ADVERTISEMENT

ക്വലാലംപൂർ ∙ ലോകത്തിനെ മാറ്റിമറിച്ച കോവിഡ്–19 ൽ നിന്നു മുക്തി നേടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് മലേഷ്യ. ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കാൻ തയാറാകുന്ന ജനതയുമാണ് മലേഷ്യയിലെ കോവിഡിനെ തുരത്തിയെതെന്ന് വേണം മനസ്സിലാക്കാൻ. 

മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ

മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന ഈ ഏഷ്യൻ രാജ്യത്തിലെ ജനസംഖ്യ  ഏറെക്കുറെ കേരളത്തിന് തുല്യമാണ്. രാജ്യത്തെ 32 ദശലക്ഷം ജനങ്ങളിൽ പത്തിലൊരു ഭാഗം വിദേശികൾ.  ജനസംഖ്യയുടെ 75 ശതമാനത്തോളം വിനോദസഞ്ചാരികള്‍ പ്രതി വർഷം സന്ദർശിക്കാനെത്തുന്ന മലേഷ്യയിൽ അയൽ രാജ്യമായ ചൈനയിൽ നിന്നു ഉത്ഭവിച്ച മഹാമാരി എളുപ്പത്തിൽ പടർന്ന് പിടിച്ചേക്കുമെന്നുള്ള ആശങ്കകൾ നിലനിൽക്കെ മലേഷ്യൻ സർക്കാരിന്റെ മാതൃകാപരമായ നീക്കങ്ങൾകൊണ്ടായിരിക്കണം ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡിനെ പിടിച്ചു കെട്ടിയതെന്നാണ് ഇവിടുത്തുകാർ ഇപ്പോഴും വിശ്വസിക്കുന്നത്. 

സ്ഥിതി ആശ്വാസകരം

സെപ്റ്റംബർ 27 വരെയുള്ള കണക്ക് പ്രകാരം മലേഷ്യയിൽ ഇത് വരെയുള്ള കൊറോണ വ്യാപനത്തിന്റെ കണക്കുകൾ അതിശയിപ്പിക്കുന്നതാണ്. ആകെ രോഗം ബാധിച്ച 10919 പേരിൽ 9835 പേരും രോഗ മുക്തി നേടിക്കഴിഞ്ഞു. ഇത് വരെ മരണമടഞ്ഞവർ 134 പേർ മാത്രം. മറ്റു രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോൾ മലേഷ്യയിലെ സ്ഥിതി തികച്ചും ആശ്വാസകരമാണ്. കോവിഡിനെ അതിജീവിച്ചുകൊണ്ടിരിക്കുന്ന മലേഷ്യയിലെ ജീവിത രീതികൾ നമ്മൾ പരിചയപ്പെടേണ്ടിയിരിക്കുന്നു. 

രാത്രികൾ വിജനമാക്കി സ്വദേശികൾ

പൊതുവെ രാത്രി സവാരിയും പുറം ഭക്ഷണങ്ങളും മാത്രം ശീലമാക്കിയ സ്വദേശികളുടെ കാര്യത്തിലായിരുന്നു രോഗവ്യാപനത്തിൽ പലരുടെയും ആശങ്ക. പക്ഷേ സാഹചര്യം തിരിച്ചറിഞ്ഞ് ഓരോ നഗരങ്ങളും വിജനമാക്കിയ സ്വദേശികൾ തന്നെയായിരുന്നു പ്രതിരോധഘട്ടങ്ങളിലെ താരങ്ങൾ. സന്ദർശകരെ ആകർഷിപ്പിക്കാറുള്ള രാജ്യത്തെ മിക്ക തെരുവുകളിലും സ്ഥിരമായി തുറക്കാറുള്ള രാത്രി ചന്തകളൊക്കെ ഓർമകളായിട്ട് മാസങ്ങളായി. ചന്തകളിലെ വ്യാപാരത്തിലൂടെ അതിജീവനം തേടിയവരെല്ലാം തുടർമാർഗങ്ങൾ സ്വീകരിച്ചു തുടങ്ങി. കടകളിലെ വ്യാപാരത്തിന് പകരം ഭക്ഷണപാനീയങ്ങൾ ഓർഡർ ചെയ്യാനുള്ള നിരവധി ആപ്പുകൾ അവർ വികസിപ്പിച്ചെടുത്തു. തട്ടുകടകളിൽ നിന്നുപോലും ഓർഡർ ചെയ്താൽ ഇഷ്ടവിഭവങ്ങൾ വീട്ടിലെത്തും വിധം കാര്യങ്ങൾ ഏകീകരിച്ചു. 

