ADVERTISEMENT

മെൽബൺ ∙ മലങ്കര സഭയേയും സഭാമക്കളേയും തന്റെ പ്രാണനെപ്പോലെ സ്നേഹിക്കുകയും സത്യവിശ്വാസ പാതയിൽ നടത്തുവാൻ എന്നും ഉത്സുകനായിരിക്കുകയും അശരണർക്കും പാവപ്പെട്ടവർക്കും താങ്ങും തണലുമായി നിന്ന് പ്രവർത്തിക്കുകയും ചെയ്ത നല്ല ഇടയൻ ആയിരുന്നു കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകുന്നേരം നടന്ന പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുസ്മരണ സമ്മേളനം (സൂം മീറ്റിംഗ്) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാർഥനാ ഗാനത്തിനു ശേഷം ഇടവക സെക്രട്ടറി ജിബിൻ മാത്യുവിന്റെ ആമുഖ വിവരണത്തോടെ ആരംഭിച്ച യോഗത്തിൽ വികാരി ഫാ.സാം ബേബി അധ്യക്ഷനായിരുന്നു. ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ആഗ്ലിക്കൻ സഭയുടെ മെൽബൺ ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ഫിലിപ്പ് ഫ്രയർ എന്നിവരുടെ അനുസ്മരണ പ്രഭാഷണങ്ങൾക്കു ശേഷം പരിശുദ്ധ ബാവാ തിരുമേനിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഫാ. തോമസ് പി. സഖറിയാ ബാവാ തിരുമേനിയെ അനുസ്മരിച്ച് പ്രസംഗിച്ചു.

മേങ്ങ് ഹേങ്ങു് ടാക് (എംപി, ക്ലാരിന്റ), ഫാ. ഡാനിയേൽ ഗബ്രിയേൽ (കോപ്റ്റിക് ഓർത്തഡോക്സ് സഭ), ഫാ. ഫികർ ഹെയ്ലി മീഖായേൽ (എത്യോപ്യൻ ഓർത്തഡോക്സ് സഭ), ഫാ. ഷിനു കെ.തോമസ് (മുൻ വികാരി), ഫാ. ഫ്രെഡി ഇലവത്തിങ്കൽ (കാത്തലിക് ചർച്ച് ), ഫാ.കുര്യൻ പീറ്റർ (സിഎസ്ഐ സഭ), ഫാ. ഫെർഡിനാന്റ് പത്രോസ് (മുൻ അസ്സി.വികാരി), ഇടവകക്കു വേണ്ടി തമ്പി സി.ചെമ്മനം (മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ മെമ്പർ) എന്നിവരും പരിശുദ്ധ ബാവായെ അനുസ്മരിച്ച് സംസാരിച്ചു.

ലിഷാ റെനിലും സൺഡേ സ്കൂൾ കുട്ടികളും ഗാനങ്ങൾ ആലപിച്ചു. ട്രസ്റ്റി എബ്രാഹം പി.ജോർജ് സ്വാഗതവും സെക്രട്ടറി ജിബിൻ മാത്യൂ നന്ദിയും ഫാ. ഷിനു കെ.തോമസ് സമാപന പ്രാർഥനയും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com