ADVERTISEMENT

മെൽബൺ ∙ കോവിഡ് 19 ന്റെ കാലഘട്ടത്തിൽ വിഷാദരോഗം മനസ്സിലാക്കുന്നതും അതിന് പ്രതിവിധി തേടുന്നതും വളരെ തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഹ്രസ്വ ചിത്രമായ ബ്രോക്കൺ ഓസ്ട്രേലിയായിലെ മലയാളികൾക്ക് പുതിയ അനുഭവമായിരിക്കുന്നു. കുറച്ച് നാൾ മുൻപ് വരെ വിഷാദം ഒരു രോഗമാണെന്ന് തിരിച്ചറിയാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സാധാരണയായി  കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിൽ ആണ് വിഷാദരോഗം. 

കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും ഈ രോഗത്തിന് അടിമയായികൊണ്ടിരിക്കുന്നു. സാമ്പത്തിക, സാമൂഹ്യ, മാനസിക പ്രശ്നങ്ങൾ അലട്ടുന്നവരിൽ ആണ് വിഷാദരോഗം കൂടുതൽ ആയി കാണപ്പെടുന്നത്. വിഷാദരോഗത്തിൽ നിന്നും എങ്ങനെ മനുഷ്യർക്ക് കരകയറുവാൻ സാധിക്കും എന്ന് വളരെ ലളിതമായി ബ്രോക്കൺ എന്ന ഹ്രസ്വചിത്രത്തിലൂടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മെൽബണിലെ മലയാളി സുഹൃത്തുക്കൾ അനാവരണം ചെയ്യുന്നു. കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കാവുന്ന രോഗമാണ് വിഷാദം.

ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആളുകൾ സംഘം ചേർന്ന് കൊലപ്പെടുത്തിയ ആദിവാസി യുവാവിന്റെ കഥയെ ആസ്പദമാക്കി രചിച്ച നാടകത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ എറണാകുളം വൈറ്റില സ്വദേശി ബിനോജ് വില്ല ആണ് ചിത്രത്തിൽ വിഷാദ രോഗിയായി അഭിനയിക്കുന്നത്. കൂടാതെ അനിഷ് ഉറുമ്പിൽ സംവിധാന നിർവ്വഹിച്ച "ഒറ്റ ചോദ്യം”, റിയാസ് സിദ്ധിക്ക് സംവിധാനം ചെയ്ത "ഒരു കഥ പറയും നേരം” എന്നീ സിനിമകളിലും ബിനോജ് അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിരുന്നു.

മെൽബണിലെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന ബെറിക്ക് അയൽക്കൂട്ടത്തിലെ സജീവ സാന്നിധ്യം ആണ് ബിനോജ്. ബെറിക്ക് കെയ്സ്സി ഹോസ്പ്റ്റലിൽ ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻ ആയി ബിനോജ് ജോലി ചെയ്യുന്നു. ഭാര്യ ലിജി കെയ്സ്സി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. മക്കളായ ജൂവൽ, ക്രിസ്റ്റൽ എന്നിവരോടൊപ്പം ബെറിക്കിൽ താമസിക്കുന്നു. ബെറിക്ക് അയൽകൂട്ടത്തിന്റെ നിറസാന്നിധ്യമായ ലെന്റിൻ സിവിക് ആണ് ബ്രോക്കൺ എന്ന ഹ്രസ്വചിത്രത്തിന്റെ കഥ, സംഭാഷണം, ക്യാമറ, എഡിറ്റിങ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മെൽബൺ മലയാളികൾ "ബ്രോക്കൻ” എന്ന മനോഹരമായ ഹ്രസ്വചിത്രം നെഞ്ചിൽ ഏറ്റികഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com