ADVERTISEMENT

കാൻബറ ∙ ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ സൂമിലൂടെ നടത്തിയ പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഗവണ്മെന്റ് ചീഫ് വിപ്പ് എൻ. ജയരാജിനും മറ്റു കേരള കോൺഗ്രസ് (എം) എംഎൽഎമാർക്കും സ്വീകരണം നൽകി. സ്വീകരണ സമ്മേളനം പാർട്ടി ചെയർമാൻ ജോസ്.കെ. മാണി ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ് എതിർ വികാരമുണ്ടായെങ്കിലും പാലായിൽ തന്നെ മത്സരിച്ചതെന്നു ചടങ്ങിൽ സംസാരിച്ച ജോസ് കെ മാണി പറഞ്ഞു. 

പാർട്ടിയുടെ നാശത്തിനുവേണ്ടി ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ട് പോകാൻ സാധിക്കുമായിരുന്നില്ല. ഉടൻ തന്നെ മെമ്പർഷിപ്പു ഡ്രൈവ് തുടങ്ങുമെന്നും കേഡർ സ്വഭാവത്തിലൂടെ പാർട്ടിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും പാർട്ടിയുടെ ദൈനം ദിനമുള്ള വളർച്ചയിൽ പ്രവാസി കേരള കോൺഗ്രസിന്റെ പങ്ക് വിലമതിയ്ക്കാനാവാത്താതണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാർട്ടിയ്ക്കുവേണ്ടി ബലിയാടാവുകയായിരുന്നു ജോസ് കെ മാണിയെന്ന് ചടങ്ങിൽ സംസാരിച്ച തോമസ് ചാഴികാടൻ എംപി പറഞ്ഞു. ജോസ് കെ മാണി എടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചുവെന്നും  അദ്ദേഹം സൂചിപ്പിച്ചു.

പാർട്ടി ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പാർലമെന്ററി പാർട്ടി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിൻ പറഞ്ഞു. കാർഷിക വിളകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള നടപടികൾക്ക് ഊന്നൽ കൊടുത്തു കൊണ്ട് മൂന്നോട്ട് പോകും. ഇതിന്റെ ആദ്യ പടിയായി ജലസേചനവകുപ്പിൽ ഗവണ്മെന്റ് നടത്താൻ തീരുമാനിച്ച ആദ്യത്തെ സംരംഭമാണ് കെ.എം. മാണി ഊർജിത കാർഷിക ജലസേചനപദ്ധതി. ജലസേചനം, കാർഷികം, വൈദ്യുതി വകുപ്പുകളെ ബന്ധപ്പെടുത്തിയുള്ള മൈക്രോ ഇറിഗേഷൻ പദ്ധതി ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരള കോൺഗ്രസിന്റെ വോട്ട് ബാങ്കുകൾ കൃത്യമായി തിരിച്ചറിയാൻ ഈ തിരഞ്ഞെടുപ്പുകൊണ്ട് സാധിച്ചുവെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു. പല മണ്ഡലങ്ങളിലും എൽഡിഎഫിന്റെ വിജയത്തിന് പിന്നിൽ കേരള കോൺഗ്രസ് എമ്മിന്റെ വോട്ടുകളും കാരണമായി എന്നുള്ളത് നമുക്കു ഏവർക്കും അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 

പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ആശംസകൾ നേർന്നു. പാർട്ടിയുടെ പുതിയ എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. 

ജൂൺ അഞ്ചിന് വൈകിട്ട് ഏഴു മണിയ്ക്ക് നടത്തിയ പരിപാടിയിൽ ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. സിജോ ഈന്തനാം കുഴി സ്വാഗതവും ജിൻസ് ജയിംസ് കൃതജ്ഞതയും പറഞ്ഞു. നിരവധിയാളുകൾ പങ്കെടുത്ത പരിപാടിയിൽ സെബാസ്റ്റ്യൻ ജേക്കബ്ബ്, കെന്നടി പട്ടുമാക്കിൽ, റെജി പാറയ്ക്കൽ, ഷാജു ജോൺ എന്നിവർ ആശംസകൾ നേർന്നു. 

സിബിച്ചൻ ജോസഫ്, ജിബിൻ സിറിയക്ക്, റ്റോജോ തോമസ്, ഐബി ഇഗ്നേഷ്യസ്, ഷിനോ മാത്യു, ജോസി സ്റ്റീഫൻ, ടോം പഴയംപള്ളിൽ, തോമസ് വാതപ്പള്ളിൽ, ഡേവിസ് ചക്കൻകുളം, ജോഷി കുഴിക്കാട്ടിൽ, ജലേഷ് എബ്രഹാം, ക്ലിസൺ ജോർജ്, ഷാജി ഈഴ ക്കുന്നേൽ, ജോജി കാനാട്ട്, ജോഷി ജേക്കബ്ബ്, സുമേഷ് ജോസ്, ജിബിൻ, ലിജേഷ് എബ്രഹാം, മജു പാലക്കുന്നേൽ, ജിനോ ജോസ്, റോബർട്ട്, ഷെറിൻ, പ്രിൻസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com