ADVERTISEMENT

സിഡ്നി ∙ കോവിഡിന്റെ ആദ്യതരംഗത്തെ ഓസ്‌ട്രേലിയ വളരെ സ്തുത്യർഹമായി നേരിട്ട് വിജയം കൈവരിച്ചു എന്നത് ലോകം അംഗീകരിച്ച കാര്യമാണ്. 2020 സെപ്റ്റംബർ മുതൽ 2021 ജൂൺ വരെയുള്ള കാലത്ത് ഓസ്‌ട്രേലിയയിൽ കാര്യമായ രോഗ വ്യാപനമോ മരണമോ ഉണ്ടായില്ല എന്നതിനാൽ ആ കാലമത്രയും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് മോചിതമായ സ്വതന്ത്ര ജീവിതം നയിക്കുവാൻ ജനങ്ങൾക്കായി എന്നത് ശ്രദ്ധേയമായ നേട്ടമാണ്.

എന്നാൽ, 2021 ജൂലൈ മാസമായപ്പോഴേക്ക് ഈ രാജ്യത്തെ കോവിഡ് സാഹചര്യം വളരെ വേഗം, വലിയ തോതിൽ വഷളായി. ദിവസേന ഇരുപതിലും  മുപ്പതിലുമൊക്കെ  തുടങ്ങിയ രോഗ വ്യാപനം ഇപ്പോൾ ന്യു സൗത് വെയ്ൽസിൽ 1700കളിലും വിക്ടോറിയായിൽ ഇരുനൂറുകളിലും ഏത്തി നിൽക്കുന്നു എന്നത് ആശങ്കാജനകമാണ്. ആശുപത്രി അഡ്മിഷനുകളും മരണ നിരക്കും താരതമ്യേന കുറവാണെന്നതും മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ വ്യാപനം ഇല്ല എന്നതും ആശ്വാസകരമാണ്. ഇപ്പോൾ കൂടുതൽ വ്യാപനമുള്ള രണ്ട് സംസ്ഥാനങ്ങളിൽ വരും മാസങ്ങളിൽ അത്  ഉയർന്ന തോതിൽ വർദ്ധിക്കുമെന്നും ഒക്ടോബർ മാസത്തിൽ മൂർധന്യത്തിൽ എത്തുമെന്നും ആരോഗ്യ വിദഗ്ധർ കണക്കു കൂട്ടുന്നു.

കോവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റി പ്രശംസനീയമായ രീതിയിൽ അതിനെ നേരിട്ട ഓസ്ട്രേലിയൻ ഭരണാധികാരികൾക്ക് രണ്ടാം തരംഗത്തെ ചെറുക്കുന്നതിൽ ഉണ്ടായ പരാജയത്തിന് പ്രധാനമായും രണ്ട് മുന്ന് കാരണങ്ങളാണുള്ളത്. ആദ്യ തരംഗം വിജയകരമായി നേരിട്ടതിന്റെ ആലസ്യത്തിൽ നിന്ന് ഉണരുന്നതിനു മുൻപേ കൂടുതൽ അപകടകാരിയായ ഡെൽറ്റ വകഭേദം പെട്ടെന്ന് ഇവിടെയെത്തി എന്നതാണ് ഇപ്പോഴത്തെ ശോചനീയ അവസ്ഥയ്ക്ക് തുടക്കം കുറിച്ചത്. ന്യു സൗത് വെയ്ൽസിലെ സമ്പന്ന വർഗ്ഗം വസിക്കുന്ന ബോണ്ടായ് ബീച്ച് ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലാണ് ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്. നിലവിലുള്ള സർക്കാരിന്റെ ചില സ്ഥാപിത താൽപര്യങ്ങൾ കാരണം ആ മേഖലയിൽ തക്ക സമയത്ത് ലോക് ഡൗൺ  ഏർപ്പെടുത്തിയില്ല എന്നതാണ് അവിടെ നിന്ന് മധ്യവരുമാനക്കാരായ കുടിയേറ്റ സമൂഹം അധികമായി ജീവിക്കുന്ന സിഡ്‌നിയുടെ പടിഞ്ഞാറൻ മേഖലയിലേക്ക്  രോഗം അതി വേഗം വ്യാപിച്ചത് എന്നതാണ് വസ്തുത. ഇതിനെക്കുറിച്ച് പത്രലേഖകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുന്ന നിലപാടാണ് ന്യു സൗത് വെയ്ൽസ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. 

വാക്സീൻ വിതരണത്തിൽ ഉണ്ടായ ദീർഘവീക്ഷണമില്ലായ്മയും, മണ്ടത്തരങ്ങളുമാണ് ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ നിർമ്മിക്കപ്പെട്ട ആസ്‌ട്രാ സെനിക്കയും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഫൈസറുമാണ് ഓസ്‌ട്രേലിയയിൽ ഉപയോഗിക്കപ്പെടുന്ന വാക്‌സീനുകൾ. വാക്സീൻ വിതരണത്തിന്റെ തുടക്കത്തിൽ സ്വദേശ നിർമ്മിതമായ ആസ്ട്ര സെനിക്കയെ വൻ തോതിൽ പ്രൊമോട്ട് ചെയ്യാൻ ബിസിനസ് താൽപര്യങ്ങൾ കാരണം ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ആസ്ട്ര സെനിക്കയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്ന ചില വാർത്തകൾ ഒരു നല്ല ശതമാനം ജനങ്ങളെ ആശങ്കയിലാഴ്ത്തി. ആയതിനാൽ അർഹരായ മുപ്പതു ശതമാനത്തോളം ആളുകൾ ഈ വാക്സീൻ സ്വീകരിക്കുന്നതിൽ വിമുഖത കാട്ടി. 

