ADVERTISEMENT

മെല്‍ബണ്‍∙ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി നൽകി പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ ആദരിച്ചു. സഭക്ക് നൽകിയ സമഗ്രമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ചാപ്ലിയന്‍ ഓഫ് ഹിസ് ഹോളിനെസ് എന്ന വിഭാഗത്തിലെ മോണ്‍സിഞ്ഞോര്‍ പദവി നൽകിയിരിക്കുന്നത്. സഭക്കും പ്രത്യേകിച്ച് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതക്കും വേണ്ടി അച്ചന്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ സേവനങ്ങളുടെ പശ്ചാത്തലത്തില്‍, മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവിന്‍റെ അഭ്യർഥനപ്രകാരമാണ് പരിശുദ്ധ പിതാവ്, ഫ്രാന്‍സിസ് കോലഞ്ചേരി അച്ചന് മോണ്‍സിഞ്ഞോര്‍ പദവി നൽകിയിരിക്കുന്നത്.

 

father-francis2

എറണാകുളം-അങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകാഗംമായ ഫാദര്‍ ഫ്രാന്‍സിസ് പരേതരായ കോലഞ്ചേരി വറിയതിന്‍റെയും മേരിയുടെയും ഇളയമകനാണ്. തൃക്കാക്കര സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് മേജര്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കിയ അച്ചന്‍ 1979 ഡിസംബര്‍ 22നാണ് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് വൈദിക പട്ടം സ്വീകരിക്കുന്നത്. ഞാറയ്ക്കല്‍ ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായും തിരുഹൃദയക്കുന്ന് ഇടവകയില്‍ വികാരിയായും തുടര്‍ന്ന് അതിരൂപതയിലെ സോഷ്യല്‍ സര്‍വ്വീസ് വിഭാഗത്തിന്‍റെ ഡയറക്ടര്‍ ആയും സേവനം അനുഷ്ഠിച്ചു. 

father-franciss

 

അസോസിയേഷന്‍ ഫോര്‍ ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളയുടെ സ്ഥാപക പ്രസിഡന്‍റ്, കേരള കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും അച്ചന്‍ വഹിച്ചിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ സേവ് എ ഫാമിലി പ്ലാന്‍ ഇന്‍ഡ്യ ഘടകത്തിന്‍റെ എക്സിക്യൂട്ടിവ്  ഡയറക്ടറായി നാലു വര്‍ഷവും അച്ചന്‍ സേവനം ചെയ്തു. അഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ അജപാലന ശുശ്രൂഷ നിര്‍വ്വഹിച്ച ഫാദര്‍ ഫ്രാന്‍സിസ് 2006 മുതല്‍ കാന്‍ബറ രൂപതയുടെ കത്തീഡ്രലായ സെന്‍റ് ക്രിസ്റ്റഫര്‍ പാരീഷിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ ആയി ഓസ്ട്രേലിയയില്‍ സേവനം ആരംഭിച്ചു. 2010 ലാണ് ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിയെ ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സമൂഹത്തിന്‍റെ നാഷണല്‍ കോര്‍ഡിനേറ്ററായി സിറോ മലബാര്‍ സിനഡ് നിയമിക്കുന്നത്. 

 

2013 ഡിസംബര്‍ 23 ന് ഇന്ത്യക്ക് പുറത്ത് രണ്ടാമതായി മെല്‍ബണ്‍ സിറോ മലബാര്‍ രൂപത പ്രഖ്യാപിച്ചപ്പോള്‍ അച്ചനെ രൂപതയുടെ പ്രഥമ വികാരി ജനറലായും നിയമിച്ചു. ഒരു വര്‍ഷത്തോളം ഫാദര്‍ ഫ്രാന്‍സിസ് കത്തീഡ്രല്‍ ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചു. ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സമൂഹത്തിന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോള്‍ ഓസ്ട്രേലിയയിലെ വിവിധ സിറോ മലബാര്‍ സമൂഹങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന് അച്ചന്‍ അക്ഷീണം പ്രയത്നിച്ചു. ഓസ്ട്രേലിയയില്‍ സിറോ മലബാര്‍ രൂപത രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ അച്ചന്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. ഓസ്ട്രേലിയയിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാര്‍ത്തിരിക്കുന്ന സിറോ മലബാര്‍ വിശ്വാസികളെ ഒരുമിപ്പിച്ച് മിഷനുകള്‍ക്കും ഇടവകകള്‍ക്കും രൂപം കൊടുക്കാന്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബോസ്കോ പുത്തൂര്‍ പിതാവിനോട് ചേര്‍ന്ന് നിന്നുകൊണ്ട് ബഹുമാനപ്പെട്ട ഫ്രാന്‍സിസ് അച്ചന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

