ADVERTISEMENT

ജോഹന്നാസ്ബർഗ്/പെരുമ്പാവൂർ ∙ കൊമേഴ്സ്യൽ  ഡൈവിങ് പരിശീലനത്തിനു പോയി ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ  സൗത്ത് ആഫ്രിക്കൻ എയർലൈൻസ് ആവശ്യപ്പെടുന്നത് വൻതുക.ജൊഹാനസ്ബർഗിൽ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രാക്കൂലി  75000 രൂപയാണെന്നറിഞ്ഞതോടെ എങ്ങനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.ലോക്‌ഡൗണിനു മുൻപ് യാത്രാക്കൂലി  30000 രൂപയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു.

പെരുമ്പാവൂർ ഒക്കൽ തളിയത്ത് അലൻ ജോസഫ്, തേവര സ്വദേശി സുജിത് ഡെന്നി , വൈപ്പിൻ സ്വദേശി ധീരജ്.പി.ധർമരാജ് എന്നിവരാണ് മാർച്ച് 20 മുതൽ  കുടുങ്ങിയത്. ജനുവരി 10നാണ് ഇവർ അവിടെയെത്തിയത്. മാർച്ച് 20ന് കോഴ്സ് തീർന്നു. 23ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണു സുഹൃത്തുക്കൾ കുടുങ്ങിയത്. കോഴ്സ് കഴിഞ്ഞയുടനെ ഇത്യോപ്യൻ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്‌ഡൗൺ മൂലം റദ്ദായി. പണം തിരികെ തരാൻ കഴിയില്ലെന്നാണു കമ്പനി പറയുന്നത്.

ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി സൗത്ത് ആഫ്രിക്കൻ എയർലൈൻസ്   21നും  22 നും മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കുമാണു വിമാനം നിശ്ചയിച്ചിരിക്കുന്നത്. വെസ്റ്റേൺ കേപിലെ സ്ട്രാൻഡ് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. ഇവിടെ നിന്നു 14 മണിക്കൂർ യാത്ര ചെയ്താലാണ് ജൊഹാനസ്ബർഗ് വിമാനത്താവളത്തിലെത്താൻ കഴിയുന്നത്. ബസ് ചാർജും സ്വയം വഹിക്കണം. മുംബൈയിലെത്തിയാൽ എങ്ങനെ കേരളത്തിലെത്താൻ കഴിയുമെന്ന ആശങ്കയുമുണ്ട്.

വലിയ തുക കണ്ടെത്താനാകാതെ വന്നതോടെ മുൻ എംഎൽഎ സാജു പോളിന്റെ സഹായം തേടിയിരിക്കുകയാണ് വിദ്യാർഥികൾ. ഫോർട്ട് കൊച്ചി ഇന്റർഡൈവ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇവർ പഠിച്ചത്. ജോലി ലഭിക്കുന്നതിനു അനിവാര്യമായ  ഇൻക കോഴ്സ് ചെയ്യാൻ ബാങ്ക് വായ്പയെടുത്താണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. വിദ്യാർഥികളുടെ അഭ്യർഥന മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും മന്ത്രി വി.എസ്. സുനിൽകുമാറിനും സന്നദ്ധ സംഘടനകൾക്കും ദക്ഷിണാഫ്രിക്കയിലെ സുഹൃത്തുക്കൾക്കും അയച്ചതായി സാജു പോൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com