ADVERTISEMENT

ബ്രിസ്‌ബെയ്ന്‍ ∙ ലോകത്തിലെ ദൈര്‍ഘ്യം കുറഞ്ഞതും ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതുമായ ചലച്ചിത്രത്തിന്റെ ഗാനങ്ങളുടെ റെക്കോര്‍ഡിങ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്നില്‍ പൂര്‍ത്തിയായി. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 30 രാജ്യങ്ങളിലെ അഭിനേതാക്കളേയും  സാങ്കേതിക വിദഗ്ദ്ധരേയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യത്തെ ചലച്ചിത്രം കൂടിയാണിത്. ‘അറ്റന്‍ഷന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 30 നിമിഷമാണ്. ഏറ്റവും ചെലവേറിയ ചലച്ചിത്രം കൂടിയായ അറ്റന്‍ഷന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു നിര്‍മിക്കുന്നത് സന്ദേശ ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ ജോയ്.കെ.മാത്യു ആണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് മികച്ച സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് ലോകത്തിലെ ഏറ്റവും ചെറിയ റിയലിസ്റ്റിക് ചലച്ചിത്രം നിര്‍മിക്കാന്‍ ജോയ്.കെ.മാത്യു ഒരുങ്ങുന്നത്.  

തൃശൂര്‍ സ്വദേശിയും ചെന്നൈയില്‍ സംഗീത കോളേജിലെ വിദ്യാർഥിയുമായ സഞ്ജയ് സുകുമാരന്‍ ആണ് ചിത്രത്തിന്റെ പ്രമോഷന്‍ ഗാനവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ക്യൂന്‍സ് ലാന്‍ഡിലെ ടാരമാലിന്‍ മൂവി സ്റ്റുഡിയോയില്‍ പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ അലന്‍ ലാഹേയുടെ നേതൃത്വത്തിലാണ് റെക്കോര്‍ഡിങ് പൂര്‍ത്തിയായത്. പ്രശസ്ത അറബ്-ഇംഗ്ലീഷ് ഗായിക ഷിറിന്‍ മായിഡ്, ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിക്കുന്ന ആഗ്നസ് ജോയ് ,തെരേസ ജോയ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അറ്റന്‍ഷനില്‍ അഭിനയിക്കുന്ന 30 രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും സിംഗിള്‍ പോസ്റ്റര്‍ ഉപയോഗിച്ചുള്ള ഗ്രാഫിക്കിലൂടെയും 30 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ പാട്ടിനൊപ്പം ചുവട് വച്ച് കൊണ്ടുള്ളതുമായി രണ്ട് തരത്തിലാണ് പ്രമോഷന്‍ ഗാനം പുറത്തിറങ്ങുന്നത്.

മനുഷ്യന്റെ  നിലനില്‍പ്പിന് ആധാരമായ കരുതലിന്റേയും സഹാനുഭൂതിയുടേയും സ്നേഹത്തിന്റെയും പുത്തന്‍ ഗാഥ രചിക്കുന്ന ചിത്രമായ അറ്റന്‍ഷന്റെ  ടൈറ്റില്‍ പോസ്റ്റര്‍ ബ്രിസ്‌ബെയ്‌നില്‍ ടൂവോങ് കമ്യൂണിറ്റി മീറ്റിങ്ങ് പ്ലാസയില്‍ ഐക്യരാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്ട്രേലിയ ക്യുന്‍സ്ലാന്‍ഡ്  പ്രസിഡന്റ്   ഡോ.ഡൊണല്‍  ഡേവിസും  ഓസ്‌ട്രേലിയ ബ്രിസ്ബേന്‍ മൂവി മേക്കേഴ്സ് പ്രസിഡന്റ് പീറ്റര്‍ വാട്ടര്‍മാനും ചേര്‍ന്ന്  പ്രകാശനം ചെയ്തിരുന്നു.    

ലോകത്തിലെ ആദ്യ മുഴുനീള ചലച്ചിത്ര വിസ്മയത്തിന് സാക്ഷ്യം വഹിച്ച ഓസ്ട്രേലിയയില്‍ നിന്നു തന്നെയാണ് ലോകത്തിലെ ഏറ്റവും ചെറിയ ചലച്ചിത്രവും പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ചിത്രത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടെന്ന് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ സംവിധായകന്‍ ജോയ്.കെ മാത്യു പറഞ്ഞു. മാര്‍ച്ച്  ആദ്യ വാരം ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കോവിഡ് 19 പ്രതിസന്ധി തുടങ്ങിയത്. ലോക്ഡൗണ്‍ പിന്‍വലിച്ചാലുടനെ  ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയയിലെ പ്രമുഖ തിയറ്ററില്‍  വിവിധ രാജ്യങ്ങളിലെ സാഹിത്യ -ചലച്ചിത്ര -സംഗീത- രാഷ്ട്രീയ, പത്ര ദൃശ്യ മാധ്യമ   രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ 'അറ്റന്‍ഷന്‍ ' റിലീസ് ചെയ്യുമെന്നും ജോയ്.കെ.മാത്യു പറഞ്ഞു.  

സന്ദേശ ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോയ്.കെ.മാത്യുവിന്റെ ചെറുതും വലുതുമായ 11 ഓളം ചിത്രങ്ങളും 3 ഡോക്യുമെന്ററികളും ഒട്ടേറെ നിരൂപക, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.  ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യം കൂടിയായ ജോയ്.കെ.മാത്യു ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെയും ആര്‍എഡിഎഫിന്റെയും ബനാന ഷെയര്‍ കൗണ്‍സിലിന്റെയും സാമ്പത്തിക സഹായത്തോടെ ചലച്ചിത്രം നിര്‍മ്മിക്കാന്‍ അവസരവും പുരസ്‌കാരവും ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സംവിധായകന്‍ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com