ADVERTISEMENT

ക്വാലലംപുർ ∙ ഏറെക്കാലമായി നാട്ടിലെത്താൻ കാത്തിരുന്ന മലേഷ്യൻ പ്രവാസി മലയാളികളെ ഉൾപ്പെടുത്തി കൊച്ചിയിലേക്കുള്ള വിമാനം നാളെ ക്വാലലംപുരിൽ നിന്നും യാത്ര തിരിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകളുടെ ക്രമീകരണങ്ങളും ഏറെക്കുറെ പൂർത്തിയായി. ഇന്ന് രാവിലെയാണ് കൊച്ചിയിലേക്കുള്ള 183 യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടുന്ന കേരളത്തിലേക്കുള്ള ആദ്യവിമാനത്തിന്റെ യാത്രാ പട്ടിക ഹൈക്കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്ത് നിയന്ത്രണത്തോടെയുള്ള ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിലവിലെ താമസസ്ഥലങ്ങളിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കാൻ ക്വാലലംപുർ എയർപോർട്ടുകളിലെത്തിച്ചേരാൻ വേണ്ടിയാണ്‌ ആദ്യ ട്രിപ്പിലെ മുഴുവൻ യാത്രക്കാരുടെയും റജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌പോർട്ട് നമ്പറും ഉൾക്കൊള്ളിച്ച് കൊണ്ട് ഹൈക്കമ്മീഷൻ അതോറിറ്റി കത്ത് പുറത്തുവിട്ടത്.

നിലവിൽ മലേഷ്യയിൽ നിന്നും എയർ റൂട്ടുകളുള്ള സംസ്ഥാനങ്ങളിലെ വിവിധ എയർപോർട്ടുകളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിനനുസരിച്ചാകും അതാത് സംസ്ഥാനങ്ങളിൽ ലാൻഡ്‌ ചെയ്യുന്ന എയർപോർട്ടിനെ കുറിച്ചുള്ള ധാരണയാവുക. മുൻപ് സൂചിപ്പിച്ചിരുന്നത് പോലെ തന്നെ വീസാ കാലാവധി കഴിഞ്ഞവർ, രോഗികൾ, മുതിർന്നവർ, സ്ത്രീകൾ, ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ എന്നിവർക്ക് തന്നെയാണ് മുൻഗണന നൽകുന്നത്.

അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി എയർപോർട്ടിലേക്കും വൈകാതെ അടുത്ത വിമാനം പുറപ്പെടുമെന്നറിയുന്നു. ഇവ കൂടാതെ മുബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും വരും ദിവസങ്ങളിൽ ഷെഡ്യുൾ ചെയ്യും. ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ ലിങ്ക് വഴി രെജിസ്റ്റർ ചെയ്തവരെ മാത്രമാണ് നിലവിൽ യാത്രക്ക് പരിഗണിക്കുന്നത്. റജിസ്റ്റർ ചെയ്ത എല്ലാ യാത്രക്കാരുടെയും നിലവിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമാണ് അത്യാവശ്യ യാത്രക്കാരുടെ അന്തിമ ലിസ്റ്റ് രൂപീകരിക്കുന്നത്. ക്വാലാലംപുരിൽ നിന്നും ഇന്ത്യയിലേക്ക് ശരാശരി അയ്യായിരം മുതൽ പതിനായിരം രൂപ വരെ വില ഈടാക്കാറുളള ടിക്കറ്റുകൾക്ക് ഈ സാഹചര്യത്തിൽ ഇരുപത് മുതൽ ഇരുപത്തയ്യായിരം രൂപ വരെ ഈടാക്കിയേക്കുമെന്നുള്ള അറിയിപ്പുകളാണ് റജിസ്റ്റർ ചെയ്ത പല യാത്രക്കാർക്കും ഹൈക്കമ്മീഷനിൽ നിന്നും ലഭിച്ചിരിക്കുന്നത്. അതിനാൽ അത്യാവശ്യമില്ലാതെ റജിസ്റ്റർ ചെയ്തവരും നിലവിലെ സാഹചര്യത്തിൽ പുരോഗതിയുള്ളവരും സ്വമേധയാ യാത്രയിൽ നിന്നും പിന്മാറിയതായും അറിയുന്നു.

കൊച്ചിയിലേക്ക് പറക്കുന്ന ആദ്യ വിമാനത്തിലേക്കുള്ള യാത്രക്കാരോട് നാളെ ഉച്ചക്ക് 12 മണിക്ക് തന്നെ KLIA -1 എയർപോർട്ടിലെ കൗണ്ടർ M ൽ ഹാജരാവാനും ശേഷം ടിക്കറ്റിന്റെ പണമടക്കാനുമാണ് നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും ടിക്കറ്റ് തുകയെ കുറിച്ച് ഇത് വരെ വ്യക്തമായ വിവരം നൽകിയിട്ടില്ല. ആദ്യലിസ്റ്റിലെ പല യാത്രക്കാർക്കും ഇന്ന് വളരെ വൈകിയാണ് നാളെ പുറപ്പെടുന്ന വിമാനത്തിൽ യാത്രാനുമതി ലഭിച്ചതായി ഹൈക്കമ്മീഷനിൽ നിന്നും അറിയിപ്പ് കിട്ടിയത്. ഗർഭിണികൾ ഉൾപ്പെടുന്ന വിദൂരങ്ങളിൽ താമസിക്കുന്ന യാത്രക്കാരെല്ലാം നാളെ 12 മണിക്ക് എയർപോർട്ടിലെത്താനാകുമോ എന്ന ആശങ്കയിലാണ്.    

മലേഷ്യയിൽ നിന്നും നാട്ടിലേക്ക് അത്യാവശ്യമായി തിരിച്ചു പോകേണ്ടവർക്ക് താഴെ നൽകിയ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ലിങ്കിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.  https://hcikl.gov.in/IndNationalRegistration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com