ഭൂരിഭാഗം ജനങ്ങളും ഫൈസർ വാക്സീൻ എടുക്കാൻ താൽപര്യമുള്ളവരാണെന്ന് മനസ്സിലാക്കിയ സർക്കാർ അത് വൻതോതിൽ ലഭ്യമാക്കാൻ നടപടി ആരംഭിച്ചത് കുറച്ചു വൈകിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു. തുടക്കത്തിൽ തന്നെ അർഹരായവർക്ക് രണ്ട് വാക്സീനുകളും ലഭ്യമാക്കുകയും , ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തിരുന്നെങ്കിൽ ഒക്ടോബർ മാസത്തോടെ സർക്കാർ പ്രതീക്ഷിക്കുന്ന എഴുപതു ശതമാനം വിതരണം എന്ന ലക്ഷ്യം ജൂൺ ജൂലൈ മാസങ്ങളിൽ തന്നെ സാധ്യമായേനെ എന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ഇപ്പോൾ കാണപ്പെടുന്ന രോഗവ്യാപനത്തിന്റെ തോത് കാര്യമായി കുറയ്ക്കാൻ സാധിക്കുമായിരുന്നുവെന്നും അവർ ചുണ്ടിക്കാണിക്കുന്നു.

വിദേശ രാജ്യങ്ങളിൽ നിന്ന് ധാരാളമായി എത്തിക്കൊണ്ടിരുന്ന ഓസ്ട്രേലിയക്കാർക്ക് നൽകിയിരുന്ന ക്വാറന്റീൻ സൗകര്യങ്ങളുടെ അപര്യാപ്തതയും ആ രംഗത്തുണ്ടായ വീഴ്ചകളും രണ്ടാം തരംഗ പരാജയത്തിന്റെ മറ്റൊരു കാരണമായി കണക്കാക്കപ്പെടുന്നു. ഇത്തരം അപര്യാപ്‍ തതകളും വീഴ്ചകളും പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഓസ്ട്രേലിയൻ ഭരണാധികാരികൾ.

കോവിഡ് 19 പ്രതിരോധ പ്രക്രിയയിൽ കേരളവും ന്യുസൗത് വെയ്ൽസും തമ്മിൽ ചെറിയ സാദൃശ്യം ഉള്ളതായി തോന്നുന്നു. ആദ്യ തരംഗത്തിൽ രോഗ വ്യാപന നിരക്ക് കുറവായതിനാൽ പ്രതിരോധത്തിൽ എളുപ്പത്തിൽ വിജയം കൈവരിക്കാൻ രണ്ടു  സർക്കാരുകൾക്കും അനായേസേന സാധിച്ചു. ലോക മാധ്യമങ്ങളിൽ ശ്രദ്ധ നേടി. പക്ഷേ, കൂടുതൽ രൂക്ഷമായി ആഞ്ഞടിച്ച രണ്ടാം  തരംഗത്തിനു മുൻപിൽ രണ്ട് സർക്കാരുകളും പകച്ചു നിന്ന് പോയി എന്നു പറയേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ രോഗവ്യാപനം ഭൂരിഭാഗവും കേരളത്തിൽ ആണെന്നതുപോലെ ഓസ്ട്രേലിയയിലെ രോഗവ്യാപനം ഭൂരിഭാഗവും ന്യു സൗത് വെയ്ൽസിലാണെന്ന കാര്യത്തിലും ഈ സാദൃശ്യം പ്രകടമാണ്. എന്നാൽ, ദിവസേനയുള്ള രോഗികളുടെ എണ്ണത്തിന്റെ  കാര്യത്തിലും, ആശുപത്രി അഡ്മിഷന്റെ കാര്യത്തിലും കേരളവും ന്യുസൗത് വെയ്ൽസും തമ്മിൽ നിർണ്ണായകമായ വ്യത്യാസമുണ്ടെന്ന വസ്തുത വിസ്മരിക്കാനാവില്ല.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധത്തിലും വാക്സീൻ വിതരണത്തിലുമൊക്കെ വന്ന പിഴവുകൾ മനസ്സിലാക്കിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവ പരിഹരിക്കാനുള്ള സത്വര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളുന്നു എന്നത് പ്രതീക്ഷയ്ക്കു വക നൽകുന്നു. ക്രിസ്തുമസ് കാലമാകുമ്പോഴേക്ക് ഭൂരിഭാഗം ഓസ്ട്രേലിയക്കാർക്കും രണ്ടു ഡോസ് വാക്സീൻ ലഭ്യമാകുമെന്നും ഇപ്പോൾ നിലവിലുള്ള ലോക് ഡൗണിന്റെ കർക്കശ നിയന്ത്രണങ്ങൾ മാറി ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരുമെന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് ഓസ്ട്രേലിയൻ ജനത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com