ADVERTISEMENT

ശ്വാസം മുട്ടിനെ തുടർന്നാണ് ഇക്കഴിഞ്ഞ 12ന് മലയാളി കൂടിയായ ഡ്രൈവറെ ആൻഡമാനിലെ ജി.ബി. പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗിയായിരുന്നതിനാൽ ഡയാലിസിസ് അടക്കം ചികിത്സകൾ തുടങ്ങി. പക്ഷേ, സ്ഥിതി അതിഗുരുതരായി തുടർന്നു. ഒടുവിൽ സ്വാതന്ത്ര്യദിനത്തിൽ അയാൾക്കു മരണത്തിനു കീഴടങ്ങേണ്ടി വന്നു; 52–ാം വയസ്സിൽ. മരണം സ്ഥിരീകരിച്ച ആശുപത്രിയാകട്ടെ പതിവുപോലെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇതോടെ കാര്യം ഗുരുതരമായി.

എന്തു കൊണ്ട് കോവിഡ് പരിശോധനയില്ല ? 

തർക്കങ്ങൾക്കൊടുവിൽ ആശുപത്രി സാംപിൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ മരിച്ചയാൾക്കു കോവിഡ്. ശ്വാസംമുട്ടുപോലെ പ്രത്യക്ഷമായ കോവിഡ് ലക്ഷണവുമായി എത്തിയ, അതും മറ്റ് രോഗാവസ്ഥകൾ കൂടി ബുദ്ധിമുട്ടിക്കുന്ന ഒരാൾക്ക് എന്തുകൊണ്ടാണ് ആദ്യം തന്നെ കോവിഡ് പരിശോധന നടത്താതിരുന്നതും അതിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കാതിരുന്നതും ? ഇതാണ് നിലവിൽ ആൻഡമാനിലെ മിക്കവരുടെയും അവസ്ഥ. സംസ്ഥാനത്തു സ്ഥിതി കൈവിട്ട മട്ടിൽ. ഡോക്ടർമാർക്കും നഴ്സുമാർക്കും അടക്കം രോഗം സ്ഥിരീകരിച്ചതു മൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പാളുന്നു. ഡോക്ടർമാരും തദ്ദേശവാസികളും അടക്കം പങ്കുവച്ച ആൻഡമാന്റെ ആശങ്കകൾ ഇങ്ങനെ:

∙ വന്നിറങ്ങിയ വൈറസ്

രാജ്യം ലോക്ഡൗണിൽ നിന്നു മാറിത്തുടങ്ങിയപ്പോൾ വിമാന, കപ്പൽ സർവീസ് അനുവദിച്ചതോടെയാണ് ആൻഡമാനിലെ കാര്യങ്ങൾ മാറിമറിഞ്ഞത്. ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നുമായിരുന്നു കൂടുതൽ സർവീസുകളും. ഇവിടെ വന്നെത്തിയവരെ ഹോം ഐസലേഷനിലേക്കെന്നു പറഞ്ഞു വിട്ടെങ്കിലും പലരും കാര്യമായി എടുത്തില്ല. ആദ്യം കുറഞ്ഞു നിന്ന കോവിഡ് അതിശക്തമായി വ്യാപിച്ചു.

Andaman Islands

∙ സംവിധാനങ്ങളില്ല

ആൻഡമാനിലെ അടിസ്ഥാന പ്രശ്നം തുടങ്ങുന്നത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണക്കുറവാണ്. നിലവിലുള്ളവരിൽ പകുതിയോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടുതൽ പേരെ കണ്ടെത്താൻ ദേശീയ ആരോഗ്യ ദൗത്യം വഴി അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും മതിയായ സുരക്ഷയോ വേതനമോ ഉറപ്പു നൽകാത്തതും പ്രതിസന്ധി തീർക്കുന്നു.

∙ പരിശോധന, ചികിത്സ

ഐസിഎംആർ ലാബ് തന്നെയാണ് ഇപ്പോഴും പരിശോധനയ്ക്കുള്ള പ്രധാന ആശ്രയം. പരമാവധി 300 പേരെയൊക്കെയാണ് ഇവിടെ പരിശോധിക്കുന്നത്. ജി.ബി. പന്ത് ആശുപത്രിയിൽ സിബി നാറ്റ്, ട്രൂനാറ്റ് പരിശോധനാ സംവിധാനങ്ങളുണ്ടെങ്കിലും പരിശോധന ഇപ്പോഴും കാര്യമായില്ല. ചികിത്സ ലഭ്യമാക്കാൻ വേണ്ടിയുള്ള തയാറെടുപ്പുകൾ നേരത്തെ നടത്താത്തതും രോഗികളെ കണ്ടെത്താൻ ഐസലേഷനിലുള്ളവരെ തു‌ടർ പരിശോധനയ്ക്കു വിധേയമാക്കാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. 

വൈറസ് ബാധ അതിഗുരുതരമായി കഴിഞ്ഞാണ് പലരും ആശുപത്രിയിലേക്ക് എത്തിപ്പെടുന്നതു പോലും. അപ്പോഴേക്കും കുടുംബാംഗങ്ങൾക്കടക്കം പലർക്കും സ്ഥിതി ഗുരുതരമായും കഴിഞ്ഞിരിക്കും. കോവിഡ് മരണം മറച്ചുവയ്ക്കപ്പെടുന്നതും പ്രശ്നം. 2604 കോവിഡ് കേസും 30 മരണവും മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം നടത്താത്തതും കൃത്യമായ കോവിഡ് പരിശോധന ഇല്ലാതെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായ പ്രശ്നങ്ങൾ വേറെ.

ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ

‘‘പരിശോധന നടത്തുന്ന ലാബിലെ അവസ്ഥ നോക്കിയാൽ തന്നെ ആൻഡമാൻ എങ്ങനെയാണ് കോവിഡിനെ നേരിടുന്നതെന്നു മനസ്സിലാകും. ഭൂരിഭാഗം ലാബ് ജീവനക്കാർക്കും വൈറസ് സ്ഥിരീകരിച്ച്, പകരം സംവിധാനം പോലുമൊരുക്കാതെ ഇത് അടച്ചിടേണ്ടി വന്നതു 2 തവണയാണ്. ഒരേ ഗ്ലൗസ് തന്നെയാണ് ഒ‌ട്ടേറെ പേരുടെ സാംപിൾ ശേഖരിക്കാൻ ഉപയോഗിക്കുന്നത്. കോവിഡ് പരിശോധനാഫലം വരാൻ കാര്യമായി വൈകുന്നതും പ്രശ്നം’’ (ആൻഡ‍മാനിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോക്ടർ പറഞ്ഞത്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഇദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചത് ഇന്നലെ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com