sections
MORE

ലോക്‌ഡൗൺ നീട്ടിയും ഇളവ് ചെയ്തും നൈജീരിയ; നിയന്ത്രണവിധേയമാക്കാനാകുമോ കോവിഡ്?

Nigeria-Covid-Center
ലാഗോസിലെ ഒനിക്കാൻ സ്റ്റേഡിയത്തിൽ 110 കിടക്കകളുള്ള ഒരു ഐസലേഷൻ സെന്റർ.
SHARE

20 കോടിക്കടുത്തു ജനസംഖ്യയുള്ള നൈജീരിയ പടിഞ്ഞാറൻ ആഫ്രിക്കയിലെ വളരെ പ്രധാനപ്പെട്ട ഒരു രാജ്യമാണ്. പെട്രോളിയം ധാരാളമായി ഉൽദാദിപ്പിക്കുന്നതുകൊണ്ടു സാമാന്യം ഭേദപ്പെട്ട ഒരു സമ്പദ്‌വ്യവസ്ഥയാണ് നൈജീരിയയ്ക്കുള്ളത്. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ലോക റാങ്കിങ്ങിൽ നൈജീരിയ  27–ാം സ്ഥാനത്താണ്. പക്ഷേ മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളെയും പോലെ ഈ രാജ്യവും ആരോഗ്യരംഗത്തു വളരെ പിന്നിലാണ്. നാഷനൽ ഹെൽത്ത് ഇൻഷുറൻസ് സ്കീം, ഡ്രഗ് റിവോൾവിങ് ഫണ്ട് എന്നിങ്ങനെ സർക്കാർ പദ്ധതികൾ നിലവിലുണ്ട്. എന്നിരുന്നാലും സമൂഹത്തിലെ താഴെത്തട്ടുകാർക്കു ആരോഗ്യ മേഖല വലിയ വെല്ലുവിളിതന്നെയാണ്.

Nigeria-Kano
നൈജീരിയയിലെ കാനോയിൽനിന്നുള്ള ദൃശ്യം. ചിത്രം: വിനോദ് പാലിക്കര

സ്വകാര്യ മേഖല ശക്തിയാർജിക്കുന്നുണ്ടെങ്കിലും, ചെലവ് ഭീമമായതിനാൽ സാധാരണക്കാർക്ക് അപ്രാപ്യം എന്നുതന്നെ പറയാം. ഇതുകൊണ്ടു മെഡിക്കൽ ടൂറിസം ഇവിടെ വലിയ ബിസിനസ്സാണ്. നല്ലൊരു പങ്കും ഇന്ത്യയിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും ചികിത്സ തേടി പോകാറുണ്ട്. വമ്പൻ പണക്കാർ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് പോകാറുള്ളത്. സാങ്കേതിക  മികവ് പരിഗണിച്ചാൽ ഇവിടത്തെ  ചികിത്സാരംഗം ഒരുപാടു ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. ഈ സാഹചര്യത്തിൽ വേണം നമ്മൾ നൈജീരിയയിലെ ഇപ്പോഴത്തെ സ്ഥിതി   വിലയിരുത്താൻ.

നൈജീരിയയിൽ കോവിഡ് 19 ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഫെബ്രുവരി 25നാണ്. സബ്–സഹാറൻ മേഖലയിലെ ആദ്യ കോവിഡ് കേസായിരുന്നു അത്. മാർച്ച് 30നു 14 ദിവസത്തേക്ക് രാജ്യ തലസ്ഥാനമായ അബൂജയിലും വാണിജ്യ തലസ്ഥാനമായ ലാഗോസിലും ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ ആകെ പോസിറ്റിവ് കേസുകൾ 140, മരണം 2, രോഗം മാറിയവർ 9. ഈ സമയത്ത് ഓഗുൺ സ്റ്റേറ്റിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്കുള്ള യാത്രകൾക്ക് വിലക്കുമേർപ്പെടുത്തി.

Nigeria-Covid-Center-3
കോവിഡ് രോഗികൾക്കായി ഒരുക്കിയ ആശുപത്രികളിലൊന്നിൽനിന്ന് (ഇടത്) കേശവ പ്രസാദ് (വലത്)

