ADVERTISEMENT

ക്യൂൻസ് ലാൻഡ് ∙ ദേശീയ ഗാനാലാപനത്തിലൂടെ കോവിഡ് 19 ബാധിത രാജ്യങ്ങളിലെ ജനതക്ക് ആത്മവിശ്വാസം നൽകുകയാണ് മലയാളികളായ സഹോദരിമാർ. രോഗം ഗുരുതരമായി പടരുന്ന ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ദേശീയഗാനം ആലപിച്ചു കൊണ്ടുള്ള വിഡിയോ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ അതത് രാജ്യങ്ങളിലെ കോവിഡ്-19 ബാധിതരിലേക്ക് എത്തിക്കുകയാണ് ഓസ്ട്രേലിയ ക്യൂൻസ് ലാൻഡിൽ പഠിക്കുന്ന ചേർത്തല സ്വദേശികളായ ആഗ്‌നെസ് ജോയിയും തെരേസ ജോയിയും.

‘നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്’ എന്ന സന്ദേശം പകരുന്ന ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന വിഡിയോ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുന്ന തങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതായി ഒട്ടേറെ ഇറ്റലിക്കാർ ഇരുവരേയും നന്ദി അറിയിച്ചിരുന്നു. ഇറ്റലിക്ക് വൈദ്യസഹായം നൽകാൻ പുറപ്പെട്ട ക്യൂബൻ മെഡിക്കൽ സംഘത്തിനും അവരുടെ കുടുംബാംഗങ്ങൾക്കും ക്യൂബൻ സർക്കാരിനുമായി സ്പാനിഷ് ഭാഷയിൽ അഭിനന്ദനം അറിയിച്ചു കൊണ്ട് ക്യൂബയുടെ ദേശീയഗാനം ആലപിച്ച് തയാറാക്കിയ വിഡിയോയും ഇതിനകം  പ്രശംസ നേടി. കോവിഡ്-19 പ്രതിസന്ധിയിലാക്കിയ അമേരിക്കൻ ജനതയെ ആശ്വസിപ്പിച്ചു കൊണ്ട് യുഎസ് ദേശീയഗാനവും ഇവർ ആലപിച്ചിരുന്നു. 

ഫ്രാൻസ്, സ്‌പെയിൻ, ഗൾഫ് രാജ്യങ്ങങ്ങളിലെ ജനങ്ങൾക്കായുള്ള വിഡിയോ തയാറാക്കുന്ന തിരക്കിലാണിപ്പോൾ സഹോദരിമാർ. ക്യൂൻസ് ലാൻഡിലെ ഗ്രിഫിത് സർവകലാശാലയിലെ രണ്ടാം വർഷ ക്രിമിനോളജി ആൻഡ് സൈക്കോളജി വിദ്യാർഥിനിയാണ് തെരേസ. കാലംവെയിൽ കമ്യൂണിറ്റി കോളജിലെ 11-ാം ക്ലാസ് വിദ്യാർഥിനിയാണ് ആഗ്നസ്. കോവിഡിനെതിരെ വിദേശികളായ താമസക്കാരോടുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ കരുതലാണ് തങ്ങളുടെ കരുത്തെന്നും ആഗ്‌നസും തെരേസയും പറഞ്ഞു.

ലക്ഷ്യം ലോകസമാധാനം

ഐക്യ രാഷ്ട്ര സഭയുടെ അംഗത്വമുള്ള 193 രാജ്യങ്ങളുൾപ്പെടെ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ഹൃദിസ്ഥമാണ് ഇരുവർക്കും. 8 വർഷത്തെ ഗവേഷണം കൊണ്ടാണ് അർഥവും ആലാപന ശൈലിയും ആശയവും ഓരോ ദേശീയ ഗാനങ്ങളും എഴുതാനുണ്ടായ സാഹചര്യവും ചരിത്രവും മനസിലാക്കി അവ മനഃപാഠമാക്കിയത്. നൂറിലധികം ഭാഷകളിലാണ് ദേശീയ ഗാനങ്ങളുള്ളത്. അവയുടെ ആലാപനത്തിലൂടെ ലോക സമാധാനവും മാനവ സ്‌നേഹം ഊട്ടിയുറപ്പിക്കുക എന്ന ആശയം ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്തും പ്രവർ‌ത്തിക്കുന്ന എഴുത്തുകാരനും സംവിധായകനുമായ  പിതാവ് ജോയ്.കെ.മാത്യുവിന്റേതാണ്. അദ്ദേഹത്തിന്റെ നിർദേശങ്ങളും പരിശീലനവും കൊണ്ടാണ് ഉദ്യമം വിജയിച്ചതെന്ന് തെരേസയും ആഗ്നസും പറയുന്നു. മക്കൾക്ക് വേണ്ട പിന്തുണയുമായി ക്യൂൻസ് ലാൻഡിൽ നഴ്സായ അമ്മ ജാക്വിലിനും ഒപ്പമുണ്ട്.