Malaysia

സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ പഠിച്ചതോടെ നഗരങ്ങളിലെ ആൾക്കൂട്ടങ്ങൾ അപ്രത്യക്ഷമായി. നിലവിൽ മിക്ക ഹോട്ടലുകളും പൊതി ഭക്ഷണങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിലും ഹോട്ടലുകളിൽ നിരന്നു കിടക്കുന്ന  തീന്മേശകളിൽനാലുപേർ ഇരുന്നിടത്ത് രണ്ടു കസേരകളായി ചുരുങ്ങി. റോഡോരങ്ങളിലെ ബർഗറും സായാഹ്‌ന പലഹാരങ്ങളും വിൽക്കുന്ന തട്ടുകടകളിൽ പോലും  ശരീരോഷ്മാവ് അളന്നു തിട്ടപ്പെടുത്തി ഫോൺ നമ്പർ സഹിതം പുസ്തകത്തിൽ കുറിച്ചാലേ സാധനം കിട്ടൂ എന്ന സ്ഥിതിയായി. വലിയ ഷോപ്പിങ് മാളുകളിലെത്തിയാലും പർച്ചേസിങ് എളുപ്പമല്ല. മെയിൻ കവാടത്തിൽ പരിശോധനയുണ്ടാകും. മാത്രമല്ല മാളുകൾക്കുള്ളിലെ ഓരോ കടകളിലും പ്രത്യേകം റജിസ്‌ട്രേഷൻ നിർബന്ധമാണ്. സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ മാളുകൾക്കെല്ലാം താഴ് വീണിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ധൃതിപിടിച്ചുള്ള പർച്ചേസുകൾ നിലച്ചു.  

മാസ്ക് ധരിക്കാത്തവർക്ക് പിഴ

സുരക്ഷാമാനദണ്ഡങ്ങൾക്ക് ഓരോരുത്തരും കൂടുതൽ പ്രാധാന്യം നൽകി ശീലിച്ചു കഴിഞ്ഞു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പിഴയിടാൻ പോലീസും സജ്ജരാണ്. സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും മാസ്ക് നിർബന്ധമാക്കി. ബസുകളും ട്രെയിനുകളും സാധാരണനിലയിൽ സർവീസുകൾ നടത്തുന്നുവെങ്കിലും ഒരു സീറ്റിൽ ഒരാൾ മാത്രം. കടകളിൽ പലചരക്ക് വാങ്ങാൻ ചെന്നാലും ഒരു മീറ്റർ അകലം നിർബന്ധമാണ്. എല്ലാ കമ്പനികളിലും സുരക്ഷാമാനദണ്ഡങ്ങൾ ഇപ്പോഴും കർശനം. ഓഫീസുകളിൽ നിന്നും ജോലി സമയങ്ങളിൽ പുറത്ത് പോവേണ്ടിവന്നാൽ അന്നത്തെ ദിവസം തിരിച്ചു ജോലിക്ക് കയറാനാവില്ല. ആരാധനാലയങ്ങളിലും ഒരു സമയം ഉൾക്കൊള്ളിക്കാവുന്ന വിശ്വാസികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. ജനങ്ങൾ കൂടുതൽ കയറിയിറങ്ങുന്ന സർക്കാർ ഓഫീസുകളിലും മുൻ‌കൂർ റജിസ്ട്രേഷനു ശേഷം അനുവദിച്ചു കിട്ടുന്ന സമയത്തെത്തിയാൽ മാത്രമേ സേവനം ലഭ്യമാകൂ.

സിംഗപ്പൂർ അതിർ അടച്ചിട്ടു; ദശാബ് ദങ്ങൾക്ക് ശേഷം

മലേഷ്യയുടെ അയൽ രാജ്യവും മുൻപ് മലേഷ്യയുടെ ഭാഗവുമായിരുന്ന സിംഗപ്പൂർ ദ്വീപുമായുള്ള അതിർത്തി 1965 ലെ വംശീയ കലാപത്തിന് ശേഷം കോവിഡ് പ്രതിരോധത്തിനായാണ് മലേഷ്യ അടച്ചിട്ടത്. രാജ്യത്തേക്കുള്ള സാധാരണ വിമാന സർവീസുകൾ ഡിസംബർ 31 വരെ നിർത്തിവച്ചതാണ് മലേഷ്യൻ സർക്കാരിന്റെ മറ്റൊരു കർശനമായ തീരുമാനം. രാജ്യത്തകപ്പെട്ടവർക്ക് തിരിച്ചു പോകുന്നതിനു നിയന്ത്രണമില്ല. നിലവിൽ ജോലിയിലിരിക്കെ അവധിക്ക് പോയി സ്വദേശങ്ങളിൽ കുടുങ്ങിയവർക്ക് സർക്കാരിന്റെ പ്രത്യേക അനുമതിയോട് കൂടി രാജ്യത്ത് പ്രവേശിക്കാനാവുമെങ്കിലും കോവിഡ് പരിശോധനയും സർക്കാർ ക്വാറൻ്റീനും സഹിതം ഓരോ യാത്രക്കാരനും ഏകദേശം 80,000 ത്തോളം രൂപ ചെലവുവരും. ഗൾഫ് രാജ്യങ്ങളെ പോലെ തന്നെ വ്യാപാരമുൾപ്പടെ വിദേശികൾക്കുള്ള ജോലി സാധ്യതകളുള്ളതും നിരവധി മലയാളികൾ ജോലി ചെയ്യുന്ന ഒരു ഏഷ്യൻ രാജ്യം കൂടിയാണ് മലേഷ്യ. നിലവിലെ കോവിഡ് സാഹചര്യത്തിൽ മലേഷ്യയുടെ ചെറുത്തു നിൽപ് ഇവിടെയുള്ള ഓരോ ഇന്ത്യക്കാരനും ആശ്വാസം പകരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നൽകിയാൽ ഒരു പരിധിവരെ ഈ മഹാമാരിയെ തുരത്താനാവുമെന്നു ഇൗ രാജ്യം ലോകത്തെ പഠിപ്പിക്കുന്നു.   

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com