ADVERTISEMENT

മെക്സിക്കോ സിറ്റി ∙ അല്‍പം വൈകിയാണു മെക്സിക്കോയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എങ്കിലും നിലവിലെ സാഹചര്യം ഭീതിതമല്ലെന്നു മലയാളികള്‍ പറയുന്നു. മെക്സിക്കന്‍ പൗരത്വം ലഭിച്ച കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാഥ്, ഭാര്യ അപർണ, ഗവേഷണ വിദ്യാര്‍ഥിയായ സെബിന്‍ എന്നിവരാണ് മനോരമ ഓണ്‍ലൈനുമായി സംസാരിച്ചത്.

ഫെബ്രുവരി പകുതിയോടെയാണു മെക്സിക്കോയില്‍ കോവിഡ് റിപ്പോര്‍ട്ടു ചെയ്തത്. മാര്‍ച്ച് 28 മുതല്‍ രാജ്യം ലോക്ഡൗണിലാണ്. ഏപ്രില്‍ 30 വരെയാണു പ്രഖ്യാച്ചത്. എന്നാല്‍ മേയ് 30 വരെ നീട്ടിയിട്ടുണ്ട്. ആഭ്യാന്ത വിമാനസര്‍വീസുകളും മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്. അവശ്യസേവന മേഖലയില്‍ ജോലി ചെയ്യുന്ന വളരെ ചെറിയ വിഭാഗം മാത്രമേ ഇവ ഉപയോഗിക്കുന്നുളളു. 

ബിസിനസുകാരനായ കണ്ണൂര്‍ മമ്പറം സ്വദേശി ഹരീന്ദ്രനാഥ് വെങ്കിലാട്ട് 30 വര്‍ഷമായി മെക്സിക്കോയില്‍ എത്തിയിട്ട്. മോള്‍ഡ് മേക്കിങ് കമ്പനി നടത്തുകയാണ് ഇദ്ദേഹം. യുഎസ് കമ്പനികള്‍ ക്ലയ്ന്റ് ആയതിനാലും അവശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാലും പൂര്‍ണ്ണമായും തന്‍റെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെന്നു ഹരീന്ദ്രനാഥ് വ്യക്തമാക്കി. കമ്പനിയില്‍ രണ്ടു മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ബാക്കിയുള്ളവര്‍ സ്വദേശികളാണ്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന മിക്ക സ്ഥാപനങ്ങളും യുഎസ് കമ്പനികളുമായി അലയന്‍സുള്ളതിനാല്‍ പൂര്‍ണ്ണമായും ലോക്ഡൗണ്‍ സാധ്യമല്ലെന്നു ഹരീന്ദ്രനാഥ് പറയുന്നു. 

നിലവിലെ പ്രതിസന്ധി സാമ്പത്തികമായി തന്‍റെ ബിസിനസിനെ ബാധിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇതുവരെ നികുതി അടക്കുന്നതിനു സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. ജോലി ചെയ്തില്ലെങ്കിലും ജീവിനക്കാര്‍ക്കു ശമ്പളം നല്‍കണം. ഐടി രംഗത്താണു കൂടുതല്‍ ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ക്ക് രോഗം പിടിപ്പെട്ടതായി അറിവില്ല. ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മെഡിക്കല്‍ സംവിധാനത്തിനു കാര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിക്കുമോ എന്നു സംശയമുണ്ട്. 

ഇന്ത്യയെ പോലെ ആദ്യഘട്ടത്തില്‍ അധികാരികള്‍ മുന്‍കരുതല്‍ എടുത്തില്ലെന്നു ഹരീന്ദ്രനാഥിന്‍റെ ഭാര്യ അപര്‍ണ്ണ വ്യക്തമാക്കി. എങ്കില്‍ രോഗം കുറച്ചുകൂടി നിയന്ത്രണത്തിലാകുമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ നല്ല നിരവാരത്തിലുള്ളതും സൗജന്യമായി സേവനം ലഭ്യമാക്കുന്നവയുമാണ്. തങ്ങള്‍ താമസിക്കുന്ന നുയേവോ ലെയോണ്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചതിനാല്‍ രോഗം കൂടുതല്‍ വ്യാപകമായിട്ടില്ല. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ കേരളത്തോടാണ് അപര്‍ണ്ണ താരതമ്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടെ മേയ് അഞ്ചിന് ശേഷം ലോക്ഡൗണിന് ഇളവുകള്‍ ലഭിക്കും. പേടിയുണ്ടങ്കിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിതരാണെന്ന ആശ്വാസമുണ്ടെന്നു അപര്‍ണ്ണ വ്യക്തമാക്കി. മെക്സിക്കന്‍ സ്വദേശികള്‍ സ്നേഹമുള്ളരും സഹകരണമനോഭവം ഉള്ളവരുമാണ്. നാട്ടില്‍ കഴിയുന്ന ഫീല്‍ ഇവിടെ ലഭിക്കുന്നുണ്ട്. 26 വര്‍ഷമായി അപര്‍ണ്ണ മെക്സിക്കോയില്‍ എത്തിയിട്ട്‌. ഇവര്‍ക്കു രണ്ട്‌ ആണ്‍മക്കളാണ്.  

Mexico-City
മെക്സിക്കോ സിറ്റിയിൽ നിന്നുള്ള ദൃശ്യം.

കഴിഞ്ഞ ഒരു മാസമായി വീടിനുളളില്‍ തന്നെ കഴിയുകയാണു വിദ്യാര്‍ഥിയായ സെബിന്‍. മെറ്റീരിയല്‍ സയന്‍സില്‍ ഗവേഷണം നടത്തുന്ന സെബിന്‍ ദേവസ്യ വൈക്കം ചെമ്മനത്തുകര സ്വദേശിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് 30 വരെ അടഞ്ഞു കിടക്കും. ഓണ്‍ലൈന്‍ ക്ലസുകള്‍ ആരംഭിക്കുന്നതിനും പരീക്ഷകള്‍ നടത്തുന്നതിനുമുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പ് തുക കൃത്യമായി ലഭിക്കുന്നുണ്ടെന്നു സെബിന്‍ വ്യക്തമാക്കി. ജോലിക്കെത്തിയവരും ബിസിനസ് ചെയ്യുന്നവരും വിദ്യാര്‍ഥികളുമായി നിരവധി മലയാളികള്‍ ഇവിടെ ഉണ്ട്. 

ഷോപ്പിങ് മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിനു ബുദ്ധിമുട്ടില്ലെന്നും സെബിന്‍ വ്യക്തമാക്കി. പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമാണു. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ അനുസരിക്കുന്നുണ്ട്.

കരുതലായി ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ സമൂഹവുമായി എംബസി കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ ആശയവിനിമയം നടത്തിയിരുന്നു. വിസിറ്റിങ് വീസയിലെത്തി രാജ്യത്തു കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുമുണ്ട്. ഇവര്‍ക്കു വീസ പുതുക്കാന്‍ സൗകര്യം ഒരുക്കുമെന്നു അംബാസഡര്‍ മണ്‍പ്രീത് വോറ ഉറപ്പു നല്‍കി. ഇവരെ ഇപ്പോള്‍ രാജ്യത്തേക്കു മടക്കിക്കൊണ്ടു വരാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com