ്ങി. അവിടെയുള്ള ഇന്ത്യൻ എംബസി അധികൃതരോട് സംസാരിച്ചു. വളരെ മാന്യമായി ഇടപ്പെട്ട അവർ ഒരു നിർദേശം നൽകി. കൊളംബോയിൽ രണ്ടു പേരാണ് കുടുങ്ങിയിരിക്കുന്നത്. തിരികെ ക്വാലാലംപുരിൽ പോയാല്‍ കൂടുതൽ ഇന്ത്യക്കാരുണ്ടെന്നും നാട്ടിലെത്താൻ സാധ്യത കൂടുതൽ ഇതാണെന്നും പറഞ്ഞു. തിരികെ മലേഷ്യയ്ക്ക് പോകാനുള്ള ടിക്കറ്റിന് വിമാന അധികൃതർ വലിയ തുകയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകി പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടുവിൽ ഇന്ത്യൻ എംബസി ഇടപെട്ട് സൗജന്യമായി അനൂപിനെ തിരികെ ക്വാലലംപുരിൽ എത്തിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വിമാനത്താവളത്തിൽ നിരവധി ഇന്ത്യക്കാർക്കൊപ്പം കഴിയുകയാണ് ഇദ്ദേഹം. വയനാട് സ്വദേശിയായ മറ്റൊരു മലയാളിയും ഇവിടെ കുടുങ്ങിയിട്ടുണ്ട്.

ബോഡിങ് കഴിഞ്ഞതിനാൽ ലഗേജ് എടുക്കാൻ അധികൃതർ സമ്മതിക്കുന്നില്ല. പുറത്തിറങ്ങാനോ അത്യാവശ്യം സാധനങ്ങൾ വാങ്ങാനോ സാധിക്കുന്നുമില്ല. വിമാനത്താവളത്തിലെ കസേരയിലാണ് ഇരുത്തവും ഉറക്കവും. വിമാനത്താവളത്തിലെ ഹാളിലും മറ്റുമായി സമയം ചെലവഴിക്കുന്നു. ശുചിമുറി ലഭിക്കുന്നതിനാൽ പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. എന്നാൽ, ഇത്രയും പേര് ഒരുമിച്ച് നിൽക്കുന്നത് മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾഉണ്ടാക്കുമോ എന്നൊരു ആശങ്കയുമുണ്ട്.  

kuala-lumpur-airport-mal

ഇതിനിടെ മലേഷ്യയിലെ ഇന്ത്യൻ എംബസി അധികൃതർ നേരിട്ട് വന്ന് പ്രശ്നങ്ങൾ മനസിലാക്കിയെന്ന് അനൂപ് പറഞ്ഞു. തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സർക്കാർ തലത്തിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്നുമാണ് ഇവർ പറയുന്നത്. വിമാനക്കമ്പനി അധികൃതരുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചതിനെ തുടർന്ന് ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനുള്ള കൂപ്പൺ ലഭിച്ചുവെന്ന് അനൂപ് പറഞ്ഞു. താമസ സൗകര്യം ഒരുക്കാൻ അനൂപിന്റെ കമ്പനിയും ശ്രമിക്കുന്നുണ്ട് .എന്നാൽ, മുറികളെല്ലാം നിറഞ്ഞിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. എത്ര ദിവസം വിമാനത്താവളത്തില്‍ ഇങ്ങനെ കഴിച്ചുകൂട്ടേണ്ടിവരുമെന്ന് അറിയില്ല. എങ്ങനെയെങ്കിലും തിരികെ നാട്ടിൽ എത്തിയാൽ മതിയെന്ന ഒറ്റ ചിന്തയേ ഇപ്പോൾ ഉള്ളൂ. ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ് ഈ മലയാളി യുവാവ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
FROM ONMANORAMA