ADVERTISEMENT

നുർ സുൽത്താൻ ∙ അവധിക്ക് നാട്ടിലെത്തി മാസങ്ങളായിട്ടും തിരിച്ചു പോകാനാകതെ പ്രതിന്ധിയിൽ കഴിയുന്ന പ്രവാസികൾ നിരവധിയാണ്. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയപ്പോൾ പ്രവാസികള്‍ കൂട്ടിലകപ്പെട്ട അവസ്ഥയിലായി. സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന ഇവരിൽ ഭൂരിഭാഗത്തിനും തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയും ഉണ്ട്. ചിലരുടെ വീസ കാലവധിയും കഴിയാറായി.

കുമരകം സ്വദേശിയായ അർജുൻ കൃഷ്ണൻ തൊഴിലിടത്തിലേക്കു മടങ്ങാനാകതെ കാത്തിരിപ്പു തുടരുകയാണ്. കസഖ്സ്ഥാനിൽ ജോലി ചെയ്യുന്ന അർജുൻ  മാർച്ച് അവസാനമാണ് നാട്ടിലെത്തിയത്. മേയിൽ മടങ്ങി പോകേണ്ടാതയിരുന്നു. ടിക്കറ്റ് ലഭിച്ചെങ്കിലും വിമാനം റദ്ദാക്കിയതിനാൽ തിരികെ പോകാൻ സാധിച്ചില്ല. കസഖ്സ്ഥാൻ അതിർത്തി അടച്ചതോടെ മൂന്നു തവണ ടിക്കറ്റ് എടുത്തെങ്കിലും മടക്കം സാധ്യമായില്ല. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ കസഖ്സ്ഥാൻ ഇന്ത്യക്കാർക്കു പ്രവേശന വിലക്കേർപ്പെടുത്തുകയായിരുന്നു.

അടുത്തു തന്നെ കസഖ്സ്ഥാൻ ഇന്ത്യക്കാർക്കായി വാതിൽ തുറക്കുമെന്ന വിശ്വാസത്തിലാണ് അർജുൻ. ഇന്ത്യൻ എംബസിയും ഇതിനായി ശ്രമിക്കുന്നുണ്ട്. കസഖ്സ്ഥാനിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളും പ്രവാസികൾക്കൊപ്പം പ്രതിസന്ധിയിലായി. കസഖ്സ്ഥാൻ വിദേശമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈ പ്രവാസി. മെഡിക്കൽ രംഗത്തും ഹോട്ടൽ വ്യവസായ രംഗത്തും നിരവധി ഇന്ത്യക്കാർകസഖ്സ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. 

ശമ്പളം ഇല്ലെങ്കിലും ജോലി നഷ്ടപ്പെട്ടിട്ടില്ല എന്നാ ആശ്വാസമുണ്ട്. കമ്പനി അധികൃതർ ബന്ധപ്പെടുന്നുണ്ട്. വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കമ്പനി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ കോവിഡ് സ്ഥിതിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഉടൻ തന്നെ തിരിച്ചു പോകാം എന്ന പ്രതീക്ഷയിലാണ് അർജുൻ.

കസഖ്സ്ഥാനിൽ ജോലി ചെയ്യുന്ന ‍ടോജിക്ക് പറയാനുള്ളത് 

അവധികഴിഞ്ഞ് കസഖ്സ്ഥാനിലേക്കു മടങ്ങിയെങ്കിലും വിമാനത്താവളത്തിൽ നിന്നു ക്ലിയറൻസ് ലഭിക്കാത്തതിനാൽ നാട്ടിലേക്കു തിരിച്ചു പോരേണ്ടി വന്നു ചങ്ങനാശേരി തൃക്കോടിത്താനം സ്വദേശിയായ ടോജിക്ക്. ജൂൺ ആറിനാണ് ടോജി ഡൽഹി വിമാനത്താവളത്തിൽ നിന്നും അവധി കഴിഞ്ഞ് കസഖ്സ്ഥാനിലേക്കു തിരിച്ചത്. ഡൽഹിയിൽ നിന്നു തഷ്കന്റ് എയർപോർട്ടിലെത്തി അവിടെ നിന്നും കസഖ്സ്ഥാനിലെ അസ്താന എയർപോർട്ടിൽ എത്തിയെങ്കിലും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ സാധിച്ചില്ല. 

ഇന്ത്യയിൽ കോവിഡ് അതി രൂക്ഷമായാതിനാൽ കടത്തിവിടനാകില്ല എന്നായിരുന്നു അധികൃതർ അറിയിച്ചത്. ടോജിയെ കൂടാതെ മൂന്ന് ഇന്ത്യക്കാർ കൂടി വിമാനത്തിൽ ഉണ്ടായിരുന്നു. കസഖ്സ്ഥാനിൽ എംബിബിഎസിന് പഠിക്കുന്ന കശ്മീർ സ്വദേശിയായ വിദ്യാർഥി ഉൾപ്പെടെയുള്ളവരെയാണു വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്. ഒരാൾ മലപ്പുറം സ്വദേശിയായിരുന്നു. ഡൽഹിയിൽ നിന്നുള്ളവരായിരുന്നു മറ്റു രണ്ടു പേർ. ഔദ്യോഗികമായി ഇന്ത്യക്കാർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. എങ്കിൽ ഡൽഹിയിൽ നിന്നും യാത്രപുറപ്പെടില്ലായിരുന്നു എന്ന് ടോജി പറയുന്നു.

ജൂൺ ആറിന് കസഖ്സ്ഥാനിലേക്കു പോയ ടോജി തിരികെ എത്തുന്നത് പതിനൊന്നാം തീയതിയാണ്. രണ്ടു ദിവസം തഷ്കന്റ് വിമാനത്താവളത്തിലും രണ്ടു ദിവസം അസ്താന വിമാനത്താവളത്തിലും കഴിയേണ്ടി വന്നു. എയർപോർട്ടിലെ ഉദ്യോഗസ്ഥർ ബാഗേജ് എടുത്തു തന്നതിനാൽ ആഹാരത്തിന് ബുദ്ധിമുട്ടുട്ടായില്ല. അസ്താന എയർപോർട്ടിൽ അരലിറ്റർ വെള്ളം വാങ്ങാൻ മൂന്നു ഡോളർ നൽകണം. ആ വില താങ്ങാൻ പറ്റുന്നതായിരുന്നില്ല. ബുദ്ധിമുട്ട് അറിയിച്ചപ്പോൾ എയർപോർട്ടിലെ ജീവനക്കാർ വെള്ളം ലഭ്യമാക്കി. എയർപോര്‍ട്ട് ജീവനക്കാരോട് സംസാരിക്കാൻ ഭാഷ തടസമായെന്നും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു ഇതെന്നും കഴിഞ്ഞ 18 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ‍ടോജി പറയുന്നു.

English Summary: Expatriates from kazakhstan in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com