മാർച്ച് 23 മുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്.  എമർജൻസി ഫ്ലൈറ്റുകൾ, പ്രത്യേക ഇവാക്വേഷൻ ഫ്ലൈറ്റുകൾ എന്നിവ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രധാന വിമാന കമ്പനികൾ ഒന്നുംതന്നെ അടുത്ത കാലത്തേക്കൊന്നും ബുക്കിങ് എടുക്കുന്നില്ല. ഈസ്റ്റർ കഴിഞ്ഞു വീണ്ടും ഏപ്രിൽ 14  മുതൽ 14 ദിവസത്തേക്ക് ലോക്ഡൗൺ നീട്ടി. അപ്പോൾ മൊത്തം പോസിറ്റിവ്  കേസുകൾ 373, മരണം 11, രോഗം മാറിയവർ 99.  ഏപ്രിൽ 16നു കാനു സ്റ്റേറ്റും ആദ്യം 7 ദിവസം ലോക്ഡൗൺ പ്രഖാപിച്ചു. പിന്നീടിത് 14  ദിവസമായി കൂട്ടി. പക്ഷേ ഏപ്രിൽ 23നു 6 മണിക്കൂർ നേരത്തേക്ക് റമദാനിനുള്ള തയാറെടുപ്പിനു വേണ്ടി കാനോ സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് ചെയ്തത് വളരെ അധികം ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ഏപ്രിൽ 22നു  ഗവർണർമാർ  യോഗം ചേർന്ന് 14  ദിവസത്തേക്ക്  ലോക്ഡൗൺ നിർദ്ദേശിച്ചത് പ്രസിഡന്റിന്റെ പരിഗണനയിലാണ്. ഇതോടെ കോവിഡ്  നിയന്ത്രണത്തിലാവുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

Nigeria-1
ഒരു നൈജീരിയൻ കാഴ്ച. ചിത്രം: വിനോദ് പാലിക്കര

ഏറ്റവും പുതിയ കണക്കു പ്രകാരം 981 പോസിറ്റിവ് കേസുകൾ, 31 മരണം, 197 രോഗ വിമുക്തി നേടിയവർ. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഏകദേശം 2.17 ലക്ഷം ഇന്ത്യൻ പ്രവാസികൾ ഇവിടെ താമസിക്കുന്നു. ഇതിൽ നല്ലൊരു ഭാഗം മലയാളികളും ഉണ്ട്. ഇന്ത്യൻ വംശജർ ഇതോടെ ഭീതിയിലാണ്. ഇന്ത്യൻ ഹൈക്കമിഷണറുമായി നടന്ന ചർച്ചയിൽ പ്രധാന അജൻഡ അനുവാദം കിട്ടുമെങ്കിൽ ഇന്ത്യൻ കമ്യൂണിറ്റിക്കു വേണ്ടി ഒരു പ്രത്യേക ഐസലേഷൻ സെൻറ്റർ സ്ഥാപിക്കുന്നതായിരുന്നു . സ്ഥലം കിട്ടുമെങ്കിൽ ആവശ്യമായ ഫണ്ട് ഇന്ത്യൻ സർക്കാർ അനുവദിച്ചേക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ത്യയുടെ എയർ സ്പെയ്സ് തുറന്നതിനു ശേഷം അത്യാവശ്യം ഉള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പു തന്നിട്ടുണ്ട്. മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മാരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ തിരിച്ചു കൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്.

Nigeria-Shop
നൈജീരിയയിലെ കടകളിലൊന്ന്. ചിത്രം: വിനോദ് പാലിക്കര

പരിശോധന കിറ്റുകളുടെ കുറവുമൂലം വളരെയധികം കേസുകൾ രോഗ ലക്ഷണങ്ങൾ നോക്കി തീരുമാനിക്കണമെന്നത് ഇവിടെ ഡോക്ടർമാർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. സോഷ്യൽ ഡിസ്റ്റൻസിങ് ഇവിടെ  അത്ര ഫലപ്രദമായി നടക്കുന്നില്ല എന്നതും  മറ്റൊരു പ്രധാന വിഷയമാണ്. ലാഗോസ് പോലുള്ള 18 ദശലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന തിരക്കേറിയ  നഗരങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എബോളയെ തുരത്തിയ ആത്മവിശ്വാസത്തിൽ ജനങ്ങൾ പലപ്പോഴും വേണ്ടത്ര ജാഗ്രത പാലിക്കാറില്ല. ലോക്ഡൗൺ നീണ്ടാൽ വിശപ്പടക്കാൻ മാർഗ്ഗമില്ലാത്ത പാവങ്ങൾ കഷ്ടത്തിലാവും. തീരെ  സഹിക്കാതെ വന്നാൽ അക്രമണങ്ങളും കൊള്ളയും മറ്റു കുറ്റകൃത്യങ്ങളും കൂടുവാനുള്ള സാധ്യതയുമുണ്ട്.

Nigeria-Covid-Center-2
കോവിഡ് രോഗികൾക്കായി ഒരുക്കിയ ആശുപത്രികളിലൊന്നിൽനിന്ന്.

