sections
MORE

ഗർഭിണികളും കുട്ടികളുമായി മലേഷ്യയിൽ നിന്നു രണ്ടാമത്തെ വിമാനവും കൊച്ചിയിലെത്തി

malaysian-airport
SHARE

ക്വലാലംപൂർ∙ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബുധനാഴ്ച മലേഷ്യയിൽ നിന്നു രണ്ടാമത്തെ വിമാനവും കൊച്ചിയിലേക്ക് പറന്നു. ഗർഭിണികളും, കുട്ടികളും, വിദ്യാർഥികളുമുൾപ്പടെ 180 യാത്രക്കാരെയാണ് ഈ വിമാനത്തിൽ നാട്ടിലേക്കയച്ചത്. 179 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള ആദ്യവിമാനം മേയ് പത്തിന് യാത്ര തിരിച്ചിരുന്നു. നാട്ടിലേക്ക് തിരിക്കാൻ ക്വലാലംമ്പൂർ എയർപോർട്ടിലെത്തിയ മലയാളികൾക്ക് കൈത്താങ്ങാവാൻ മലേഷ്യൻ പ്രവാസി മലയാളി അസോസിയേഷന്റെ മാതൃകാപരമായ സേവനങ്ങൾ ശ്രദ്ധേയമാകുന്നു. 

pma-malyasia-logo

യാത്രക്കാർക്കായി നിരവധി സൗകര്യങ്ങളാണ് പിഎംഎ വോളണ്ടിയർമാരുടെ മേൽനോട്ടത്തിൽ എയർപോർട്ടിൽ ചെയ്ത് നൽകുന്നത്. യാത്ര പുറപ്പെടുന്നത് രാത്രി എട്ടുമണിക്കാണെങ്കിലും  നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ ഉച്ചക്ക് 12 മണിയോട് കൂടിത്തന്നെ എയർപോർട്ടിൽ ഹാജരാകാനായിരുന്നു ഹൈക്കമ്മീഷൻ നിർദേശിച്ചിരുന്നത്. മണിക്കൂറുകൾ നീളുന്ന പ്രോസസ്സിനായി ഗർഭിണികളും പിഞ്ചു കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് സഹായം അനിവാര്യമാണെന്ന് മനസ്സിലാക്കികൊണ്ടാണ് സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന പിഎംഎ സഹായ മനസ്കതയുമായി സേവനം ഏറ്റെടുത്തിരിക്കുന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ എയർപോർട്ടിൽ എത്തുന്നുണ്ടെങ്കിലും അപേക്ഷാഫോം പൂരിപ്പിച്ചു നൽകാനും ടിക്കറ്റ് എടുത്തു നൽകാനും ബാഗേജ് നിക്ഷേപിക്കാനും റജിസ്‌ട്രേഷൻ പ്രകാരം യാത്രക്കാരെ ക്രമപ്പെടുത്താനുമെല്ലാം സേവന മികവോടെ പിഎംഎ വോളണ്ടിയർമാർ മുൻനിരയിലുണ്ട്.  

malaysian-airport-2

കോവിഡ് പശ്ചാത്തലത്തിലെ യാത്രയിൽ അവശ്യസാധനങ്ങളടങ്ങുന്ന മെഡിക്കൽ കിറ്റും പിഎംഎ  ഓരോരുത്തർക്കും സൗജന്യമായി നൽകുന്നുണ്ട്. സാനിറ്റൈസർ,ഫേസ് മാസ്ക്,ഗ്ലൗസ്,ടിഷ്യൂ,സോപ്പ്, ബാത്ത് ടവ്വൽ,ജ്യൂസ്,പേന, മൊബൈൽ ചാർജിങ് അഡാപ്റ്റർ തുടങ്ങിയ അത്യാവശ്യ സാധനങ്ങളെല്ലാം കിറ്റിൽ ഉൾപ്പെടുന്നു.ഇതിനു പുറമെ റമളാൻ വിശ്വാസികളായ യാത്രക്കാർക്ക് നോമ്പുതുറക്കുള്ള ഭക്ഷണവും വെള്ളവും പി.എം.എ വിതരണം ചെയ്യുന്നുണ്ട്. മലേഷ്യയിലെ ഒൻപതോളം സ്റ്റേറ്റുകളിലായി പ്രവർത്തനമികവുള്ള വോളണ്ടിയർമാരെ ഏകോപിപ്പിച്ചാണ് എയർപോർട്ടിലെത്തുന്നവർക്ക് പിഎംഎ സഹായങ്ങൾ ചെയ്ത് നൽകുന്നത്. 

യാത്രക്കായി റജിസ്റ്റർ ചെയ്തവരിൽ പലരും അവസാന നിമിഷം യാത്രയിൽ നിന്നും പിന്മാറുമ്പോഴും അർഹരായവരെ മുൻകൂട്ടി എയർപോർട്ടിൽ എത്തിച്ച് ഒഴിവു വരുന്ന സീറ്റുകളൊക്കെ പരമാവധി ഉപയോഗപ്പെടുത്താനും പിഎംഎ ഭാരവാഹികൾ പരിശ്രമിക്കുന്നതിന്റെ ഫലമായി അർഹതപ്പെട്ട നിരവധി യാത്രക്കാർക്ക് നാട്ടിലെത്താൻ കഴിയുന്നുണ്ട്. വീസാ തട്ടിപ്പിനിരയായി മാസങ്ങളായി മലേഷ്യയിൽ കുടുങ്ങിയ യുവാക്കൾ സഹിതം രാജ്യത്ത് ഒറ്റപ്പെട്ടുപോയ നിർധനരായ പലയാളുകളെയും ബുധനാഴ്ച പുറപ്പെട്ട വിമാനത്തിൽ ഉൾക്കൊള്ളിക്കാനായതിൽ സന്തോഷമുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA