ADVERTISEMENT

ബ്രിസ്ബൻ ∙ ക്യാൻസർ എന്ന മഹാമാരിക്കെതിരെ യുദ്ധം ചെയ്തുവെങ്കിലും ഓസ്ട്രേലിയയിലെ ഇപ്സ്വിച്ചിലെ മലയാളി നഴ്സും ഏവരുടെയും സ്നേഹഭാജനവുമായ അമ്പിളി രാജ് ഗിരീഷ് ഒടുവിൽ മുട്ടുമടക്കി. ഞായറാഴ്ചയായിരുന്നു വിയോഗം. കഴിഞ്ഞ ആറു മാസമായി ക്യാൻസർ രോഗിയായിരുന്നു. തന്റെ രോഗം അറിഞ്ഞു അന്നു മുതൽ ക്യാൻസർ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലായിരുന്നു. എങ്കിലും അവസാനം ശരീരം അതിനു കീഴടങ്ങി.

ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അനേകം രോഗികളുടെ ക്യാൻസർ ഓപ്പറേഷന് പരിചരിച്ച അമ്പിളി അവസാനം തന്റെ പാൻക്രിയാസിൽ തുടക്കമിട്ട അർബുദ രോഗത്തിന്റെ മുൻപിൽ പതറാതെ അവസാനം വരെ ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടു. ഒരു മാലാഖയെപ്പോലെ ഏവരുടെയും അംഗീകാരത്തിന് പാത്രമായ തങ്ങളുടെ സഹപ്രവത്തകയുടെ ആകസ്മിക നിര്യാണത്തിൽ ഇപ്സ്വിച് ഹോസ്പിറ്റലും ഓപ്പറേഷൻ തിയേറ്ററിലെയും ഡോക്ടർമാരും നഴ്‌സുമാരും സ്റ്റാഫുകളും അഗാഥമായ ദുഃഖം രേഖപ്പെടുത്തി.

ഇപ്സ്വിച് മലയാളികൾ എന്നല്ല അനേകം സുഹൃത്ത് ബന്ധങ്ങളുടെ അകമഴിഞ്ഞ പ്രാർഥനകളും ആശംസകളും ഉണ്ടായിരുന്നുവെങ്കിലും അവസാനം ഒരു പുഞ്ചിരി തൂകി അമ്പിളി യാത്രയായി. ഇപ്സ്വിച് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ഞായറാഴ്ച വെളുപ്പിന് അമ്പിളി അന്ത്യയാത്ര പറഞ്ഞത് വിശ്വസിക്കാനാവാതെ ഇപ്സ്വിച്ചിലെ മലയാളി സമൂഹവും സുഹൃത്തുക്കളും യഥാർഥ്യവുമായി പൊരുത്തപെടുവാൻ പാടുപെടുന്നു.

ഉഴവൂർ ശങ്കരശേരിൽ രാജപ്പൻ നായരുടെയും വത്സലകുമാരിയുടെയും ഏക പുത്രിയാണ് അമ്പിളി. അനുരാജ് സഹോദരനാണ്.  ഒരു വയസ്സും പതിനൊന്നു വയസ്സും ഉള്ള രണ്ട് പെൺകുട്ടികളും ഭർത്താവായ ഗിരീഷ് ചന്ദ്രനും ആണ് കുടുംബാംഗങ്ങൾ.

പൊതുദർശനം Len Russell Funeral Director ഹാളിൽ ബുധനാഴ്ച ക്രമീകരിച്ചിരിക്കുന്നു. വൈകുന്നേരം രണ്ടു മുതൽ 3:30 വരെ കമ്മ്യൂണിറ്റി അംഗങ്ങൾക്കും 4 മുതൽ 6 വരെ ഹോസ്പിറ്റലിൽ സ്റ്റാഫിന് വേണ്ടിയുമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം അന്നേ ദിവസം 3:30 ന് കോവിഡ് മാനദണ്ഡം പാലിച്ച് ഒരു memmorial സർവീസ് ഉണ്ടായിരിക്കുന്നതാണ്. 70 പേർക്ക് പങ്കെടുക്കാനാണ് അനുമതി. Address :236/238 Brisbane St, West Ipswich QLD 4305

അമ്പിളിയുടെ കുടുംബത്തെയും ആഗ്രഹപ്രകാരം  മരണാനന്തര ചടങ്ങുകൾക്കായി അമ്പിളിയെ നാട്ടിൽ ഉഴവൂരിലേക്ക് കൊണ്ടു പോകാനായി നടപടിക്രമങ്ങൾ  പൂർത്തിയായി വരുന്നു. 

അമ്പിളിയുടെ ദേഹവിയോഗത്തിൽ ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കുര്യൻ, സെക്രട്ടറി അനൂപ്, നവോദയ ബ്രിസ്ബൻ വേണ്ടി ജഗജീവ് കുമാർ സംസ്കൃതിക്ക് വേണ്ടി ബിപിൻ, ബ്രിസ്ബൻ ക്നാനായ അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജെയിംസ് മാത്യു, സിറോ മലബാർ ഇപ്സ്വിച് മിഷൻ വികാരി ഫാ വർഗീസ് വോവോലി എന്നിവർ അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com