 

 

മെല്‍ബണ്‍ സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ ദുക്റാന തിരുന്നാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്കും റാസ കുര്‍ബാനക്കും ശേഷം നടന്ന ലളിതമായ ചടങ്ങില്‍ കത്തീഡ്രല്‍ വികാരിയും രൂപത കണ്‍സല്‍റ്റേഴ്സ് മെംബറും എപ്പിസ്കോപ്പല്‍ വികാരിയുമായ ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍ സ്വാഗതം ആശംസിച്ചു. മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിയെ മോണ്‍സിഞ്ഞോര്‍ പദവിയുടെ ചിഹ്നമായ ചുവപ്പു നിറത്തിലുള്ള അരപ്പട്ട അണിയിക്കുകയും നിയമനപത്രം നല്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷം വികാരി ജനറാള്‍ എന്ന നിലയില്‍ ശ്രദ്ധാര്‍ഹമായ സേവനങ്ങളായിരുന്ന് ബഹുമാനപ്പെട്ട ഫ്രാന്‍സിസ് അച്ചന്‍ രൂപതക്ക് നല്കിയത് എന്ന് അച്ചനെ അഭിനന്ദിച്ചുകൊണ്ട് പിതാവ് പറഞ്ഞു. ഹ്യും കൗണ്‍സില്‍ മേയറും മെല്‍ബണ്‍ അസ്സിറിയന്‍ ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ് സഭാംഗവുമായ മേയര്‍ ജോസഫ് ഹവീല്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കഴിഞ്ഞ 41 വര്‍ഷം ഈശോയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഒരു വൈദിക ജീവിതം നയിക്കാന്‍ തന്നെ അനുഗ്രഹിച്ച ദൈവത്തോടും മോണ്‍സിഞ്ഞോര്‍ പദവിക്കായി പരിശുദ്ധ പിതാവിനോട് അഭ്യർഥിച്ച ബോസ്കോ പിതാവിനോടും നന്ദി പറയുന്നുവെന്ന് ആശംസകള്‍ക്ക് കൃതഞ്ജത രേഖപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് അച്ചന്‍ പറഞ്ഞു. മെല്‍ബണ്‍ രൂപതയില്‍ തന്നോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ വൈദികരെയും, രൂപതയിലെ വിശ്വാസി സമൂഹത്തെയും, എറണാകുളം-അങ്കമാലി അതിരൂപതയിലെ പിതാക്കന്മാരെയും വൈദികരെയും, നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ഈ പദവി മെല്‍ബണ്‍ സിറോ മലബാര്‍ രൂപതക്ക് ലഭിച്ച അംഗീകാരമാണെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസജീവിതത്തില്‍ തന്നെ ഒത്തിരി സഹായിച്ചിട്ടുള്ളڔപരേതരായ തന്‍റെڔമാതാപിതാക്കള്‍ക്കും നാട്ടിലുള്ള സഹോദരങ്ങള്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു. കത്തീഡ്രല്‍ ഇടവക എസ്.എം.വൈ.എം കോര്‍ഡിനേറ്റര്‍ മെറിന്‍ എബ്രഹാം ഫ്രാന്‍സിസ് അച്ചനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം വായിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, കത്തീഡ്രല്‍ ഇടവക കൈക്കാരാന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ് എന്നിവര്‍ ചേര്‍ന്ന് അച്ചന് ബൊക്കെ നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com