ADVERTISEMENT

ക്രൈസ്റ്റ് ചർച്ച് (ന്യൂസിലൻഡ്) ∙ ലോകം ഒരു ചെറുവൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ പ്രവാസികള്‍ക്കു പറയാനുള്ളതു ഭീതിയുടെയും ഉത്കണ്ഠയുടെയും മാത്രം അനുഭവങ്ങളല്ല, കരുതലിന്‍റേതു കൂടിയാണ്. തങ്ങള്‍ താമസിക്കുന്ന നഗരങ്ങളിലേക്കു രോഗം കടന്നുവരും വരെ ഇവരും ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, ചൈനയ്ക്കു പുറത്തുകടന്ന കോവിഡ് 200ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചു. 

ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപ് രാഷ്ട്രമായ ന്യൂസിലാന്‍ഡിലും രോഗം റിപ്പോര്‍ട്ടും ചെയ്യുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ ഉളള ന്യൂസിലാന്‍ഡിലെ സാഹചര്യം ഭീതിതമല്ലെങ്കിലും സുരക്ഷിതമെന്നു പറയുകവയ്യ. ആയിരത്തിലധികം പേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ ജീവിക്കുന്നു.

new-zealand-covid-19124

വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്ന രാജ്യമാണ് ന്യൂസിലാന്‍ഡ്. ഇവിടെ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വലിയ ഉത്കണഠയിലായിരുന്നു എന്നു വിദ്യാര്‍ഥിയായ അമല്‍ രാജ് പറഞ്ഞു. കോട്ടയം സ്വദേശിയായ അമല്‍ രാജ്‌ സപ്ലെചെയ്ന്‍ ലോജിസ്റ്റിക്സില്‍ പഠനം നടത്തുന്നു, ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. ന്യൂസിലാന്‍ഡില്‍ എത്തിയിട്ട് ഒരു വർഷം തികയുന്നതേ ഉള്ളു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഒന്നായ ക്രൈസ്റ്റ് ചര്‍ച്ചിലാണു താമസം. 

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വലിയ തിരക്കായിരുന്നു. ഇപ്പോള്‍ ഒരാളെ വീതമാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ത്യന്‍ കടകളും തുറക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ടില്ല. നോര്‍ത്ത്, സൗത്ത് എന്നീ രണ്ടു ദ്വീപുകളടങ്ങുന്നതാണു രാജ്യം. ദ്വീപുകള്‍ തമ്മിലുള്ള ഫെറി സര്‍വീസും നിര്‍ത്തി.

റോഡുകളില്‍ വാഹനങ്ങള്‍ കാണാം. ഒരു വീട്ടിലുള്ള അംഗങ്ങള്‍ തന്നെയാണു വാഹനത്തില്‍ സഞ്ചരിക്കുന്നതെങ്കില്‍ പ്രശ്മനില്ല. പൊലീസ് കര്‍ശന നിരീക്ഷണം നടത്താറുണ്ടെങ്കിലും ജനങ്ങളെ വഴക്കുപറയാറില്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കുകമാത്രമാണു ചെയ്യുന്നത്. കേരള പൊലീസ് വടിയും തടിയുമായി നിന്നാണു ലോക്ഡൗണ്‍ നേരിടുന്നത്. ട്രാഫിക് പൊലീസുകാരന്‍ കൈകൂപ്പി കരഞ്ഞപേക്ഷിച്ചു വീട്ടിലിരിക്കാന്‍ ജനങ്ങളോടു പറയുന്ന കാഴ്ചയും നമ്മള്‍ കണ്ടതാണ്.

new-zealand-covid-19students

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പഠനം അടുത്ത ആഴ്ച മുതല്‍ ആരംഭിച്ചേക്കും. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരുടെ പലരുടെയും ജോലി നഷ്ടമായി. എങ്കിലും കൃത്യമായി പണം അക്കൗണ്ടില്‍ എത്തുന്നുണ്ട്. ജീവനക്കാരുടെ വരുമാനം നിലക്കാതിരിക്കാന്‍ ഗവണ്‍മെന്‍റ് സബ്സിഡിയായി സ്ഥാപനങ്ങള്‍ക്കു പണം അനുവദിച്ചിട്ടുണ്ട്. സ്റ്റുഡന്‍റ് വീസയിലെത്തുന്നവര്‍ക്കു ഒരാഴ്ച 20 മണിക്കൂര്‍ വരെ ജോലി ചെയ്യാം. നിലവില്‍ ഈ നിയമത്തിന് ഇളവു വന്നിട്ടുണ്ട്. ഹെല്‍ത്ത് സെക്ടറിലും മറ്റ് അവശ്യസേവന മേഖലയിലും ജോലി ചെയ്യുന്നവര്‍ക്കു 40 മുതല്‍ 60 മണിക്കൂര്‍ വരെ ഇപ്പോള്‍ ജോലി ചെയ്യാം. 

അവശ്യ സര്‍വീസുകള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ട്. ആരോഗ്യമേഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ടെന്നു അമല്‍ വ്യക്തമാക്കി. അവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അമല്‍ ഇപ്പോഴും ജോലിക്കു പോകുന്നുണ്ട്. വിദ്യാര്‍ഥിയെന്ന പരിഗണന തദ്ദേശിയനായ തന്‍റെ എംപ്ലോയര്‍ നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി.

new-zealand-covid-1912414

കോവിഡ് രോഗബാധിതര്‍ ഉണ്ടെങ്കിലും രാജ്യത്തു ഭീതിതമായ സാഹചര്യമില്ലെന്നു റിട്ടയര്‍മെന്‍റ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍റ് ആയി ജോലി ചെയ്യുന്ന കട്ടപ്പന സ്വദേശി രഞ്ജിനി വ്യക്തമാക്കി. നിലവല്‍ കെയര്‍ ഹോമുകളില്‍ സന്ദർശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയി‌ട്ടുണ്ട്. രഞ്ജിനി ജോലി ചെയ്യുന്നിടത്ത് രോഗ ബാധിതര്‍ ഇല്ല. എന്നാല്‍ അടുത്തുള്ള രണ്ടു കെയര്‍ ഹോമുകളില്‍ വൈറസ് ബാധിതര്‍ ഉണ്ട്. തങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാണു കെയര്‍ ഹോമിലുള്ളവരെ പരിചരിക്കുന്നതെന്നു രഞ്ജിനി പറഞ്ഞു. ഭര്‍ത്താവ് ഉണ്ണികൃഷ്ണനും രഞ്ജിനിക്കൊപ്പം ന്യൂസിലാന്‍ഡിലാണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com