ADVERTISEMENT

പോര്‍ട്ട് ലൂയിസ് ∙ ആവേശത്തോടും ആഹ്ലാദത്തോടുംകൂടി ഇന്ത്യന്‍ മഹാസമുദ്ര ദ്വീപ് രാജ്യമായ മൗറിഷ്യസിലെ മലയാളി സമൂഹം ഓണമാഘോഷിച്ചു. പാട്ടും നൃത്തവും പ്രഭാഷണങ്ങളും പൂക്കളവും സദ്യയുമൊക്കെയായി തികച്ചും കേരളത്തനിമയോടെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സഹകരണത്തോടെ മൗറിഷ്യസ് മലയാളി അസോസിയേഷനാണു സംഘടിപ്പിച്ചത്. മുന്നൂറോളം അതിഥികളെ പങ്കെടുപ്പിച്ചും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചും മൗറിഷ്യസിലെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചറിലായിരുന്നു ഓണാഘോഷം. 

Mouritius-Onam-Feli
സുധാകര മേനോന്‍, ശകുന്തള ഹൊവില്‍ദാര്‍, തമ്പി ദാമോദരന്‍ തുടങ്ങിയവരെ ആദരിച്ചപ്പോള്‍.

മൗറിഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ്‌സിങ് റൂപന്‍, കലാ സാംസ്‌കാരിക മന്ത്രി അവിനാഷ് തീലക്ക്, പാര്‍ലമെന്റംഗം സുഭാഷിണി തുടങ്ങിയവര്‍ ആഘോഷത്തില്‍ വിശിഷ്ടാതിഥികളായി. മൗറിഷ്യസിന്റെ പ്രഥമ വനിത സയുക്ത റൂപന്‍ ആണു നിലവിളക്കു കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തത്. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ആദരാഞ്ജലികളര്‍പ്പിച്ചാണു പരിപാടികള്‍ തുടങ്ങിയത്. 

കേന്ദ്ര മന്ത്രി വി.മുരളീധരന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, നടന്‍ ജയറാം സുബ്രഹ്മണ്യന്‍, എല്‍ഐസി മാനേജിങ് ഡയറക്ടര്‍ ടി.സി.സുശീല്‍കുമാര്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധി പ്രിന്‍സ് പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ ആശംസകളേകി. മൗറിഷ്യസിനു വിദ്യാഭ്യാസ, സാംസ്‌കാരിക, സാഹിത്യമേഖലയില്‍ ഏറെ സംഭാവന നല്‍കിയ ശകുന്തള ഹൊവില്‍ദാര്‍, സുധാകര മേനോന്‍, തമ്പി ദാമോദരന്‍ എന്നിവരെ ആദരിച്ചു.

pookkalam-Mouritius-Onam
ഓണാഘോഷത്തിലൊരുക്കിയ പൂക്കളം.

മൗറിഷ്യസില്‍ ഇന്നേവരെ നടന്ന ഏറ്റവും വലിയ ഓണാഘോഷമെന്ന ഖ്യാതിയോടെ നടന്ന ആഘോഷത്തില്‍ മുപ്പതിലേറെ പേര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചതായി പരിപാടികള്‍ക്കു നേതൃത്വം നല്‍കിയ മൗറിഷ്യസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പി.വി.ബിജു, സെക്രട്ടറി സുദര്‍ശന്‍ ഓടംപുള്ളി എന്നിവര്‍ അറിയിച്ചു. തിരുവാതിരകളി, ഭരതനാട്യം, ഗാനാലാപനം, കുട്ടികളുടെ കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍ എന്നിവയ്ക്കു ശേഷം വാഴയിലയില്‍ ഓണസദ്യവിളമ്പി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com