ADVERTISEMENT

ബ്രിസ്‌ബേൻ ∙ സ്വന്തമായി ദൈവാലയം എന്ന യാക്കോബായ സുറിയാനി സഭാമക്കളുടെ ആഗ്രഹപൂർത്തീകരണമായി ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ അനുഗ്രഹകരമായി നടത്തി . സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ ന്യൂസീലാൻഡ് അതിഭദ്രാസങ്ങളുടെ മോർ മിലിത്തിയോസ് മൽക്കി മെത്രാപ്പോലീത്ത  ചടങ്ങുകൾക്ക് പ്രധാന കാർമികത്വം വഹിച്ചു .

 

st-thomas

കൂദാശയുടെ ഒന്നാം ദിവസമായ ജൂൺ 18നു വൈകിട്ട് 4 മണിക്ക് പ്രധാന കവാടത്തിൽ എത്തിയ മെത്രാപ്പോലീത്തയെ വിശ്വാസികൾ ഭക്ത്യാദരപൂർവം സ്വീകരിച്ച് പുതിയ ദൈവാലയത്തിലേക്കു ആനയിച്ചു . പാത്രിയർക്കൽ പതാക ഉയർത്തിയ ശേഷം അഭിവന്ദ്യ പിതാവ് ദൈവാലയം തുറക്കുകയും നിലവിളക്കിൽ ദീപം കൊളുത്തി ആശീർവദിക്കുകയും ചെയ്തു. തുടർന്നു നടന്ന അനുഗ്രഹകരമായ വിശുദ്ധ മൂറോൻ കൂദാശയ്ക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെയും സഹോദരി സഭകളിലെയും  വൈദീക ശ്രേഷ്ഠർ സഹകാർമികരായി. പ്രാർഥനാ നിർഭരമായ ശുശ്രൂഷകളിൽ നാനാജാതിമതസ്ഥരായ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത് .

 

മൂറോൻ കൂദാശയ്ക്ക് ശേഷം യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച റാഫിൾ ഡ്രോയുടെ നറുക്കെടുപ്പ്‌ നടത്തപ്പെട്ടു. തുടർന്ന് പള്ളി അങ്കണത്തിൽ കേരളത്തിന്റെ തനതു വാദ്യകലാരൂപമായ ചെണ്ടമേളം ബ്രിസ്‌ബേനിലെ മലയാളി കലാകാരന്മാരുടെ നേതൃത്വത്തിൽ നടന്നത് ആഘോഷങ്ങൾക്കു ആവേശം പകർന്നു. പ്രശസ്ത ബോളിവുഡ് തെന്നിന്ത്യൻ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ അന്തരീക്ഷത്തിൽ വർണവിസ്മയങ്ങൾ വാരി വിതറിയ ലേസർ ഷോ നയനാനന്ദകരമായ അനുഭവമായി .

 

കൂദാശയുടെ രണ്ടാം ദിവസമായ ജൂൺ 19 നു അഭിവന്ദ്യ മോർ  മിലിത്തിയോസ്‌ മൽക്കി മെത്രാപ്പോലീത്തയുടെ  പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഭക്തിസാന്ദ്രമായ റാസയും, തുടർന്ന് പ്രൗഢഗംഭീരമായ പൊതുസമ്മേളനവും നടത്തി .

 

വികാരി ഫാ. ലിലു വർഗീസ് പുലിക്കുന്നിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം  മോർ മിലിത്തിയോസ് മൽക്കി മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു . ദൈവാലയം സ്വർഗത്തിലേക്കുള്ള ഗോവണിയാണെന്നും ആത്മീക പുതുക്കത്തിനുള്ള ഇടമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു . ബിൽഡിങ് കോഓഡിനേറ്റർ ബിജു വർഗീസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഭദ്രാസന കൗൺസിൽ ഭാരവാഹികൾ,  ഫെഡറൽ ഗവണ്മെന്റ് എംപിമാർ, സ്റ്റേറ്റ് ഗവണ്മെന്റ് എംപിമാർ, വിവിധ സിറ്റി കൗൺസിലർമാർ, സഹോദരി സഭകളിലെ വൈദീകർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .  

 

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എംപി യുടെ ആശംസാ സന്ദേശം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി മെമ്പർ റോബിൻ ജോൺ മുരീക്കൽ വായിച്ച . ദൈവാലയ നിർമാണത്തിന് ഭാഗവാക്കുകളായ ഇടവകയിലെ എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ക്വിൻസ്‌ലാൻഡ് പ്രീമിയർ അനസ്‌റ്റീഷ്യ പാലുഷേയും ആശംസാ സന്ദേശം അയച്ചിരുന്നു .

 

ട്രസ്റ്റി ജോബിൻ ജേക്കബ് അവതരിപ്പിച്ച വിശ്വാസ പ്രഖ്യാപനം ഇടവകയ്ക്ക് പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും അരക്കിട്ടുറപ്പിക്കുന്നതായി .സെക്രട്ടറി ഷിബു എൽദോ തേലക്കാട്ട് , ഇടവകയുടെ ആദ്യ സെക്രട്ടറി ജോയ് മാത്യു എന്നിവർ പ്രസംഗിച്ചു . നിർമാണത്തിന് ചുക്കാൻ പിടിച്ച കോപ്ലാന്റ് ബിൽഡേർസിന്‌ ഇടവകയുടെ സ്നേഹോപഹാരം കൈമാറി . ദൈവാലയ നിർമാണത്തിന് കഠിനാധ്വാനം ചെയ്ത എല്ലാ ബിൽഡിങ് കമ്മിറ്റി അംഗങ്ങളെയും മുൻ ഭാരവാഹികളെയും ആദരിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് റോയ് മാത്യു കൃതജ്ഞത അർപ്പിച്ചു .

 

ക്വിൻസ്‌ലാൻഡ് സംസ്ഥാനത്തിലെ സുറിയാനി സഭയുടെ ആദ്യ ഇടവകയായ ദൈവാലയം 1.05 ഏക്കർ സ്ഥലത്തു പാഴ്സനേജ് , മീറ്റിങ് റൂംസ്, പേരന്റസ് റൂം , കാർ പാർക്കിങ് തുടങ്ങി എല്ലാവിധ അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ്  നിർമിച്ചിരിക്കുന്നത് . ബ്രിസ്‌ബേൻ നഗരത്തിൽ നിന്നും വെറും 25 കിലോമീറ്റർ മാത്രം അകലെ ഹിൽക്രെസ്റ്റിൽ ആണ് ദൈവാലയം സ്ഥിതി ചെയ്യുന്നത് .

 

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ‌നടത്തിയ ചടങ്ങുകൾക്ക് വിവിധ സബ് കമ്മിറ്റികളുടെ കോഓർഡിനേറ്റർമാരായ ഷിബു പോൾ, എൽദോസ് പോൾ , ബിജു ജോസഫ് , ഷാജി മാത്യു , ബേസിൽ ജോസഫ് , ജോൺസൻ വർഗീസ് , റോയ് മാത്യു , ബെനു ജോർജ് , സുനിൽ തോമസ് എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com