ADVERTISEMENT

മെൽബൺ ∙ എബനേസർ ക്രിസ്ത്യൻ അസംബ്ലി മെൽബൺ സഭാ സീനിയർ പാസ്റ്റർ വെസ്‍ലി ജോസഫ്‌ മൂന്ന് വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം കുടുംബമായി കേരളത്തിലേക്ക് മടങ്ങി. 2017 മുതൽ എബനേസർ സഭയുടെ സീനിയർ പാസ്റ്റർ ആയി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സഭാ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക യോഗത്തിൽ സഭാ അധികൃതർ അദ്ദേഹത്തിന്‌ മൊമന്റോ നൽകി ആദരിക്കുകയും യാത്രയയപ്പ്‌ നൽകുകയും ചെയ്തു. 

കോവിഡ്‌-19 വൈറസ്‌ ബാധയോടനുബന്ധിച്ച്‌ രാജ്യത്തു നിലനിൽക്കുന്ന പ്രത്യേക നിയന്ത്രണങ്ങൾക്കനുസരിച്ച്‌ യോഗം ക്രമീകരിച്ചതിനാൽ പൊതുജനങ്ങൾക്കു പങ്കെടുക്കുന്നതിനു കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. വിപുലമായ യാത്രയയപ്പ്‌ യോഗം ഞായറാഴ്ച്ച വൈകിട്ട് ക്രമീകരിച്ചിരിക്കവേ‌ രാജ്യത്തെ പ്രതിസന്ധിയിലാക്കിയ വൈറസ്‌ ബാധ മുഖാന്തരം പെട്ടന്നുണ്ടായ നിയന്ത്രണങ്ങൾ മുൻകൂട്ടി ക്രമീകരിച്ച യോഗത്തിന് തടസമാകുകയും നേരത്തേ നടത്തുകയുമാണ്‌ ചെയ്തത്‌. നിയന്ത്രണങ്ങൾക്ക്‌ വിധേയമായതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും അനേകം സഭാ സാമൂഹിക നേതാക്കന്മാർക്കും പങ്കെടുക്കുവാൻ കഴിഞ്ഞില്ലായെങ്കിലും എയുപിസി വിക്റ്റോറിയ സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ്‌ സൈമൺ വചനത്തിൽ നിന്നു സംസാരിക്കുകയും മറ്റ്‌ പാസ്റ്റർമാരായ റെജി ഫിലിപ്പ്‌, വൽസൻ ജോർജ്ജ്‌ തുടങ്ങിയ ദൈവദാസന്മാർ മീറ്റിങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

തുടർന്നു സഭയെ നയിക്കേണ്ടതിന്‌ നിയുക്തനായ പാസ്റ്റർ എ.ടി.ജോസഫ്‌ തന്റെ ആശംസകൾ തനിക്ക്‌ എത്താൻ കഴിയാത്ത സാഹചര്യത്തിൽ വിഡിയോ സന്ദേശമായി അറിയിക്കുകയും ചെയ്തു. ഹൃദയ ഭേദകമായ നിമിഷങ്ങൾ പങ്കുവച്ച്‌ സഭാ കമ്മറ്റിയെ പ്രതിനിധീകരിച്ച്‌‌, സെക്രട്ടറി ബ്രദർ ജെറിൻ ജോൺ സഭയുടെ സർവ്വ ഭാവുകങ്ങളും നേർന്ന ശേഷം പ്രസിഡന്റ്‌ ബ്രദർ ജോൺ മാത്യൂ സഭക്കു വേണ്ടി മൊമന്റോ നൽകി അദ്ദേഹത്തെ ആദരിക്കുകയും തുടർന്ന് പാസ്‌റ്റർ വെസ‍്‌ലി ജോസഫ്‌ സഭയെ അഭിസംബോധന ചെയ്‌ത്‌, സഭ തന്നോട്‌ കാണിച്ച കൂട്ടായ്‌മക്കും സഹകരണത്തിനും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സഭയുടെ പുത്രികാ സംഘടനകളായ സൺഡേസ്കൂൾ, യുവജനസംഘം, ഗായകസംഘം, സോദരീ സമാജം ഭാരവാഹികൾ ആശംസകൾ അറിയിക്കുകയും ബ്രദർ സുനിൽ ജോസഫിന്റെ നേതൃത്വത്തിൽ ഇസിഎ ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത മീറ്റിംഗ്‌ ഡോ. ഗോഡ്സൺ പൂമൂട്ടിൽ ശിശ്രൂഷകൾക്ക്‌ നേതൃത്വം വഹിച്ചു. സഭക്ക്‌ ലഭിച്ചതിൽ ശ്രേഷ്ഠനായ കർത്തൃദാസന്റെ യാത്രയയപ്പ്‌ കണ്ണീരിൽ കുതിർന്ന നിമിഷങ്ങളായി മാറുകയായിരുന്നു. പാസ്റ്റർ വെസ്‍ലി പ്രാർഥിച്ച്‌ ആശീർവാദത്തോടെ യോഗം പരിയവസാനിച്ചുവെങ്കിലും തുടർന്ന് മെൽബൺ വിമാന താവളത്തിലും സഭാ വിശ്വാസികൾ എത്തി തങ്ങളുടെ സ്നേഹം പ്രകടമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com