സല്യൂട്ട് ദ് നേഷൻസ്

ഐക്യരാഷ്ട്ര സഭയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആഗോള തലത്തിൽ യുഎൻ അംഗത്വമുള്ള 193 രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ദേശീയ ഗാനം ആലപിക്കാൻ ഇരുവർക്കും അവസരം ലഭിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പിനിടെയാണ് ലോകത്തെ നടുക്കി കോവി‍ഡ് പടർന്നത്. ‘സല്യൂട്ട് ദ് നേഷൻസ്’ എന്ന പേരിൽ രാജ്യാന്തര ഇവന്റും ലക്ഷ്യമിടുന്നു. ഇവന്റുകളിലൂടെ ലഭിക്കുന്ന പണം ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമാന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ക്രമീകരണ പദ്ധതികളിൾക്കും നൽകാനാണ്  ഈ സഹോദരിമാരുടെ ആഗ്രഹം. എന്നാൽ കോവിഡ്-19 സാഹചര്യത്തിൽ പല പരിപാടികളും റദ്ദാക്കിയതിനാൽ ലഭിച്ച സമയം വെറുതെ പാഴാക്കാൻ ഇവർ തയ്യാറല്ല. രോഗം പടർന്ന രാജ്യങ്ങളിലെ ജനതയ്ക്ക് ആത്മവിശ്വാസവും കരുത്തും പകരാൻ തങ്ങളാൽ കഴിയുന്ന പിന്തുണ നൽകണമെന്ന ഉറച്ച തീരുമാനമാണ് ദേശീയ ഗാനങ്ങൾ ആലപിച്ചുകൊണ്ടുള്ള വീഡിയോകൾ തയാറാക്കുന്നതിന്റെ പിന്നിലെന്ന് ആഗ്‌നെസും തെരേസയും  പറഞ്ഞു.

Salute-The-Nations1

ബാല്യം മുതലേയുള്ള പ്രയത്നം

193 രാജ്യങ്ങളുടെ ദേശീയ ഗാനം ഹൃദിസ്ഥമാക്കാൻ തെരേസയും ആഗ്നസും ചെലവഴിച്ചത് നീണ്ട 8 വർഷമാണ്. ലോകം മുഴുവൻ ഉറങ്ങുമ്പോഴും അച്ഛനൊപ്പം ദേശീയ ഗാനങ്ങൾ പഠിക്കാൻ ഇവർ ഉണർന്നിരിക്കും. ക്യൂൻസ് ലാൻഡ് സർക്കാരും ഗവർണർ ജനറലും ഐക്യരാഷ്ട്രസഭ അധികൃതരും ഇവർക്ക് പിന്തുണയേകി ഒപ്പമുണ്ട്.   

കരുതലിന്റെ വഴിയേ

സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ പിതാവും ആതുരശുശ്രൂഷകയായ അമ്മയുമാണ് തങ്ങളുടെ ഊർജമെന്ന് ആഗ്നസും. തെരേസയും പറയുന്നു. സഹജീവി സ്നേഹത്തിന്റെയും കരുണയുടേയും മാതൃകയായ മദർ തെരേസയാണ് ഇരുവരുടേയും പ്രചോദനം. സ്‌കൂൾ കാലം മുതൽക്കേ തങ്ങളാൽ കഴിയുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പിതാവിനൊപ്പം ഇരുവരും സജീവമായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ കുടുംബാംഗമാണ് പിതാവ് ജോയ്.കെ.മാത്യു. വൈക്കം ഉല്ലല പുഞ്ചിരിക്കാട്ട് കുടുംബത്തിലെയാണ് അമ്മ ജാക്വിലിൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com