ഐസലേഷൻ, ചികിത്സ എല്ലാം കാര്യക്ഷമമായി നടത്താൻ എൻഡിസിസി (നൈജീരിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ)  വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ടെസ്റ്റിങ്ങുകളും അത്യാവശ്യം നടക്കുന്നുണ്ട്. ഫോൺ നമ്പറുകൾ- 08023169485 ,08033565529 , 08035387653. യാബയിലെ മെയിൻലാൻഡ് ഹോസ്പിറ്റൽ ആണ് ലാഗോസിലെ കൊറോണ സെന്റർ. 08000267662 ആണ് ഈ ആശുപത്രിയുടെ ഫോൺ  നമ്പർ. ലാഗോസിലെ ഒനിക്കാൻ  സ്റ്റേഡിയത്തിൽ 110 കിടക്കകളുള്ള ഒരു ഐസലേഷൻ സെന്റർ ഒരു സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്.

കാരു  ജനറൽ ഹോസ്പിറ്റൽ ആണ് അബുജയിലെ ഐസലേഷൻ സെന്റർ. ഫോൺ: 0803 575 5992. അസോക്കോറോ ജനറൽ ഹോസ്പിറ്റൽ, അബൂജ ടീച്ചിങ് ഹോസ്പിറ്റൽ ഗ്വാഗ്വാലാട എന്നിവയും സജ്ജമാണ്. ഇതിനിടെ ലാഗോസിൽ 6 വളരെ പ്രധാനപ്പെട്ട ആശുപത്രികൾ കോവിഡ് രോഗികളെ അബദ്ധത്തിൽ കൈകാര്യം ചെയ്തതിനാൽ അടച്ചുപൂട്ടി. ഇതോടെ കോവിഡ്  കൂടാതെ മറ്റു രോഗങ്ങൾക്കു പോലും  ലാഗോസ് പോലുള്ള സ്ഥലങ്ങളിൽ പ്രവാസികൾക്കുള്ള സൗകര്യങ്ങൾ വളരെ പരിമിതമായി.

Nigeria-Village-Market
നൈജീരിയയിലെ വില്ലേജ് മാർക്കറ്റിലെ കാഴ്ചകൾ. ചിത്രം: വിനോദ് പാലിക്കര.

ഇന്ത്യൻ സമൂഹം ഇവിടെ ഈ സമയത്തു പല ജീവ കാരുണ്യ  പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. ഇവിടത്തെ പ്രധാന ഇന്ത്യൻ കമ്പനികൾ കോവിഡ്  പ്രതിരോധ ഫണ്ടിലേക്ക് ഭീമമായ തുകകൾ സംഭാവന ചെയ്തിട്ടുണ്ട്. പല പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘടനകൾ സജീവമാണ്. ഭക്ഷണ  കിറ്റുകൾ,ഹാൻഡ് സാനിടൈസറുകൾ, മാസ്ക്കുകൾ എന്നിവ പല സംഘടനകളും വിതരണം ചെയ്യുന്നുണ്ട്. സ്റ്റാലിയൻ   ഗ്രൂപ് കോവിഡ് ആസ്പത്രികൾക്കു സൗജന്യമായി അരിയും മത്സ്യവും വിതരണം ചെയ്യുന്നുണ്ട്. കാനോ സംസ്ഥാനത്ത് ലെബനീസ് കമ്മ്യൂണിറ്റി പാവപ്പെട്ട  തദ്ദേശീയരെ സഹായിക്കാൻ കുറെ ട്രക്കുകൾ നിറയെ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

Lagos-Highways
നൈജീരിയയിലെ വിജനമായ ലാഗോസ് ഹൈവേ. ചിത്രം: വിനോദ് പാലിക്കര

ഓയോ സംസ്ഥാനത്ത് സ്വീറ്റ്കോ, സുമാൽ തുടങ്ങിയ കമ്പനികൾ ഇരുനൂറോളം കിടക്കകൾ, കട്ടിലുകൾ, ലോക്കറുകൾ എന്നിവ സർക്കാർ ആശുപത്രികൾക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഭാരതീയ സംഘടനകളായ ഇന്ത്യൻ അസോസിയേഷൻ, മലയാളി സമാജം, മറ്റു ഭാരതീയ കൂട്ടായ്മകളെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഭക്ഷണം, മാസക്, കയ്യുറകൾ എന്നിവ വിതരണം ചെയ്യുന്നതിനു പുറമേ കോവിഡ്-19 ബോധവൽകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പരിമിതികൾ വെച്ച് ചെയ്യാവുന്നതൊക്കെയും സർക്കാർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ജനങ്ങളുടെ സഹകരണമാണ് സർവപ്രധാനം. അതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളിയും.

(നൈജീരിയയിൽ ഗ്ലോബൽ ഓർഗാനിക്സ് എന്ന കമ്പനിയുടെ ജനറൽ മാനേജർ ആണ് ലേഖകൻ. രണ്ടു ദശകത്തോളമായി ഇവിടെ താമസിക്കുന്നു. തൃശൂർ പുതുശേരി സ്വദേശിയാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA