ADVERTISEMENT

ടോക്കിയോ ∙ ഓലക്കുടയും കുടവയറും കൊമ്പൻ മീശയുമായി ആഡംബര കാറിൽ പാഞ്ഞ മാവേലിയെ കണ്ട് ജപ്പാൻകാർ അന്തംവിട്ടു. പാൽപ്പായസവും ഉപ്പേരിയുമടക്കം ഓണസമ്മാനങ്ങളുമായി തങ്ങളുടെ വീടിന്റെ അകത്തളങ്ങളിലേക്ക് എഴുന്നള്ളിയ മഹാബലിത്തമ്പുരാനെക്കണ്ട് ടോക്കിയോ മലയാളികൾ ആഹ്‌ളാദിച്ചു. കഥകൾ പറഞ്ഞും ഓണപ്പാട്ടുകൾ പാടിയും അവർ കോവിഡ് മഹാമാരിയുടെ സങ്കടങ്ങളും നഷടങ്ങളും മറന്നു ചിരിച്ചു. ജപ്പാനിലെ മലയാളി കൂട്ടായ്മയായ നിഹോൺ കൈരളി സംഘടിപ്പിച്ച ഓണാഘോഷം തികച്ചും വ്യത്യസ്തമായി.

japan-nihon-kairali-onam-celebration

ഇക്കുറി കോവിഡ് നിയന്ത്രണങ്ങൾ മൂലം പതിവ് ഓണാഘോഷവും ഓണസദ്യയും നടത്താൻ സാധിച്ചില്ല. ഒരുമിച്ചുള്ള ഓണസദ്യ ആസാധ്യമായെങ്കിലും മാവേലിക്ക് മലയാളികളെ കാണാതിരിക്കാനാകില്ലല്ലോ. ജപ്പാനിൽ മാവേലി കാറിൽ കയറി പ്രജകളെ കാണാൻ മലയാളി വീടുകളിൽ എത്തി. മാതാപിതാക്കളിൽ നിന്ന് കേട്ടും യുട്യൂബിൽ കണ്ടും മാത്രം പരിചയമുള്ള മഹാബലി രാജനെ വീട്ടുപടിക്കൽ കണ്ട ആശ്ചര്യം കുട്ടികളുടെ കണ്ണിൽ കാണാമായിരുന്നു. 

പാൽപായസവും മാവേലി കൂടെക്കൊണ്ടുവന്നു. കോവിഡിൽ കുരുങ്ങി ഓണാഘോഷം മുടങ്ങിയതിന്റെ സങ്കടം പാൽപ്പായസത്തിന്റെ മധുരത്തിൽ അലിയിച്ചതിന്റെ സന്തോഷത്തിലാണ് നിഹോൺ കൈരളി പ്രവർത്തകർ. ഒപ്പം പിറന്ന നാടിന്റെ മനോഹരമായ പൈതൃകം പുതു തലമുറയ്ക്കു പകർന്നു നൽകാൻ സാധിക്കുന്ന ഓണനാളുകളിൽ അതിനുള്ള അവസരം നഷ്ടമാകാതിരുന്നതിന്റെ ആഹ്ലാദത്തിലും.

japan-nihon-kairali-onam-celebration1

നിഹോൺ കൈരളി എല്ലാവർഷവും ജപ്പാനിൽ വിപുലമായ ഓണാഘോഷവും സദ്യയും സംഘടിപ്പിക്കാറുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വേദിയിലേക്കാണ് മാവേലി എഴുന്നള്ളുക. ഇക്കുറി ആഘോഷം ഒഴിവാക്കിയപ്പോൾ മാവേലിയെ വീടുകളിലേക്ക് എഴുന്നള്ളിക്കാൻ തീരുമാനിക്കുകയായിരുന്നു. പൂക്കളവും പൂവിളികളുമായി മലയാളികൾ മാവേലിയെ വീടുകളിൽ സ്വീകരിച്ചു. ഒന്നിച്ച് സെൽഫിയെടുത്തു. കുട്ടികൾ മാവേലിയുടെ കുടവയറിൽ തൊട്ടു രസിച്ചു. വീടുകളിൽ പ്രത്യേക ഓണവിഭവങ്ങളും ഒരുക്കി.

ടോക്കിയോ ഭാഗത്തും കവസാക്കി ഭാഗത്തുമായി രണ്ട് മാവേലിമാർ വീടുകയറി. നിഹോൺ കൈരളി പ്രവർത്തകരായ ശൈലേഷ് ടോക്കിയോ ഭാഗത്തും വി.എം. അരുൺ കവസാക്കി ഭാഗത്തും മാവേലിയായി. നൂറ്റി ഇരുപതോളം പ്രജകളെ നേരിട്ടെത്തി കണ്ട സന്തോഷത്തിലാണ് ജപ്പാൻ മാവേലി. മുൻകൂട്ടി അറിയിച്ച ഇരുപത്തഞ്ചോളം വീടുകളിൽ മാവേലി എത്തി. ഓരോലീറ്റർ പാൽപ്പായസം സമ്മാനമായി നൽകി. വീട്ടുകാർ വിളമ്പിയ പരിപ്പുവടയും അച്ചപ്പവും നാടൻ ചായയും കഴിച്ച് മാവേലിമാരുടെ വയർ നിറഞ്ഞു.

35 വർഷം മുമ്പ് രൂപീകൃതമായ ജപ്പാൻ മലയാളി കൂട്ടായ്മയായ നിഹോൺ കൈരളി ഇത് ആദ്യമായാണ് മാവേലിയെ വീടുകളിൽ എത്തിക്കുന്നത്. മാവേലിയെ അണിയിച്ചൊരുക്കാനും കാറിൽ കയറ്റി വീടുകളിൽ എത്തിക്കാനും മൽസരമായിരുന്നു. വഴിയിൽ കണ്ട ജപ്പാൻകാർക്കും മാവേലി ഓണാശംസ നേർന്നു. മാവേലിയുടെ വേഷഭൂഷാദികൾ അവർക്ക് അവർ കണ്ണ് മിഴിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഒറ്റപ്പെടലും ഞെരുക്കങ്ങളുമായി കഴിയുന്ന ജപ്പാനിലെ കൊച്ചു മലയാളി സമൂഹത്തിന് സന്തോഷത്തിന്റെ ഓണനാളുകൾ സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് നിഹോൺ കൈരളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com